നാളെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയുടെ (Team India) പരിശീലന ജേഴ്സിക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ടീം ഇന്ത്യയുടെ ജഴ്സി കാവിനിറമായതിനെയാണ് മമത വിമർശിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ലക്ഷ്യം വച്ചായിരുന്നു മമതയുടെ വിമർശനം. അതേസമയം മമതയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമത കൊൽക്കത്തയെ മുഴുവൻ നീലയും വെള്ളയും നിറങ്ങളാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.
സെൻട്രൽ കൊൽക്കത്തയിലെ പോപ്പി മാർക്കറ്റിൽ ജഗധാത്രി പൂജയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മമത ബാനർജി ടീം ഇന്ത്യയുടെ ജേഴ്സിക്കെതിരെ രംഗത്തെത്തിയത്. `എല്ലാം കാവിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളെ ഓർത്ത് നമുക്ക് അഭിമാനമുണ്ട്. അവർ ലോക ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അവർ പരിശീലനത്തിന് ധരിക്കുന്ന അവരുടെ വസ്ത്രം പോലും കാവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നേരത്തെ നീല നിറമാണ് അവർ ധരിച്ചിരുന്നതെന്നു കൂടി ഓർക്കുക. മെട്രോ സ്റ്റേഷനുകൾക്ക് പോലും കാവി നിറം പൂശിക്കൊണ്ടിരിക്കുകയാണ്. മായാവതി സ്വന്തം പ്രതിമ ഉണ്ടാക്കി എന്ന് ഒരിക്കൽ കേട്ടിരുന്നു, അത്ഭുതത്തോടുകൂടിയാണ് അന്ന് ജനങ്ങൾ അത് കേട്ടത്. എന്നാൽ ഇപ്പോൾ അത് സാധാരണമായിരിക്കുന്നു...ഇഎല്ലാം നമോയുടെ പേരിലാണെന്നു മാത്രം. ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല´- മമത പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയാതെയാണ് മമതാ ബാനർജി വിമർശനം ഉന്നയിച്ചത്. അവരുടെയാരുടേയും പ്രതിമകൾ സ്ഥാപിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അവർ എല്ലാം കാവി നിറത്തിലാക്കാൻ ശ്രമിക്കുകയാണെന്നും മമതചൂണ്ടിക്കാട്ടി. മായാവതിയുടെ പ്രതിമ നിർമ്മിച്ചത് ഒരിക്കൽ ഞാൻ കണ്ടു. അതിനു ശേഷം ഇങ്ങിനെയൊന്നും കേട്ടിരുന്നില്ല.ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. അധികാരം വരും പോകും- ബിജെപിയെ പരിഹസിച്ച് മമത ബാനർജി പറഞ്ഞു, ഈ രാജ്യം ഒരു പാർട്ടിയുടേത് മാത്രമല്ല, അത് ജനങ്ങളുടേതാണെന്നും പറഞ്ഞു.
അതേസമയം മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ലോകകപ്പിൽ ടീം ഇന്ത്യയിൽ ഉൾപ്പെടാനുള്ള മമതയുടെ ആഗ്രഹത്തെ താൻ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ശിശിർ ബജോറിയ പറഞ്ഞു. പരിശീലന വേളയിൽ കാവി ജഴ്‌സി ധരിച്ചതുകൊണ്ടാണ് ടീം ഇന്ത്യയെ കാവിവൽക്കരിച്ചതെന്ന് മമത പറയുന്നത്. അങ്ങനെയാണെങ്കിൽ കാവി നിറം ഏറ്റവും മുകളിലുള്ള ത്രിവർണ്ണ പതാകയുടെ കാര്യമോ? സൂര്യൻ്റെ ആദ്യ കിരണങ്ങൾ ഏതു നിറമാണ്? ടീം ഇന്ത്യ നീല വസ്ത്രം ധരിക്കുന്നില്ല എന്നാണ് മമതാ ബാനർജിയുടെ ആരോപണം. എന്നാൽ നയതന്ത്രപരമായി പ്രാധാന്യമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ടീം ധരിക്കുന്നത് നീല നിറമാണെന്ന് അവർ മറന്നു പോകുന്നു. കൊൽക്കത്ത നഗരത്തിന് നീലയും വെള്ളയും നൽകിയ മമതാ ബാനറിൽ തന്നെയാണ് ഇതു പറയുന്നത് എന്നാലോചിച്ച് അത്ഭുതം തോന്നുന്നുവെന്നും ശിശിർ ബജോറിയ പറഞ്ഞു.