Advertisment

ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ചൊവ്വാഴ്ച ? ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പറെ വേണമെന്ന് ടീം മാനേജ്‌മെന്റ്; സഞ്ജുവിന്റെ സ്ഥാനം 'തുലാസി'ല്‍ ! ജൂറലും, ജിതേഷും പരിഗണനയില്‍; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

ഗിൽ, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ് എന്നിവരിൽ മൂന്ന് പേർ 'റിസര്‍വ്' ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്തായാലും വരും മണിക്കൂറുകളില്‍ അന്തിമ ചിത്രം വ്യക്തമാകും.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Sanju Samson Rishabh Pant

അഹമ്മദാബാദ്: ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച അഹമ്മദാബാദിൽ യോഗം ചേരും. സഞ്ജു സാംസണെയും ശുഭ്മാൻ ഗില്ലിനെയും ഉൾപ്പെടുത്തുന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.

Advertisment

ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന സഞ്ജു ടീമില്‍ ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം പല തരത്തിലാണ്. ഋഷഭ് പന്തായിരിക്കും ടീമിലെ പ്രധാന വിക്കറ്റ് കീപ്പറെന്ന് മിക്ക റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെക്കാള്‍ സാധ്യത കെ.എല്‍. രാഹുലിനാണെന്നായിരുന്നു ആദ്യ സൂചനകള്‍.

എന്നാല്‍ പ്രധാന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിനെയാണ് പരിഗണിക്കുന്നതെന്നായിരുന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കാനുള്ള താരത്തിന്റെ കഴിവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍ ലോവർ ഓർഡറിൽ ബാറ്റ്‌ ചെയ്യാൻ കഴിയുന്ന ഒരു വിക്കറ്റ് കീപ്പറെ വേണമെന്ന് ടീം മാനേജ്‌മെന്റ് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട് തന്നെ സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്നും, രാഹുലിനെയും ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത ധ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ എന്നിവരുടെ പേരുകള്‍ അന്തിമ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. ഐപിഎല്ലില്‍ ജിതേഷ് ശര്‍മ ഫോമിലല്ലെങ്കിലും താരത്തിനും നിലവില്‍ സാധ്യതയുണ്ട്.

ചൊവ്വാഴ്‌ച മുഴുവൻ സെലക്ഷൻ കമ്മിറ്റിയും ക്യാപ്റ്റനുമായും പരിശീലകനുമായും കൂടിക്കാഴ്ച നടത്തുമ്പോൾ മനംമാറ്റമുണ്ടാകുമോയെന്നാണ് കണ്ടറിയേണ്ടത്. ശുഭ്മന്‍ ഗില്ലും ടീമില്‍ ഉള്‍പ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്. ഗില്‍, സഞ്ജു എന്നിവരില്‍ ചിലപ്പോള്‍ ഒരാള്‍ മാത്രം ടീമിലെത്തിയേക്കാം.

അഗാർക്കർ ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മുംബൈ ഇന്ത്യൻസിൻ്റെ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ ആദ്യ നാലു സ്ഥാനങ്ങള്‍ ഉറപ്പിച്ചതും സഞ്ജുവിന് തിരിച്ചടിയാണ്. ഗില്ലിനും ഇത് തന്നെയാണ് തിരിച്ചടിയാകുന്നത്. ഫിനിഷര്‍ റോളില്‍ റിങ്കു സിംഗും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് ഓള്‍ റൗണ്ടര്‍മാരെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഫോമിലല്ലെങ്കിലും മറ്റ് 'ഓപ്ഷനുകള്‍' ഇല്ലാത്തതാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അനുകൂലമാകുന്നത്. ശിവം ദുബെയും ടീമില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. 

രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടേക്കും. ഐപിഎല്ലില്‍ മികച്ച ഫോമിലാണെങ്കിലും യുസ്‌വേന്ദ്ര ചഹല്‍ പരിഗണനയിലില്ല. ഫാസ്റ്റ് ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ സ്ഥാനം ഉറപ്പിച്ചു. ശിവം ദുബെ ടീമില്‍ ഉള്‍പ്പെട്ടാല്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരില്‍ ഒരാള്‍ മാത്രമാകും പരിഗണിക്കപ്പെടുന്നതെന്നാണ് നിലവിലെ വിവരം.

ഗിൽ, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ് എന്നിവരിൽ മൂന്ന് പേർ 'റിസര്‍വ്' ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്തായാലും വരും മണിക്കൂറുകളില്‍ അന്തിമ ചിത്രം വ്യക്തമാകും.

Advertisment