ടി20 ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്ഥാന് 'ആത്മഹത്യാപരം'; കാത്തിരിക്കുന്നത് വൻ തിരിച്ചടികൾ

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പിന്മാറ്റമെങ്കില്‍, അത് 'രാഷ്ട്രീയ ഇടപെടല്‍' ആയി കണ്ട് ഐസിസി പാകിസ്ഥാനെ വിലക്കിയേക്കാം.

New Update
Untitled

ലഹോര്‍: 2026-ലെ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറാനുള്ള പാകിസ്ഥാന്റെ ആലോചന അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിനെ മാറ്റി സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ പിന്മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നത്.

Advertisment

ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ മാത്രമേ ഉണ്ടാകൂ.


ഐസിസിയുടെ ടൂര്‍ണമെന്റ് കരാര്‍ പ്രകാരം അവസാന നിമിഷം പിന്മാറുന്നത് നിയമലംഘനമാണ്. ഇത് പാകിസ്ഥാന് ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട 34.5 ദശലക്ഷം ഡോളറിന്റെ (ഏകദേശം 316 കോടി രൂപ) വരുമാനം നഷ്ടപ്പെടുത്തും. നിലവില്‍ സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇത് താങ്ങാനാവില്ല.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പിന്മാറ്റമെങ്കില്‍, അത് 'രാഷ്ട്രീയ ഇടപെടല്‍' ആയി കണ്ട് ഐസിസി പാകിസ്ഥാനെ വിലക്കിയേക്കാം.

സിംബാബ്വെ, ശ്രീലങ്ക എന്നിവര്‍ക്ക് മുന്‍പ് നേരിട്ടത് പോലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഷന്‍ ലഭിക്കാം. കൂടാതെ, ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കപ്പെടാനും പാകിസ്ഥാന്‍ വേദിയാകേണ്ട 2028-ലെ വനിതാ ടി20 ലോകകപ്പ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.


പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ  വിജയം വിദേശ താരങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍, ഐസിസിയുടെ നിര്‍ദ്ദേശപ്രകാരം വിദേശ താരങ്ങള്‍ക്ക് പിഎസ്എലില്‍ കളിക്കാനുള്ള അനുമതി പത്രം മറ്റ് രാജ്യങ്ങള്‍ നിഷേധിച്ചേക്കാം.


ക്രിക്കറ്റ് ലോകത്ത് ഒറ്റപ്പെടും

ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളെ ബാധിക്കുന്ന തീരുമാനം എടുത്താല്‍ മറ്റ് രാജ്യങ്ങള്‍ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പരമ്പരകളില്‍ നിന്ന് പിന്മാറും. വരുമാന മാര്‍ഗ്ഗങ്ങള്‍ അടയുന്നതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് പൂര്‍ണ്ണമായും ഒറ്റപ്പെടും.

ചുരുക്കത്തില്‍, ബംഗ്ലാദേശിന് പിന്തുണ നല്‍കുന്നത് വികാരപരമായ തീരുമാനമാണെങ്കിലും, ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ 'സ്വയം നാശത്തിന്'  വഴിയൊരുക്കും.

Advertisment