പാരീസ്: പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (സിഎഎസ്) ഗുസ്തി താരം വിനേഷ് ഫോഗട്ട് അപ്പീൽ നൽകി.
തനിക്ക് വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷിന്റെ ആവശ്യം. വ്യാഴാഴ്ച രാവിലെ സിഎഎസ് അന്തിമ വിധി പറയും. വിധി അനുകൂലമായാൽ ഒളിമ്പിക് കമ്മിറ്റിക്ക് വിനേഷിനും വെള്ളി നല്‍കേണ്ടി വരും.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ കടന്നശേഷമാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
കായികവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആർബിട്രേഷനിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹരിക്കുന്നതിന് 1984-ൽ സ്ഥാപിതമായ ഒരു സ്വതന്ത്ര സ്ഥാപനമാണ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ട് (സിഎഎസ്).
ഇതിൻ്റെ ആസ്ഥാനം സ്വിറ്റ്‌സർലൻഡിലെ ലൊസാനെയിലാണ്. കൂടാതെ ന്യൂയോർക്ക് സിറ്റിയിലും സിഡ്‌നിയിലും കോടതികളുണ്ട്. ഒളിമ്പിക് ആതിഥേയ നഗരങ്ങളിൽ താൽക്കാലിക കോടതികൾ സ്ഥാപിച്ചിട്ടുണ്ട്.
സിഎഎസ് ഏതൊരു കായിക സംഘടനയിൽ നിന്നും സ്വതന്ത്രമാണ്. കൂടാതെ, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്ടിൻ്റെ (ICAS) ഭരണപരവും സാമ്പത്തികവുമായ അധികാരത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കായിക സമൂഹത്തിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ സിഎഎസ് നിർണായക പങ്ക് വഹിക്കുന്നു.