New Update
/sathyam/media/media_files/2025/09/07/kca-vinoop-2025-09-07-21-57-07.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) കലാശ പോരാട്ടത്തിൽ കൊല്ലം ഏരീസിനെതിരെ കൊച്ചി ബ്ലൂടൈഗേഴ്സിന്റെ വിനൂപ് മനോഹരന് തകർപ്പൻ അർധ സെഞ്ചുറി.വെറും 30 പന്തിൽ നിന്ന് 70 റൺസാണ് അടിച്ചെടുത്തത്.നാല് സിക്സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു വിനൂപിന്റെ ബാറ്റിംഗ്.
Advertisment
വെറും 20 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ താരം, കൊല്ലം സെയിലേഴ്സ് ബൗളർമാരെ നിർദയംപ്രഹരിച്ചു. നിലവിലെ ചാമ്പ്യന്മാർക്കെതിരെ മികച്ച തുടക്കമാണ് വിനൂപിന്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് ബ്ലൂടൈഗേഴ്സിന് സമ്മാനിച്ചത്.
സീസണിൽ ആകെ 12 മത്സരങ്ങളിൽ നിന്ന് 414 റൺസാണ് വിനൂപ് നേടിയത്. മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടുന്നതാണീ നേട്ടം.ടൂർണമെന്റിൽ ആകെ 39 ഫോറുകളും 20 സിക്സറുകളും നേടി റൺ നേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ഏഴ് വർഷമായി കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമായ വിനൂപ് ആലപ്പുഴ സ്വദേശിയാണ് . കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പൾസിനായി കളിച്ചപ്പോൾ ആകെ 106 റൺസാണ് നേടിയത്. വലംകൈയ്യൻ ബാറ്റ്സ്മാനായ താരം ഓഫ് സ്പിൻ ബൗളിംഗിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. 2011-12 ൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്.നിലവിൽ സ്വാന്റൺസ് സി.സി.യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ വിവിധ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എസ്.ബി.ഐ ബാങ്ക് ജീവനക്കാരൻ കൂടിയാണ് വിനൂപ് മനോഹരൻ.