"തോറ്റു, പക്ഷേ തലയുയർത്തി തന്നെ"; ടീമിന്റെ പോരാട്ടവീര്യത്തിൽ അഭിമാനമെന്ന് ഹാരി ബ്രൂക്ക്

ഇന്ത്യയുടെ മണ്ണില്‍, ഇത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ജേക്കബ് ബെഥേല്‍ നടത്തിയ വെടിക്കെട്ട് പ്രകടനം അവിശ്വസനീയമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

New Update
Untitled

മുംബൈ: വാംഖഡെയില്‍ നടന്ന ആവേശകരമായ ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയോട് പൊരുതിത്തോറ്റെങ്കിലും, സ്വന്തം ടീമിന്റെ പോരാട്ടവീര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക്.

Advertisment

500-ഓളം റണ്‍സ് പിറന്ന റണ്‍മലയില്‍ കേവലം ഏഴ് റണ്‍സിനാണ് ഇംഗ്ലണ്ട് വീണത്. എങ്കിലും അവസാന പന്തുവരെ ജയത്തിനായി പൊരുതിയ ടീമിനെക്കുറിച്ച് തനിക്ക് അഭിമാനമേയുള്ളൂ എന്ന് ബ്രൂക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോഴും തങ്ങള്‍ ഒരിടത്തും തോല്‍വി സമ്മതിച്ചില്ലെന്ന് ബ്രൂക്ക് വ്യക്തമാക്കി. 'എന്റെ കുട്ടികള്‍ അവരുടെ സര്‍വ്വശക്തിയും എടുത്ത് പൊരുതി. ഒരു ഘട്ടത്തിലും കളിയില്‍ നിന്ന് ഞങ്ങള്‍ പുറത്തായിരുന്നില്ല,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മണ്ണില്‍, ഇത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ജേക്കബ് ബെഥേല്‍ നടത്തിയ വെടിക്കെട്ട് പ്രകടനം അവിശ്വസനീയമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.


മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ച സഞ്ജു സാംസണിന്റെ ക്യാച്ച് കൈവിട്ടതിനെക്കുറിച്ച് ബ്രൂക്ക് തുറന്നു സംസാരിച്ചു. 'ക്യാച്ചുകള്‍ കളി ജയിപ്പിക്കും. നിര്‍ഭാഗ്യവശാല്‍ എനിക്കത് നഷ്ടമായി.' ഒപ്പം ജസ്പ്രീത് ബുംറയുടെ സ്‌പെല്ലുകളെ 'അനന്യസാധാരണം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും സമ്മതിച്ചു.


കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബ്രൂക്ക് വിരാമമിട്ടു. മക്കല്ലം ടീമിന്റെ ശൈലി തന്നെ മാറ്റിയെന്നും അദ്ദേഹം കോച്ചായി തുടരണമെന്ന് 125 ശതമാനവും താന്‍ ആഗ്രഹിക്കുന്നുവെന്നും നായകന്‍ വ്യക്തമാക്കി.

Advertisment