മലയാളി പൊളിയല്ലേ ! ഇന്നലെ സജന, ഇന്ന് ശോഭന; വനിതാ പ്രീമിയര്‍ ലീഗില്‍ മലയാളി വിസ്മയം; മലയാളി താരത്തിന്റെ കിടിലന്‍ ബൗളിംഗില്‍ ആര്‍സിബിക്ക് 'കിടു' ജയം

വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുപി വാരിയേഴ്‌സിനെ തോല്‍പിച്ചു. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം

New Update
sobhana asha

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുപി വാരിയേഴ്‌സിനെ തോല്‍പിച്ചു. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. 

Advertisment

ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. യുപി വാരിയേഴ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റെടുത്ത മലയാളി താരം ശോഭന ആശയാണ് യുപി ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്.

37 പന്തില്‍ 62 റണ്‍സെടുത്ത റിച്ച ഘോഷ്, 44 പന്തില്‍ 53 റണ്‍സെടുത്ത സഭിനേനി മേഘന എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. യുപിക്ക് വേണ്ടി രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

23 പന്തില്‍ 38 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 25 പന്തില്‍ 31 റണ്‍സെടുത്ത ശ്വേത ഷെറാവത്ത്, 18 പന്തില്‍ 22 റണ്‍സെടുത്ത തഹ്ലിയ മഗ്രാത്ത് എന്നിവര്‍ക്ക് മാത്രമേ യുപി ബാറ്റര്‍മാരില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാനായുള്ളൂ. നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ശോഭന ആശ അഞ്ച് വിക്കറ്റെടുത്തത്. വനിതാ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദ്യ സ്പിന്നറെന്ന നേട്ടവും ശോഭന സ്വന്തമാക്കി.

വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മലയാളി താരങ്ങള്‍ തിളങ്ങുകയാണ്. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്‌സടിച്ച് മലയാളി താരം സജന സജീവനാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. അവസാന പന്തില്‍ അഞ്ച് റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തില്‍ സജന സിക്‌സര്‍ പായിക്കുകയായിരുന്നു.

Advertisment