ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തിലെ ഫൈനലിൻ്റെ തലേദിവസം രാത്രി വിനേഷ് ഫോഗട്ട് ഭാരം കുറയ്ക്കാന്‍ കഠിനമായി പരിശ്രമിച്ചിരുന്നെന്നും, താരം മരിക്കുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും പരിശീലകനായ വോളര്‍ അക്കോസ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹംഗറി സ്വദേശിയായ വോളര്‍ അക്കോസിന്റെ പ്രതികരണം. പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു.
"സെമി ഫൈനലിന് ശേഷം, 2.7 കിലോ അധിക ഭാരമുണ്ടായിരുന്നു. ഞങ്ങൾ ഒരു മണിക്കൂറും ഇരുപത് മിനിറ്റും വ്യായാമം ചെയ്തു, പക്ഷേ 1.5 കിലോഗ്രാം അധിക ഭാരം അപ്പോഴും അവശേഷിച്ചു. പിന്നീട് 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും ഒരു തുള്ളിപോലും ശരീരത്തില്‍നിന്ന് വിയര്‍പ്പ് പൊടിഞ്ഞില്ല.
മറ്റൊരു വഴിയും ബാക്കിയുണ്ടായിരുന്നില്ല. അർദ്ധരാത്രി മുതൽ പുലർച്ചെ 5:30 വരെ അവൾ വ്യത്യസ്ത കാർഡിയോ മെഷീനുകളിലടക്കം പരിശ്രമിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂറോളം ഒറ്റയടിക്ക് വ്യായാമം. രണ്ടോ മൂന്നോ മിനിറ്റ് മാത്രം വിശ്രമം. തുടര്‍ന്നും വ്യായാമം. ഇതിനിടെ തളര്‍ന്നുവീണു. ഞാന്‍ എഴുന്നേല്‍പിച്ചു. പിന്നെ ഒരു മണിക്കൂര്‍ സോനാ ബാത്ത് ചെയ്തു. അവര്‍ മരിക്കുമെന്നാണ് ഞാന്‍ കരുതിയത്," അക്കോസ് എഴുതി.