/sathyam/media/media_files/i6WHugO5jQWEx3gmP7JW.jpg)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) രണ്ടാം സീസണിന്‍റെ തയാറെടുപ്പുകള്‍ തുടങ്ങി സംഘാടകര്‍ വിജയകരമായ ആദ്യ സീസണിന്‍റെ തുടര്‍ച്ചയെന്നോണം രണ്ടാം സീസണിലെ മത്സരങ്ങള്‍ രാജ്യവ്യാപകമായി നടത്താനാണ് ലക്ഷ്യമിടുന്നത്. ഭാവിയിലെ മത്സരങ്ങള്‍ക്കായി 15 സ്റ്റേഡിയങ്ങള്‍ പരിശോധിച്ചതായി ഐഎസ്ആര്‍എല്‍ സംഘാടകര്‍ അറിയിച്ചു.
ശ്രദ്ധേയമായ നേട്ടങ്ങളാണ് ആദ്യ സീസണില്‍ ലീഗ് കൈവരിച്ചത്. 5 മത്സര റേസ് വിഭാഗങ്ങളിലായി 48 മുന്നിര ഇന്ത്യന്‍ -അന്താരാഷ്ട്ര റൈഡര്‍മാര്‍ 6 ഫ്രാഞ്ചൈസി ടീമുകള്‍ക്കായി ആദ്യ സീസണില്‍ മത്സരിച്ചു.
3 വേദികളിലായി നടന്ന മത്സരങ്ങളില്‍ ഓരോ സ്റ്റേഡിയവും 90% ശേഷിയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട്ടില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചുകൊണ്ട് 30,000 കാണികളെ സ്റ്റേഡിയങ്ങളിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. ഇതിന് പുറമേ വിവിധ പ്ലാറ്റ്ഫോമുകളിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്കും ലീഗ് എത്തി. ഓണ്‍ലൈന്‍-പത്രമാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് ലീഗ് നേടിയത്. ആരാധകരുടെയും സഹകാരികളുടെയും മികച്ച പിന്തുണയോടെ വലിയ രീതിയില്‍ സീസണ്‍ 2 അരങ്ങേറുമെന്നും സംഘാടകര്‍ ഉറപ്പുനല്കുന്നു.
ഐഎസ്ആര്‍എല്‍ ഉദ്ഘാടന സീസണിന്‍റെ വിജയം തികച്ചും ആശ്ചര്യകരമായിരുന്നുവെന്ന് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്‍റെ സഹസ്ഥാപകനും ഡയറക്ടറുമായ വീര്‍ പട്ടേല്‍ പറഞ്ഞു. ഇത് ആഗോള മോട്ടോര്‍ സ്പോര്‍ട്സ് ലാന്‍ഡ്സ്കേപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും, വളരുന്ന തങ്ങളുടെ പ്ലാറ്റ്ഫോമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബ്രാന്‍ഡുകളില്‍ കാര്യമായ താല്‍പര്യം ജനിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, 150 ദശലക്ഷത്തിലധികം പ്രേക്ഷകരെ സൂപ്പര്‍ക്രോസ് ലീഗിലേക്ക് ആകര്‍ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.