ട്രിവാൺഡ്രം റോയൽസിനോട് 17 റൺസിൻ്റെ തോൽവി, ഇനിയും സെമിയുറപ്പിക്കാനാകാതെ തൃശൂർ ടൈറ്റൻസ്

New Update
DSC_0000-125
കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെ 17 റൺസിന്  തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്.
ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമാണ് നേടാനായത്. റോയൽസിനായി ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടിയ ടൈറ്റൻസ്, റോയൽസിനെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. വിഷ്ണുരാജും അനന്തകൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്കോർ ബോർഡ് തുറക്കും മുൻപെ കെ ആർ രോഹിതിൻ്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹ്മദ് ഇമ്രാൻ തകർത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. 18 പന്തുകളിൽ നിന്ന് 38 റൺസെടുത്ത അഹ്മദ് ഇമ്രാനെ അബ്ദുൾ ബാസിദാണ് പുറത്താക്കിയത്. മികച്ച ഷോട്ടുകളുമായി ക്യാപ്റ്റൻ ഷോൺ റോജറും അക്ഷയ് മനോഹറും പ്രതീക്ഷ നിലനിർത്തി. എന്നാൽ ഷോൺ റോജർ 37ഉം അക്ഷയ് മനോഹർ 27ഉം റൺസെടുത്ത് പുറത്തായത് തൃശൂരിന് തിരിച്ചടിയായി.

കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ഉജ്ജ്വല ഷോട്ടുകളുമായി പോരാട്ടം തുടർന്ന വിനോദ് കുമാറിൻ്റെ പ്രകടനവും ശ്രദ്ധേയമായി. 19 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 41 റൺസുമായി വിനോദ് കുമാർ പുറത്താകാതെ നിന്നെങ്കിലും ടീമിന് വിജയമൊരുക്കാനായില്ല. തൃശൂരിൻ്റെ മറുപടി 184ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആസിഫ് സലാമാണ് റോയൽസ് ബൌളിങ് നിരയിൽ തിളങ്ങിയത്. അഭിജിത് പ്രവീൺ രണ്ട് വിക്കറ്റും നേടി. തോൽവിയോടെ തൃശൂരിന് ഇനിയും സെമിയുറപ്പിക്കാനായില്ല. പത്ത് പോയിൻ്റുമായി ടീം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. എങ്കിലും വരും മല്സരങ്ങളിലെ ഫലം അനുസരിച്ചാകും ടീമിൻ്റെ സെമി പ്രവേശനം.
Advertisment
Advertisment