/sathyam/media/media_files/2025/12/28/images-100-2025-12-28-20-15-34.jpg)
സൗദി പ്രോ ലീഗിൽ അൽ നസറിന്റെ റെക്കോർഡ് വിജയക്കുതിപ്പ് തുടരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ അൽ അഖ്ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അൽ നസർ ലീഗിൽ തുടർച്ചയായ പത്താം വിജയം സ്വന്തമാക്കി. ഇതോടെ 10 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി അൽ നസർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അൽ നസർ മുപ്പതാം മിനിറ്റിൽ റൊണാൾഡോയിലൂടെയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ജാവോ ഫെലിക്സ് എടുത്ത കോർണർ ആഞ്ചലോ ഗോമസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ റൊണാൾഡോ അത് അനായാസം വലയിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ മാഴ്സലോ ബ്രോസോവിച്ചിന്റെ പാസിൽ നിന്ന് മനോഹരമായ ഒരു ഫിനിഷിംഗിലൂടെ റൊണാൾഡോ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയിൽ ഹാട്രിക് നേട്ടത്തിനടുത്തെത്തിയ റൊണാൾഡോയ്ക്ക് വാർ (VAR) വില്ലനായി. സുൽത്താൻ അൽ-ഗന്നത്തിന്റെ പാസിൽ നിന്ന് താരം വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡ് ആണെന്ന് വിധി വന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജാവോ ഫെലിക്സ് കൂടി ഗോൾ നേടിയതോടെ അൽ നസറിന്റെ വിജയം പൂർണ്ണമായി.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാലിനേക്കാൾ നാല് പോയിന്റ് മുന്നിലെത്തിയ അൽ നസർ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കീഴിൽ തങ്ങളുടെ ആദ്യ സൗദി പ്രോ ലീഗ് കിരീടത്തിലേക്കുള്ള ദൂരം കുറച്ച് വിജയ സാധ്യത ഉയർത്തിയിരിക്കുകയാണ്.
പത്ത് മത്സരങ്ങളിൽ നിന്ന് 30 പോയിന്റും 33 ഗോളുകളും അടിച്ചുകൂട്ടിയ അൽ നസർ അഞ്ച് ഗോളുകൾ മാത്രമാണ് ഇതുവരെ വഴങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us