വാതുവെപ്പ് കേസിൽ കുറ്റവിമുക്തനായിട്ടില്ലാത്ത ശ്രീശാന്ത് കളിക്കാരുടെ സംരംക്ഷകനാകേണ്ട : കെ.സി.എ

അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്ന് കെസിഎ വ്യക്തമാക്കി.

New Update
KCA SREESANTH

തിരുവനന്തപുരം: വാതുവെപ്പ് കേസിൽ കുറ്റവിമുക്തനായിട്ടില്ലാത്ത ശ്രീശാന്താണ്  കളിക്കാരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതെന്ന് വിമർശിച്ച് കേരള ക്രിക്കറ്റ് അസോസിഷൻ (കെസിഎ).

Advertisment

മുൻ ഇന്ത്യൻ താരം എസ്‌ ശ്രീശാന്തിന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയതായിരുന്നു കെസിഎ.  


സഞ്ജുവിനെ പിന്തുണച്ചതിനല്ല  കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 


അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണെന്ന് കെസിഎ വ്യക്തമാക്കി.

വാതുവയ്പ്പ് കേസിൽ കുറ്റവിമുക്തനാവാത്ത ശ്രീശാന്ത്‌ കേരളത്തിലെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. 


കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.


2013ലായിരുന്നു വാതുവെപ്പ്‌ ആരോപിച്ച്‌ ശ്രീശാന്ത്‌ ഉൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ്‌ ടീമംഗങ്ങളെ അറസ്റ്റ്‌ ചെയ്യുന്നത്‌.

ശ്രീശാന്തിന്‌ പുറമെ അജിത്‌ ചന്ദില, അങ്കിത്‌ ചൗഹാൻ തുടങ്ങിയ താരങ്ങളും അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ 2016, 2017 സീസണുകളിൽ നിന്ന്‌ രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്‌ ടീമുകളെ സസ്പെൻഡ്‌ ചെയ്യുകയും ചെയ്തു.

വാർത്താകുറിപ്പിന്റെ പൂർണ രൂപം

കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല,  അസ്സോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ  പ്രസ്താവന നടത്തിയതിനാണ്.

കേരള ക്രിക്കറ്റ് ലീഗ്  ഫ്രാഞ്ചൈസി  ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത്  കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.


കേരള ക്രിക്കറ്റ് അസ്സോസിയേഷൻ താരങ്ങളെ എന്നും സംരക്ഷിക്കുന്ന  നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. 


ഇന്ത്യൻ ക്രിക്കറ്റിന്റെ കറുത്ത അദ്ധ്യായമായിരുന്ന വാതുവെപ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു.

എന്നാൽ വാതുവെയ്‌പ്പിൽ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനത വിലക്ക് ഏർപ്പെടുത്തിയത്.


പിന്നീട് ആജീവനത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറക്കുകയായിരുന്നു.


കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെകിലും വാതുവെപ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല  എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. 

ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ കെ.സി.എ  വീണ്ടും അവസരങ്ങൾ നൽകിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടുമാത്രമാണ്.


വാതുവെപ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ  ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.


ശ്രീശാന്ത്  കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസ്സോസിയേഷൻ കളിക്കാർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വാനോളം പുകഴ്ത്തിയിരുന്നു.സഞ്ജു സാംസണ്  ശേഷം ഇന്ത്യൻ ടീമിൽ ആര് വന്നു എന്ന് ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്.

സജ്ന സജീവൻ, മിന്നുമണി, ആശ ശോഭന എന്നീ സീനിയർ ദേശീയ താരങ്ങളെ കൂടാതെ വനിതാ ഇന്ത്യൻ അണ്ടർ 19 വേൾഡ് കപ്പ് ജേതാക്കളുടെ  ടീമിൽ ജോഷിത വി.ജെ, അണ്ടർ 19 ടീമിൽ  നജ്‌ല സിഎംസി,  പുരുഷ അണ്ടർ  19 ഏഷ്യാകപ്പ്  ടീമിൽ  മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത്  അറിയാത്തത് കേരളക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായിമയായി കാണുന്നു.

അച്ചടലംഘനം ആര് നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസ്സോസിയേഷനെതിരെ കളവായ കാര്യങ്ങൾ  പറഞ്ഞു അപകീത്തിഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുക്കുന്നതുമാണ്.

Advertisment