/sathyam/media/media_files/2026/01/03/sanju-2026-01-03-17-47-27.jpg)
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് അനായാസ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം 300-ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്. ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലടക്കം ചാമ്പ്യന്മാരായ കരുത്തരായ ഝാർഖണ്ഡിനെയാണ് കേരളം അനായാസം മുട്ടുകുത്തിച്ചത്. സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ക്യാപ്റ്റൻ ഇഷാൻ കിഷൻ അടക്കം ഫോമിലേക്ക് ഉയരാതെ പോയ മത്സരത്തിൽ കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് ഝാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഝാർഖണ്ഡിന് 20 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത ശിഖർ മോഹനെ ഏദൻ ആപ്പിൾ ടോമും ആറ് റൺസെടുത്ത ഉത്കർഷ് സിങ്ങിനെ എം.ഡി. നിധീഷും പുറത്താക്കി. 15 റൺസെടുത്ത വിരാട് സിങ് കൂടി പുറത്തായതോടെ മൂന്ന് വിക്കറ്റിന് 65 റൺസ് എന്ന നിലയിലായിരുന്നു ഝാർഖണ്ഡ്.
നാലാം വിക്കറ്റിൽ ഇഷാൻ കിഷനും കുമാർ കുശാഗ്രയും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 21 റൺസെടുത്ത ഇഷാൻ കിഷനെ ബാബ അപരാജിത് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. മത്സരത്തിൽ കേരളം പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ ഒത്തുചേർന്ന കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന് നേടിയ 176 റൺസിൻ്റെ കൂട്ടുകെട്ടാണ് ഝാർഖണ്ഡിൻ്റെ സ്കോർ 311-ൽ എത്തിച്ചത്. അനുകൂൽ റോയി 72 റൺസെടുത്തപ്പോൾ കുമാർ കുശാഗ്ര 143 റൺസുമായി പുറത്താകാതെ നിന്നു. 137 പന്തുകളിൽ എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു കുശാഗ്രയുടെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും സഞ്ജു സാംസണും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. 13-ാം ഓവറിൽ തന്നെ കേരളത്തിൻ്റെ സ്കോർ 100 കടന്നു. വെറും 59 പന്തുകളിൽ നിന്ന് രോഹൻ സെഞ്ച്വറി തികച്ചു. മറുവശത്ത് സഞ്ജുവും കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ 24-ാം ഓവറിൽ കേരളം 200-ൽ എത്തി.
സ്കോർ 212-ൽ നിൽക്കെ 124 റൺസെടുത്ത രോഹൻ പുറത്തായി. 78 പന്തുകളിൽ നിന്ന് എട്ട് ഫോറും 11 സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. ഇതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ റെക്കോർഡിനൊപ്പവും (11 സിക്സുകൾ) രോഹൻ എത്തി. 2019-ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് രോഹൻ എത്തിയത്.
മറുവശത്ത് സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ സഞ്ജു സാംസണും പുറത്തായി. 95 പന്തുകളിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 101 റൺസാണ് സഞ്ജു നേടിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ അപരാജിത്തും (41*) വിഷ്ണു വിനോദും (40*) ചേർന്ന് 43-ാം ഓവറിൽ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us