ലോകകപ്പ് തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റിൽ നാണക്കേട്; ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ കളിക്കാരന് പിഴ

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് ബോര്‍ഡിന്റെ ആലോചന.

New Update
Untitled

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം. ശ്രീലങ്കയിലെ താമസത്തിനിടെ ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് താരം അച്ചടക്ക നടപടി നേരിട്ടതായി റിപ്പോര്‍ട്ട്.

Advertisment

പേര് വെളിപ്പെടുത്താത്ത കളിക്കാരന് ടീം മാനേജ്മെന്റ് പിഴ ചുമത്തിയതായാണ് 'ടെലികോം ഏഷ്യ സ്പോര്‍ട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കയ്ക്കെതിരായ നിര്‍ണ്ണായക സൂപ്പര്‍ എട്ട് പോരാട്ടത്തിന് മുന്നോടിയായി ടീം താമസിച്ചിരുന്ന കാന്‍ഡിയിലെ 'ഗോള്‍ഡന്‍ ക്രൗണ്‍' ഹോട്ടലിലാണ് സംഭവം നടന്നത്.


പാക് ടീമിലെ ഒരു താരം ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാരിയോട് അനുചിതമായി പെരുമാറി എന്നാണ് പരാതി. ജീവനക്കാരി സഹായത്തിനായി ബഹളം വെച്ചതോടെ മറ്റ് ഹോട്ടല്‍ ജീവനക്കാര്‍ ഇടപെടുകയും വിഷയം വഷളാകുകയുമായിരുന്നു.

ഹോട്ടല്‍ അധികൃതര്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടീം മാനേജര്‍ നവീദ് ചീമ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. താരം ഹോട്ടല്‍ മാനേജ്മെന്റിനോട് ക്ഷമാപണം നടത്തുകയും പിഴയടയ്ക്കുകയും ചെയ്തു.


നിലവില്‍ പിഴയൊടുക്കി തടിതപ്പിയെങ്കിലും ഈ കളിക്കാരന്റെ കരിയറില്‍ ഇത് വലിയ തിരിച്ചടിയായേക്കും. ടീം നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ താരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാക്കിയേക്കും.


സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് ബോര്‍ഡിന്റെ ആലോചന.

Advertisment