ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിൽ ഇന്ത്യ

പരമ്പര ഉറപ്പിച്ചതിനാൽ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും

New Update
lvhil158_india-women-bcci_625x300_06_October_24

തിരുവനന്തപുരം: ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. 

Advertisment

തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യ അവസാന പോരും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. വൈകീട്ട് ഏഴ് മുതലാണ് മത്സരം.

ബാറ്റിങിലും ബൗളിങിലും വ്യക്തമായ ആധിപത്യമാണ് ഇന്ത്യ നാല് മത്സരങ്ങളിലും പുറത്തെടുത്തത്. സമാന മികവ് അവസാന മത്സരത്തിലും ആവര്‍ത്തിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്.

പരമ്പര ഉറപ്പിച്ചതിനാൽ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാൻ സാധ്യതയുണ്ട്.

ഹർലീൻ ഡിയോൾ, റിച്ച ഘോഷ് എന്നിവരിൽ ഒരാൾക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.

പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍ ഷെഫാലി വര്‍മ കത്തും ഫോമിലാണ്. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന കഴിഞ്ഞ കളിയില്‍ മികവിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു. 

മധ്യനിരയില്‍ വെടിക്കെട്ടുമായി കളം വാഴുന്ന റിച്ച ഘോഷിന്റെ മികവും ശ്രീലങ്കയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ബൗളിങില്‍ രേണുക സിങ്, ദീപ്തി ശര്‍മ അടക്കമുള്ളവരും ഫോമിലാണ്.

മറുഭാഗത്ത് ലങ്കന്‍ വനിതകള്‍ ആശ്വാസം ജയമാണ് തേടുന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ബാറ്റിങില്‍ പിടിച്ചു നില്‍ക്കുന്നത്. ബൗളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാത്തതും അവര്‍ക്ക് ക്ഷീണമാണ്. 

നാലാം പോരില്‍ ഇന്ത്യ ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് വിജയം പിടിച്ചത് എന്നതു തന്നെ ലങ്കന്‍ ബൗളിങിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. കാര്യവട്ടത്തെ മൂന്നാം വനിതാ ടി20 പോരാട്ടമാണ് ഇന്നത്തേത്.

Advertisment