ലോക ജേതാക്കൾ നാളെ തലസ്ഥാനത്തേക്ക്; ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

New Update
kariyavattam stediyum

തിരുവനന്തപുരം: കായിക പ്രേമികള്‍ക്ക് ആവേശമായി ലോക ജേതാക്കളായ  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നാളെ കേരളത്തിലെത്തും.      ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ്  ടീമുകള്‍ നാളെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായി  കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ്  ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക.  അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. നാളെ ( ബുധനാഴ്ച) വൈകുന്നേരം 5.40 ന്  പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീമുകള്‍ക്ക് തിരുവനന്തപുരം    ഹയാത്ത് റീജന്‍സിയിലാണ്  താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഡിസംബർ 25-ന് ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെ ശ്രീലങ്കൻ ടീമും, വൈകിട്ട് 6:00 മുതൽ രാത്രി 9:00 വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.

Advertisment

വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിക്കുക. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് 125 രൂപയാണ് ഇവർക്കുള്ള ടിക്കറ്റ് നിരക്ക്. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലോകോത്തര താരങ്ങൾ തലസ്ഥാനത്ത് എത്തുന്നത് കായിക പ്രേമികൾക്ക് ഇരട്ടി മധുരമാകും. ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന് സ്വന്തം മണ്ണിൽ മികച്ച പിന്തുണ നൽകാൻ വലിയൊരു ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍  പ്രതീക്ഷിക്കുന്നത്. വനിതാ ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ വരുമ്പോൾ ഗ്രീൻഫീൽഡിൽ തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം.അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ആഹാര പദാർത്ഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടികൾ, ലഹരി പദാർത്ഥങ്ങൾ,ബാഗ്, കുട, ഹെൽമറ്റ്, കാമറ  എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ല.  സുഗമമായ പ്രവേശനം ഉറപ്പാക്കാൻ ഓരോരുത്തരും ടിക്കറ്റിൽ രേഖപ്പെടുത്തിയ ഗേറ്റുകൾ വഴി കൃത്യസമയത്ത് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രദ്ധിക്കണമെമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment