/sathyam/media/media_files/46h2CDHEM3nygvEPzni3.jpg)
റിയാദ്: പിഎസ്ജി വിട്ട് അല്‍ ഹിലാലിലേക്ക് ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് ആഡംബര സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. പ്രതിവര്‍ഷം 100 മില്യണ്‍ യൂറോ നെയ്മറിന് പ്രതിഫലമായി ലഭിക്കും. ഇതോടെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി നെയ്മര്‍ മാറും. ഇതിന് പുറമെ സൗദി അറേബ്യയില്‍ താരത്തിന് ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
നെയ്മറിന് സഞ്ചരിക്കാന്‍ ഒരു സ്വകാര്യ വിമാനവും താമസിക്കാന്‍ 25 കിടപ്പുമുറികളുള്ള വീടും ലഭിക്കും. നെയ്മറിന്റെ ഏത് ആവശ്യങ്ങളും നിറവേറ്റാനായി 24 മണിക്കൂറും ജീവനക്കാരും ലഭ്യമാണ്. ബെന്റ്ലി കോണ്ടിനെന്റല്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്സ്, ലംബോര്‍ഗിനി ഹുറാകാന്‍ തുടങ്ങിയ ആഡംബര കാറുകളാണ് നെയ്മറിന് റോഡിലൂടെ സഞ്ചരിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ഹോട്ടലും റസ്റ്റോറന്റും ഉള്‍പ്പെടെയുള്ളവയുടെ ബില്ലുകള്‍ ക്ലബ്ബ് നല്‍കും. സോഷ്യല്‍ മീഡിയയില്‍ സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്നതിനായി നെയ്മറിന് ഓരോ തവണയും 5,00,000 യൂറോയും (451 കോടി രൂപ) നല്‍കും.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള ആറ് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചാണ് നെയ്മര്‍ എത്തുന്നത്. 2025 വരെ ക്ലബ്ബുമായി നെയ്മറിന് കരാര്‍ ഉണ്ടായിരുന്നു. 2017ല്‍ നെയ്മര്‍ ബാഴ്സലോണ വിട്ടു. തുടര്‍ന്ന് ലോക ഫുട്ബോളിലെ എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക് താരം പിഎസ്ജിയില്‍ ചേര്‍ന്നു. 243 മില്യണ്‍ ഡോളറായിരുന്നു (2019 കോടി രൂപ) അന്നത്തെ കൈമാറ്റത്തുക. പിഎസ്ജിക്ക് വേണ്ടി 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് നെയ്മര്‍ നേടിയിരിക്കുന്നത്.