വനിത ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 157 റൺസ് ലീഡ്

New Update
j

മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിത ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്. രണ്ടാം ദിനം കളിനിർത്തുമ്പോൾ ഒന്നാമിന്നിങ്സിൽ ഏഴിന് 376 എന്ന നിലയിലാണ് ഇന്ത്യൻ വനിതകൾ. ആസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 219 റൺസിന് പുറത്തായിരുന്നു.

Advertisment

ദീപ്തി ശർമയും (70) പൂജ വസ്ത്രാകറും (33) എട്ടാം വിക്കറ്റിൽ അപരാജിതമായി കുറിച്ച 102 റൺസാണ് രണ്ടാം ദിനത്തിന്റെ അവസാന സെഷനിൽ ആതിഥേയർക്ക് കരുത്തായത്.

നേരത്തേ, സീനിയർ താരം സ്മൃതി മന്ദാന 74ഉം മധ്യനിരയിൽ കരുത്തുകാണിച്ച ജെമിമ റോരഡിഗ്വസ് 73ഉം റൺസുമായി മികച്ചുനിന്നു. അരങ്ങേറ്റക്കാരി റിച്ച ഘോഷിന്റെ 52 റൺസും ഇന്ത്യൻ ഇന്നിങ്സിന് ഊർജമേകി. മൂന്നിന് 260 എന്ന നിലയിൽനിന്ന് ഏഴിന് 274ലേക്ക് പതിച്ച ഇന്ത്യക്ക് കുതിപ്പേകിയത് ദീപ്തിയും പൂജയുമായിരുന്നു. 147 പന്തിൽ ഒമ്പത് ഫോറടക്കമാണ് 70 റൺസുമായി ദീപ്തി തുടരുന്നത്. ആദ്യദിനം നാല് വിക്കറ്റ് വീഴ്ത്തിയ പൂജ ബാറ്റിങ്ങിലും തിളങ്ങുകയായിരുന്നു.

രാവിലെ ഒന്നിന് 98 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഒമ്പത് റൺസെടുത്ത സ്നേഹ് റാണയുടെ വിക്കറ്റ് ആദ്യം നഷ്ടമായി. നാലാം വിക്കറ്റിൽ റിച്ചയും ജെമീമയും 113 റൺസ് ചേർത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പൂജ്യത്തിന് മടങ്ങി. വിക്കറ്റ് കീപ്പർ - ബാറ്റർ യാസ്തിക ഭാട്യ ഒരു റൺസിലൊതുങ്ങി. ആസ്ട്രേലിയയുടെ ആഷ്ലെയ്ഗ് ഗാർനർ നാല് വിക്കറ്റ് വീഴ്ത്തി.

Advertisment