/sathyam/media/media_files/2025/11/03/2719583-team-india-2025-11-03-22-41-35.webp)
മുംബൈ: ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട് ചെയ്തു. പരസ്യങ്ങൾക്ക് ഉൾപ്പെടെ ഇനി താരങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
1983ൽ കപിൽ ദേവും സംഘവും ഇന്ത്യക്കായി ലോകകപ്പ് നേടിയതിനു സമാനമാണ് വനിത ടീമിന്‍റെ നേട്ടമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ടീമിലേക്ക് അവസാന രണ്ട് മത്സരങ്ങൾക്കായി അപ്രതീക്ഷിതമായെത്തിയ ഷഫാലി വർമ (ഫൈനലിലെ താരം),
ടൂർണമെന്‍റിലുടനീളം ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ (ടൂർണമെന്‍റിലെ താരം), ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം റൺസ് അടിച്ചെടുത്ത സ്മൃതി മന്ദാന, സെമിയിൽ ഓസീസ് പ്രതീക്ഷകൾ തച്ചുടച്ച ജെമീമ റോഡ്രിഗസ് എന്നിവരുടെയെല്ലാം പ്രകടനം ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായി.
ദീപ്തി ശർമ, ഷഫാലി, ജെമീമ എന്നിവരുടെ ബ്രാൻഡ് വാല്യു 20 മുതൽ 30 ശതമാനം വരെ ഉയരുമെന്ന് സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‌ലൈൻ വെഞ്ചേഴ്സിന്‍റെ സഹസ്ഥാപകൻ വിശാൽ ജയ്സന്‍ അഭിപ്രായപ്പെടുന്നു. പേഴ്സനൽ കെയർ, ഫാഷൻ പോലെ പതിവ് പരസ്യങ്ങളിൽ മാത്രമായി ഇനി ഇന്ത്യൻ താരങ്ങളെ ഒതുക്കാനാകില്ല. ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഇൻഷുറൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളിലൊക്കെയും പരസ്യങ്ങൾ ഇവരെ തേടിയെത്തും.
വനിത ക്രിക്കറ്റിന് ഒരു നാഴികക്കല്ലാണിത്. അവർക്കുണ്ടായ നേട്ടങ്ങൾ മാത്രമല്ല അതിന് കാരണം. ഈ നേട്ടത്തിൽ പ്രചോദനം ഉൾക്കൊണ്ട് അനേകം കുട്ടികൾ സ്പോർട്സിലേക്ക് വരും. സീനിയർ താരങ്ങളായ ക്യാപ്റ്റൻ ഹർമൻപ്രീതിന്‍റെയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും ബ്രാൻഡ് വാല്യു 35 ശതമാനം വരെ ഉയരും.
റിപ്പോർട്ടുകൾ പ്രകാരം 32 മുതൽ 35 കോടി രൂപവരെയാണ് സ്മൃതി മന്ദാനയുടെ ആസ്തി. ഹർമൻപ്രീതിന്‍റേത് 25 കോടിയും. അതേസമയം പുരുഷ താരങ്ങളിൽ ഒന്നാമതുള്ള വിരാട് കോഹ്ലിക്ക് കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 231 ദശലക്ഷം ഡോളറിന്‍റെ ബ്രാൻഡ് വാല്യുവുണ്ട്. 102.9 മില്യൻ ഡോളറാണ് എം.എസ്. ധോണിയുടെ ബ്രാൻഡ് വാല്യു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us