/sathyam/media/media_files/2026/03/06/untitled-2026-03-06-09-45-35.jpg)
മുംബൈ: വാംഖഡെയിലെ ഗാലറികളില്‍ 'സഞ്ജു... സഞ്ജു...' എന്ന ആര്‍പ്പുവിളികള്‍ ഇരമ്പുമ്പോഴും പത്രസമ്മേളനത്തിനെത്തിയ സഞ്ജു സാംസണിന്റെ മുഖത്ത് ശാന്തമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ടി20 ലോകകപ്പ് സെമിഫൈനലില്‍ 89 റണ്‍സുമായി ഇംഗ്ലീഷ് ബൗളിംഗ് നിരയെ തകര്‍ത്തെറിഞ്ഞ മലയാളി താരം, ഇന്ത്യയെ ഏഴ് റണ്‍സിന്റെ ആവേശജയത്തിലേക്കും ഫൈനലിലേക്കുമാണ് നയിച്ചത്.
ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റണ്‍സിന്റെ കരുത്തിലാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. 'പന്ത് കൃത്യമായി മിഡില്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു,' സഞ്ജു പറഞ്ഞു. അനായാസമായി സിക്‌സറുകള്‍ പായിക്കുന്നതിന്റെ രഹസ്യം ചോദിച്ചപ്പോള്‍, 'പന്ത് കാണുക, ശക്തിയായി അടിക്കുക' എന്ന ലളിതമായ മറുപടിയിലൂടെ സഞ്ജു സദസ്സില്‍ ചിരി പടര്‍ത്തി.
കഴിഞ്ഞ മാസങ്ങളില്‍ നേരിട്ട കടുത്ത വിമര്‍ശനങ്ങളെ സഞ്ജു നേരിട്ടത് നിശബ്ദത കൊണ്ടായിരുന്നു. 'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കുറഞ്ഞത് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്നെ സഹായിച്ചു,' സഞ്ജു തന്റെ മനോബലം വെളിപ്പെടുത്തി.
ഇംഗ്ലണ്ടിന്റെ വെല്ലുവിളിയെ പ്രതിരോധിച്ചത് ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണെന്ന് സഞ്ജു ഓര്‍മ്മിപ്പിച്ചു. ജസ്പ്രീത് ബുംറ തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭയാണെന്നും അദ്ദേഹത്തിന്റെയും അര്‍ഷ്ദീപിന്റെയും ഓവറുകള്‍ വിജയത്തില്‍ നിര്‍ണ്ണായകമായെന്നും സഞ്ജു പറഞ്ഞു.
പവര്‍പ്ലേയില്‍ തന്നെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്ന ആധുനിക ടി20 തന്ത്രമാണ് സഞ്ജു പുറത്തെടുത്തത്. ലോകോത്തര ബൗളര്‍ ജോഫ്ര ആര്‍ച്ചറെ നേരിടാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും സഞ്ജു വ്യക്തമാക്കി. 300-ലേറെ ടി20 മത്സരങ്ങള്‍ കളിച്ച പരിചയം സമ്മര്‍ദ്ദഘട്ടത്തില്‍ താരത്തിന് തുണയായി.
വിജയത്തിന്റെ ലഹരിയിലും സഞ്ജുവിന്റെ മനസ്സ് ഫൈനലിലാണ്. 'ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. പക്ഷേ ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതുകൂടി കഴിഞ്ഞാല്‍ മാത്രമേ മനസ്സ് ഭാരമില്ലാതെ ശാന്തമാകൂ,' സഞ്ജുവിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം വ്യക്തമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us