ഇംഗ്ലണ്ട് ടെസ്റ്റ്; ആദ്യ ദിനം 400 കടന്ന് ഇന്ത്യൻ വനിതകൾ

ദീപ്തി ശർമ്മയും സ്നേഹ് റാണയും ചേർന്ന ഏഴാം വിക്കറ്റിൽ 92 റൺസ് പിറന്നു. 30 റൺസെടുത്താണ് സ്നേഹ് റാണ പുറത്തായത്.

New Update
england india win.jpg

മുംബൈ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഇന്ത്യൻ വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തു. ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ശുഭ സതീഷ്, ജമീമ റോഡ്രി​ഗസ്, യാസ്തിക ഭാട്ടിയ, ക്രീസിൽ തുടരുന്ന ദീപ്തി ശർമ്മ എന്നിവർ അർദ്ധ സെഞ്ചുറികൾ നേടി. ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറിന്റെ വിലയേറിയ 49 റൺസും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

Advertisment

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാന 17 റൺസെടുത്തും ഷഫാലി വർമ്മ 19 റൺസെടുത്തും വേ​ഗത്തിൽ മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ സതീഷും ജമീമ റോഡ്രി​ഗസും ഇന്ത്യൻ ഇന്നിം​ഗ്സിന് അടിത്തറയിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 115 റൺസ് കൂട്ടിച്ചേർത്തു.

ശുഭ 69ഉം ജമീമ 68ഉം റൺസെടുത്താണ് മടങ്ങിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറും യാസ്തിക ഭാട്ടിയയും 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 49 റൺസെടുത്ത ഹർമ്മൻപ്രീത് അപ്രതീക്ഷിതമായി റൺഔട്ടായി. പിന്നാലെ 66 റൺസെടുത്ത് യാസ്തിക ഭാട്ടിയയും പുറത്തായി.

ദീപ്തി ശർമ്മയും സ്നേഹ് റാണയും ചേർന്ന ഏഴാം വിക്കറ്റിൽ 92 റൺസ് പിറന്നു. 30 റൺസെടുത്താണ് സ്നേഹ് റാണ പുറത്തായത്. 60 റൺസുമായി പുറത്താകാതെ നിൽക്കുന്ന ദീപ്തി ശർമ്മയിലാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രതീക്ഷ. പൂജ വസ്ത്രേക്കർ നാല് റൺസുമായും ക്രീസിലുണ്ട്.

latest news england
Advertisment