/sathyam/media/media_files/2025/08/25/indian-football-team-2025-08-25-23-39-53.jpg)
ന്യൂഡല്‍ഹി: കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടംപിടിച്ചു.
23 അംഗ സംഘത്തെയാണ് പരിശീലകന്‍ തിരഞ്ഞെടുത്തത്. 35 അംഗ പ്രാഥമിക സംഘത്തെ നേരത്തെ ഇന്ത്യന്‍ ക്യാംപിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് 23 താരങ്ങളെ അന്തിമ ടീമിലേക്ക് വിളിച്ചത്.
വിരമിച്ച ശേഷം വീണ്ടും തിരിച്ചെത്തിയ മുന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഛേത്രി ടീമില്‍ ഇല്ല. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് താരങ്ങളെ വിട്ടുകൊടുക്കാത്തതിനാല്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെയുള്ളവര്‍ ടീമില്‍ ഇടംപിടിച്ചില്ല.
പ്രതിരോധ താരം മുഹമ്മദ് ഉവൈസ്, മധ്യനിര താരം ആഷിഖ് കുരുണിയന്‍, ഫോര്‍വേഡ് ജിതിന്‍ എംഎസ് എന്നിവരാണ് ടീമില്‍ ഇടം കണ്ട മലയാളി താരങ്ങള്‍. മുഹമ്മദ് ഉവൈസ് ഇതാദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമാകുന്നത്.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലും മലയാളി സാന്നിധ്യമുണ്ട്. ടീമിന്റെ ഗോള്‍ കീപ്പര്‍ പരിശീലകന്‍ മലയാളിയായ ഫിറോസ് ഷെരീഫാണ്.
ഇന്ത്യയടക്കം എട്ട് ടീമുകളാണ് കാഫ നേഷന്‍സ് കപ്പില്‍ ഏറ്റുമുട്ടുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് പോരാട്ടം. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, തജികിസ്ഥാന്‍ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍. ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്ഥാന്‍, ഒമാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ ടീമുകളും മാറ്റുരയ്ക്കും.
ഗ്രൂപ്പ് ചാംപ്യന്‍മാരാകുന്ന ടീമുകള്‍ നേരിട്ട് ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. തജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് കാഫ നേഷന്‍സ് കപ്പ് അരങ്ങേറുന്നത്.
ഇന്ത്യന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരിന്ദര്‍ സിങ്, ഹൃതിക് തിവാരി.
പ്രതിരോധം: രാഹുല്‍ ഭകെ, റോഷന്‍ സിങ്, അന്‍വര്‍ അലി, സന്ദേശ് ജിങ്കാന്‍, ചിംഗല്‍സേന സിങ്, ഹമിങ്തന്‍മവിയ റാല്‍റ്റെ, മുഹമ്മദ് ഉവൈസ്.
മധ്യനിര: നിഖില്‍ പ്രഭു, സുരേഷ് സിങ് വാങ്ജം, ഡാനിഷ് ഫാറൂഖ് ഭട്ട്, ജീക്‌സന്‍ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ്, മഹേഷ് സിങ്.
മുന്നേറ്റം: ഇര്‍ഫാന്‍ യദ്‌വാദ്, മന്‍വിര്‍ സിങ് (ജൂനിയര്‍), ജിതിന്‍ എംഎസ്, ലാല്ലിയന്‍സുല ചാങ്‌തെ, വിക്രം പ്രതാപ് സിങ്.