റിയാദ്: ഐപിഎല്‍ താരലേലത്തില്‍ ചരിത്രം കുറിച്ച് കൗമാര താരം വൈഭവ് സൂര്യവന്‍ശി. ഒരു ടീം എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡ് ഇനി വൈഭവിന്റെ പേരിലാകും. വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന് റോയല്‍സ് താരത്തെ ടീമിലെത്തിച്ചത്.
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ റോയല്‍സ് തയാറായില്ല. രാജസ്ഥാനും ഡല്‍ഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയത്. രഞ്ജിയിൽ ബിഹാറിനായി അരങ്ങേറ്റം കുറിക്കുമ്പോൾ 12 വയസും 284 ദിവസവും മാത്രവുമായിരുന്നു പ്രായം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.
ഇതോടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും ഈ ഇടം കൈയ്യൻ ബാറ്റ്സ്മാന് ഇടം ലഭിച്ചു. ഇംഗ്ലണ്ടിനും ബംഗ്ലദേശിനുമെതിരായ അണ്ടർ 19 പരമ്പരകളിലും വൈഭവ് ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.