വിജയ് ഹസാരെ ട്രോഫിക്ക് പുതുവർഷത്തിൽ കൂടുതൽ താരത്തിളക്കം; ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ എന്നിവർ കളത്തിലിറങ്ങും

New Update
vijay hasare

വിജയ് ഹസാരെ ട്രോഫിക്ക് പുതുവർഷത്തിൽ കൂടുതൽ താരത്തിളക്കം. ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ എന്നിവർ ദേശീയ ടീമിന്റെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ആഭ്യന്തര 50 ഓവർ ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ തങ്ങളുടെ പ്രാദേശിക ടീമുകൾക്കായി കളിക്കാനെത്തും.

Advertisment

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ജനുവരിയിൽ ജയ്പൂരിൽ നടക്കുന്ന സിക്കിമിനും , ഗോവയ്ക്കും എതിരായ മത്സരങ്ങളിൽ പഞ്ചാബിനായി കളിക്കുമെന്നാണ് വിവരം. ഗ്രൂപ്പ് സിയിൽ മുംബൈയ്ക്കൊപ്പം ഉള്ള പഞ്ചാബ് മൂന്ന് മത്സരങ്ങളിൽ രണ്ട് ജയങ്ങളോടെ നാലാം സ്ഥാനത്താണ്. തുടർന്ന് ജനുവരി 7–8 തീയതികളിൽ ബറോഡയിൽ ചേരുന്ന ഇന്ത്യൻ ക്യാമ്പിലേക്ക് ഗിൽ പുറപ്പെടും.

ജനുവരിയിൽ സർവീസസിനും ഗുജറാത്തിനും എതിരായുള്ള മത്സരങ്ങളിൽ സൗരാഷ്ട്രയ്ക്കായി ജഡേജ കളിക്കുമെന്ന് എസ്‌സിഎയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കെ.എസ്.സി.എ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജനുവരിയിൽ കർണാടകയ്ക്കായി രാഹുൽ ഇറങ്ങാൻ സാധ്യതയുണ്ട്. ഗ്രൂപ്പ് എയിൽ മൂന്ന് ജയങ്ങളോടെ കർണാടക രണ്ടാം സ്ഥാനത്താണ്.

അതേസമയം, യശസ്വി ജയ്സ്വാൽ ജയ്പൂരിലെത്തിയതായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. ഗോവയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കുമെന്നാണ് സൂചന. ബുമ്രയെ ഒഴികെ ഭൂരിഭാഗം അന്താരാഷ്ട്ര താരങ്ങളും ബിസിസിഐയുടെ നിർദേശപ്രകാരം വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്.

Advertisment