New Update
/sathyam/media/media_files/2025/09/08/criket-jhujk-2025-09-08-15-06-25.jpg)
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിന്‍റെ തലയിൽ. ലീഗിലെ 10 മത്സരങ്ങളിൽ നിന്നായി 479 റൺസാണ് ട്രിവാൻഡ്രം റോയൽസിന്‍റെ നായകൻ അടിച്ചെടുത്തത്. സെമി കാണാതെ റോയൽസ് ആദ്യഘട്ടത്തിൽ തന്നെ ലീഗിൽ നിന്ന് പുറത്തായെങ്കിലും ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമായി ഈ 26കാരൻ കെ.സി.എല്ലിന്‍റെ രണ്ടാം സീസൺ ബാറ്റുകൊണ്ട് ഭരിക്കുകയായിരുന്നു.
Advertisment
കെ.സി.എല്ലിൽ റോയൽസിനായി ഓപണർ റോളിൽ ഇറങ്ങിയ കേരള ക്രിക്കറ്റിന്‍റെ സ്വന്തം 'കെ.പി,' പവർ പ്ലേകളിൽ പവറായും മധ്യ ഓവറുകളിൽ ഫീൽഡിങ് ഗ്യാപ്പുകളിലൂടെ റണ്ണൊഴുക്കി ടീമിന്‍റെ സ്കോർ ഉയർത്തിയും അവസാന ഓവറുകളിൽ ബൗളർമാർക്കെതിരെ കത്തിപ്പടരുന്നതിനും ഗ്രീൻഫീൽഡ് സാക്ഷ്യം വഹിച്ചു.
പ്രഥമ കെ.സി.എൽ സീസണിൽ ആലപ്പി റിപ്പിൾസ് താരമായിരുന്ന കൃഷ്ണപ്രസാദിനെ ഇത്തവണ ട്രിവാൻഡ്രം മൂന്ന് ലക്ഷത്തിനാണ് ലേലത്തിൽ പിടിച്ചെടുത്തത്. ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 192 റൺസായിരുന്നു സമ്പാദ്യം. കെ.സി.എല്ലിന് പിന്നാലെ തോളെല്ലിന് പരിക്കേറ്റതോടെ കഴിഞ്ഞ സീസൺ പൂർണമായി ഈ വൈക്കം സ്വദേശിക്ക് നഷ്ടമായി. ഇത്തവണ എന്തുവിലകൊടുത്തും കേരള ടീമിൽ ഇടംപിടിക്കണമെന്ന ലക്ഷ്യവുമായാണ് പരിക്ക് ഭേദമായ ഉടനെ ദക്ഷിണ റെയിൽവേ ജീവനക്കാരനായ കൃഷ്ണപ്രസാദ് ചെന്നൈയിൽ നിന്ന് ഒരു മാസത്തെ അവധി എടുത്ത് പരിശീലനത്തിനായി തിരുവനന്തപുരത്തെത്തിയത്.
ടീമിലേക്കുള്ള ആദ്യ പടിയെന്നോണം കെ.സി.എല്ലിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂട്ടിനായി തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുന്ന തന്‍റെ സുഹൃത്തുകളും കെ.സി.എല്ലിൽ വിവിധ ടീമുകളിൽ അംഗങ്ങളുമായിട്ടുള്ള അനുരാജ്, അഭിഷേക് പ്രതാപ്, അഭിജിത്ത് പ്രവീൺ, രാഹുൽ ചന്ദ്രൻ, അഭിഷേക് നായർ എന്നിവരെയും ഒപ്പം കൂട്ടി. ഗ്രീൻഫീൽഡിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായിട്ടായിരുന്നു പരിശീലനം. ഒടുവിൽ രാവും പകലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായെന്ന് കൃഷ്ണപ്രസാദ് പറയുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള താരം 2022ലാണ് അവസാനമായി കേരളത്തിനായി ട്വന്‍റി-ട്വന്‍റി ടൂർണമെന്‍റായ സെയ്യ്ദ് മുഷ്താഖ് അലി ട്രോഫി കളിക്കുന്നത്. അന്നുപക്ഷേ മികച്ച പ്രകടനമൊന്നും ബാറ്റിൽനിന്നുണ്ടായില്ല. എന്നാൽ ഇത്തവണ പരിക്കിൽ നിന്ന് മുക്തനായി എത്തിയതിന് പിന്നാലെ തൃശൂർ ടൈറ്റൻസിനെതിരെ 10 സിക്സിന്‍റെയും ആറ് ബൗണ്ടറികളുടെയും അകമ്പടിയോടെ പുറത്താകാതെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയും (62 പന്തിൽ 119) ആലപ്പി റിപ്പിൾസിനെതിരെ നേടിയ അർധ സെഞ്ച്വറിയുമൊക്ക (52 പന്തിൽ 90) താരത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.