Advertisment

ടി20 പരമ്പര സ്വന്തമാക്കി അമേരിക്ക; നാണംകെട്ട് ബംഗ്ലാദേശ്‌

usa vs ban cricket : ടി20 ലോകകപ്പ് അടുത്തിരിക്കെ താരങ്ങളുടെ മോശം പ്രകടനം ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. മറുവശത്ത് കരുത്തരെ വീഴ്ത്താനായത് ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ യുഎസ്എയ്ക്ക് കരുത്ത് പകരും.

New Update
usa vs ban

ടെക്‌സാസ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അമേരിക്കയ്ക്ക്. ഇന്ന് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആറു റണ്‍സിനാണ് ആതിഥേയരുടെ ജയം. സ്‌കോര്‍: യുഎസ്എ-20 ഓവറില്‍ ആറു വിക്കറ്റിന് 144, ബംഗ്ലാദേശ്-19.3 ഓവറില്‍ 138ന് പുറത്ത്.

Advertisment

38 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍, 28 പന്തില്‍ 31 റണ്‍സെടുത്ത സ്റ്റീവന്‍ ടെയ്‌ലര്‍, 34 പന്തില്‍ 35 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സ് എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത യുഎസ്എയെ 144-ലെത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷൊരിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

34 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 30 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. മറ്റുള്ളവര്‍ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റെടുത്ത അലി ഖാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗരഭ് നേത്രാവല്‍ക്കര്‍, ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക്ക്, ഒരു വിക്കറ്റ് വീഴ്ത്തിയ കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ബൗളിംഗിന് മുന്നില്‍ ബംഗ്ലാദേശ് നിഷ്പ്രഭമായി.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുഎസ്എ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം മത്സരം നാളെ നടക്കും. ഐസിസി റാങ്കിംഗില്‍ 19-ാമതുള്ള യുഎസ്എയോടാണ് ഒമ്പതാമതുള്ള ബംഗ്ലാദേശ് തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയത്.

ടി20 ലോകകപ്പ് അടുത്തിരിക്കെ താരങ്ങളുടെ മോശം പ്രകടനം ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. മറുവശത്ത് കരുത്തരെ വീഴ്ത്താനായത് ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളില്‍ ഒന്നായ യുഎസ്എയ്ക്ക് കരുത്ത് പകരും.

 

Advertisment