/sathyam/media/media_files/ihtVIXeXeeexAhDdpYSJ.jpg)
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പാത പിന്തുടര്‍ന്ന് മൂത്ത മകന്‍ തിയാഗോ മെസ്സിയും. ഇന്റര്‍ മയാമി അക്കാദമിയില്‍ തിയാഗോ ചേർന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 2023-24 സീസണിലേക്കുള്ള അണ്ടര്‍ 12 കാറ്റഗറിയിലാണ് പത്ത് വയസ്സുകാരനായ തിയാഗോയെ ഉള്‍പ്പെടുത്തിയത്. തിയാഗോ ഉള്‍പ്പെട്ട അണ്ടര്‍ 12 ടീം ഫ്ളോറിഡ അക്കാദമി ലീഗിലാണ് കളിക്കുക.
എന്നാല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നെന്നാണ് അക്കാദമി ഡയറക്ടര്‍ വിക്ടര്‍ പാസ്റ്റോറ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചത്. 'വളരെ വിജയകരമായ 2022-23 സീസണിന് ശേഷം മറ്റൊരു മികച്ച സീസണിനായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.
മത്സരമനോഭാവമുള്ള താരങ്ങളെയും അവരുടെ സമര്‍പ്പണമനോഭാവമുള്ള മാതാപിതാക്കളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. തെക്കേ ഫ്‌ളോറിഡയിലെ കഴിവുള്ള താരങ്ങള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ നല്‍കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം', പാസ്റ്റോറ കൂട്ടിച്ചേര്‍ത്തു.
അതേസമയം മേജര്‍ സോക്കര്‍ ലീഗില്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ന്യൂജേഴ്‌സിയിലെ റെഡ് ബുള്‍ അരീനയില്‍ റെഡ് ബുള്‍ ന്യൂയോര്‍ക്കുമായി നടന്ന മത്സരത്തിലാണ് മെസ്സി എംഎല്‍എസ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തിന്റെ 60-ാം മിനില്‍ പകരക്കാരനായി ഇറങ്ങിയ മെസ്സി 89-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോള്‍ നേടിയാണ് വരവറിയിച്ചത്.
മത്സരത്തില്‍ ഇന്റര്‍ മയാമി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റെഡ് ബുള്‍സിനെതിരെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്റര്‍ മയാമി കുപ്പായത്തില്‍ മികച്ച പ്രകടനമാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മെസ്സിക്കൊപ്പം ലീഗ്‌സ് കപ്പ് നേടുകയും യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തിരുന്നു.