/sathyam/media/media_files/OcTJyk2WoKUyL9ZYmlsI.jpg)
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ 135 റണ്‍സെടുത്തു. മുംബൈയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ആദ്യം ബാറ്റു ചെയ്ത ആര്‍സിബിയ്ക്ക് മുംബൈ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 50 പന്തില്‍ 66 റണ്‍സെടുത്ത എലൈസ് പെറി മാത്രമാണ് തിളങ്ങിയത്. മുംബൈയ്ക്കു വേണ്ടി ഹെയ്‌ലി മാത്യുസ്, നാറ്റ് സിവര്‍ ബ്രന്റ്, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒരു ഘട്ടത്തില്‍ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിച്ച മത്സരത്തില്‍ ആര്‍സിബി ബൗളര്‍മാര്‍ ആഞ്ഞടിച്ചതോടെ മുംബൈ ബാറ്റിംഗ് നിര നിലംപരിശാവുകയായിരുന്നു. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു മുംബൈയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍ മലയാളിതാരം ആശാ ശോഭന എറിഞ്ഞ ഓവറില്‍ ആറു റണ്‍സ് മാത്രമാണ് മുംബൈ നേടിയത്. ഈ ഓവറില്‍ ഒരു വിക്കറ്റും ആശ സ്വന്തമാക്കി.
30 പന്തില്‍ 33 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കു വേണ്ടി ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആര്‍സിബി ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.