/sathyam/media/media_files/N4aInn2TyxOiPkmVXSeK.jpg)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായക പദവിലേക്ക് വീണ്ടും ശ്രേയസ് അയ്യര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ടീമിനെ നയിച്ച നിതീഷ് റാണയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിക്ക് മൂലം ശ്രേയസിന് ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ നഷ്ടമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കില്‍ നിന്ന് കരകയറാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്ത രീതിയും അദ്ദേഹം കാണിച്ച ഫോമും അദ്ദേഹത്തിന്റെ മനോഭാവത്തെ കാണിക്കുന്നതാണെന്ന് വെങ്കി പറഞ്ഞു. താരം ക്യാപ്റ്റനായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും സിഇഒ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ശ്രേയസിന് പകരക്കാരനാകാന്‍ നിതീഷ് റാണ സമ്മതിച്ചതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. നിതീഷ് വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കെകെആറിന് സാധ്യമായ എല്ലാ വഴികളിലും ശ്രേയസിനെ പിന്തുണയ്ക്കുമെന്നതില്‍ സംശയമില്ലെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ കെകെആര്‍ ക്യാപ്റ്റനായപ്പോള്‍ പരിക്കുകള്‍ ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ശ്രേയസ് അയ്യര്‍ പറഞ്ഞു. നിതീഷും തന്റെ നേതൃനിരയില്‍ വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കെകെആര്‍ നിതീഷിനെ വൈസ് ക്യാപ്റ്റനാക്കിയതില്‍ സന്തോഷമുണ്ട്. ഇത് ടീമിന്റെ നേതൃനിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും ശ്രേയസ് വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ കെകെആറിന്റെ നായകസ്ഥാനം ഏറ്റെടുത്ത നിതീഷ് റാണ 14 മത്സരങ്ങളില്‍ നിന്ന് 31.77 ശരാശരിയിലും 140.96 സ്‌ട്രൈക്ക് റേറ്റിലും 413 റണ്‍സ് നേടിയിരുന്നു. 3 വിക്കറ്റും താരം വീഴ്ത്തി. 2022ലെ ഐപിഎല്‍ സീസണില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 30.85 ശരാശരിയിലും 134.56 സ്‌ട്രൈക്ക് റേറ്റിലും ശ്രേയസ് 401 റണ്‍സ് നേടിയിരുന്നു. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണിത്. അതേസമയം കാറപകടത്തില്‍ പരിക്കേറ്റ് തിരിച്ചുവരവിന് ശ്രമിക്കുന്ന ഋഷഭ് പന്ത് വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ നയിക്കുമെന്നാണ് വിവരം.
ഇതിനിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനാകുമെന്ന പ്രഖ്യാപനം വന്നിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ മെന്റര്‍ സ്ഥാനം ഉപേക്ഷിച്ചാണ് താരത്തിന്റെ കെകെആറിലേക്കുള്ള മടങ്ങിവരവ്. ഐപിഎല്‍ 2023 അവസാനിച്ചതിന് പിന്നാലെ താരം ഷാരൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിരുന്നു. ഇതോടെ ഒരിക്കല്‍ താന്‍ ഐപിഎല്‍ ചാമ്പ്യനാക്കിയ ടീമിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കെകെആര്‍ സിഇഒ വെങ്കി മൈസൂറാണ് ഗംഭീര്‍ കെകെആറിലേക്ക് ഒരു 'ഉപദേശകനായി' മടങ്ങിയെത്തുമെന്നും ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചത്.