ഐഎസ്എല്ലിൽ തുടരെയുള്ള തോൽവികൾക്ക് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ്. ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് കൊമ്പൻമാരുടെ വമ്പൻ ജയം.
മൽസരത്തിൻ്റെ ആദ്യഘട്ടം മുതലേ പതിവിൽ നിന്നും വിപരീതമായി കളം നിറഞ്ഞു നിന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. മൽസരത്തിൻ്റെ ഓരോ മിനിറ്റിലും ഗാലറിയിലെ ആരാധകരുടെ മനമറിഞ്ഞ് ബ്ലാസ്റ്റേഴ്സിലെ കൊമ്പൻമാർ കളിക്കളം നിറഞ്ഞാടി.
ഓരോ നീക്കവും ഗോൾവല ലക്ഷ്യമിട്ട് മാത്രം ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ അറിഞ്ഞ് കളിച്ചു. അപകടം മണത്ത ചെന്നൈയിൻ എഫ്സി പലപ്പോഴായി പ്രതിരോധത്തിൻ്റെ കോട്ടകെട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ മനക്കരുത്തിന് മുന്നിൽ അവർക്ക് അടിതെറ്റുകയായിരുന്നു.
മൽസരത്തിൻ്റെ 55-ാം മിനിറ്റിൽ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. മൽസരത്തിലേക്ക് തിരിച്ചുവരാനായി ചെന്നൈയിൻ എഫ്സി ആഗ്രഹിക്കുന്നതിനിടെ 69-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിൻ്റെ തന്നെ നോവാ സദോയി രണ്ടാം ഗോൾ നേടി ചെന്നൈയിൻ എഫ്സിയുടെ ആത്മവിശ്വാസം കെടുത്തി.
തുടർന്ന് പ്രതിരോധത്തിലൂന്നിയുള്ള കളിയിലൂടെ ചെന്നൈയിൻ എഫ്സി ശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും മൽസരത്തിൻ്റെ 92-ാം മിനിട്ടിൽ കെ. പി. രാഹുൽ മൂന്നാം ഗോൾ നേടി മൽസരത്തിലെ സമഗ്രാധിപത്യം ഉറപ്പാക്കി