/sathyam/media/media_files/2025/09/18/spain-2025-09-18-19-09-13.jpg)
മാഡ്രിഡ്: 2026ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇസ്രയേല്‍ യോഗ്യത നേടിയാല്‍ സ്‌പെയിന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് പാറ്റ്‌സി ലോപ്പസ് വ്യക്തമാക്കി.
ഗാസയില്‍ പലസ്തീനികള്‍ക്കെതിരായ വംശീയ ഉന്മൂലനം തുടരുമ്പോള്‍ ഇസ്രയേലിന് അന്താരാഷ്ട്ര കായിക വേദികളില്‍ ഇടം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലോപ്പസ് ചൂണ്ടിക്കാട്ടി.
ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
“ഗാസയില്‍ വംശഹത്യ തുടരുന്നിടത്തോളം അന്താരാഷ്ട്ര കായിക വേദികളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നത് ധാര്‍മികമാണോ എന്ന് ലോക കായിക സംഘടനകള്‍ പരിശോധിക്കണം. ക്രൂരതയെ വെള്ളപൂശാന്‍ അനുവദിക്കരുത്,” എന്നാണ് സാഞ്ചസ് വ്യക്തമാക്കിയത്.
2026ലെ ലോകകപ്പില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതുവരെ 18 ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന 31 സ്ഥാനങ്ങള്‍ക്കായി മത്സരങ്ങള്‍ തുടരുന്നു.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് 23-ാമത് ലോകകപ്പ് അരങ്ങേറുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് മത്സരങ്ങള്‍.