മുംബൈ: പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ട് കോടി രൂപ മാത്രം നല്‍കിയതില്‍ നിരാശ പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ് സുരേഷ്.
മകന് 5 കോടി രൂപ സമ്മാനത്തുകയും പൂനെയിലെ ബാലെവാഡിയിലുള്ള ഛത്രപതി ശിവാജി മഹാരാജ് സ്‌പോർട്‌സ് കോംപ്ലക്‌സിന് സമീപമുള്ള ഫ്‌ളാറ്റും ലഭിക്കണമെന്ന് സുരേഷ് കുസാലെ പറഞ്ഞു.
കോലാപ്പൂർ സ്വദേശിയായ സ്വപ്നിൽ കുസാലെ (29) ഓഗസ്റ്റിൽ നടന്ന പാരീസ് ഒളിമ്പിക്‌സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. ഹരിയാന തങ്ങളുടെ കായികതാരങ്ങൾക്കായി വളരെ ഉയർന്ന തുകയാണ് നൽകുന്നതെന്ന് സുരേഷ് കുസാലെ പറഞ്ഞു.
മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ച്, ഒളിമ്പിക് വെങ്കല മെഡൽ ജേതാവിന് രണ്ട് കോടി രൂപ ലഭിക്കും. 72 വർഷത്തിനിടെ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം മഹാരാഷ്ട്രക്കാരനാണ് സ്വപ്നിൽ. അങ്ങനെയിരിക്കെ എന്തിനാണ് ഇത്തരം നയങ്ങള്‍ രൂപീകരിക്കുന്നതെന്ന് സുരേഷ് ചോദിച്ചു.
മഹാരാഷ്ട്രയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹരിയാന വളരെ ചെറിയ സംസ്ഥാനമാണ്, എന്നാൽ മെഡൽ നേടുന്ന കായികതാരങ്ങൾക്ക് ഹരിയാന ഉയർന്ന സമ്മാനത്തുക നൽകുന്നു. സ്‌പോർട്‌സ് കോംപ്ലക്സിലെ (പൂനെയിൽ) 50 മീറ്റർ റൈഫിൾ ഷൂട്ടിംഗ് അരീനയ്ക്ക് തൻ്റെ മകൻ്റെ പേര് നൽകണമെന്നും സുരേഷ് കുസാലെ പറഞ്ഞു.