/sathyam/media/media_files/fWzun37SiNTqSKxSRCqX.jpg)
മുംബൈ : ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ആർ. പ്രഗ്നാനന്ദയുടെ രക്ഷിതാക്കൾക്ക് വൈദ്യുത വാഹനം സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ചെസ് ലോകകപ്പ് ഫൈനലിൽ നോർവേയുടെ മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ പ്രഗ്നാനന്ദയ്ക്കു ‘മഹീന്ദ്ര ഥാർ’ സമ്മാനിക്കണമെന്ന് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പ്രതികരിച്ച ആരാധകനു മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ. ചെസിൽ വളരുന്നതിനു പ്രഗ്നാനന്ദയ്ക്കു നൽകിയ പിന്തുണയ്ക്കുള്ള നന്ദിയായാണു വാഹനം സമ്മാനിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു.
‘‘എനിക്കു മറ്റൊരു ആശയമാണുള്ളത്. കുഞ്ഞുങ്ങളെ ചെസ്സിലേക്ക് അടുപ്പിക്കുന്നതിന് രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. വൈദ്യുത വാഹനങ്ങൾ പോലെ തന്നെ, നല്ല ഭാവിക്കായുള്ള നിക്ഷേപമാണത്. പ്രഗ്നാനന്ദയുടെ രക്ഷിതാക്കളായ നാഗലക്ഷ്മിക്കും രമേഷ് ബാബുവിനും എക്സ്‍യുവി400 ഇവി സമ്മാനിക്കാൻ ഞാൻ ആലോചിക്കുന്നുണ്ട്. മകന്റെ താൽപര്യത്തെ വളർത്തിയതിനും, പിന്തുണച്ചതിനും നമ്മുടെ നന്ദി അവർ അർഹിക്കുന്നുണ്ട്.’’– ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
കുറിപ്പിന്റെ അവസാനം മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ സിഇഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ രാജേഷ് ജേജുരികറിന്റെ അഭിപ്രായവും ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. വാഹനം നൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്യുമെന്ന് രാജേഷ് ജേജുരികറും അറിയിച്ചു. ലോകകപ്പ് ചെസിന്റെ ടൈബ്രേക്കറിലാണ് മാഗ്നസ് കാൾസനു മുന്നിൽ പ്രഗ്നാനന്ദ തോൽവി സമ്മതിച്ചത്.
ആദ്യ രണ്ടു ദിവസത്തെ മത്സരങ്ങളിൽ കാൾസനെ സമനിലയിൽ തളച്ച പ്രഗ്നാനന്ദ ടൈബ്രേക്കറിൽ പൊരുതി വീഴുകയായിരുന്നു. മത്സരങ്ങൾക്കായി പ്രഗ്നാനന്ദയ്ക്കൊപ്പം ലോകം ചുറ്റുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രവും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനാണ് പ്രഗ്നാനന്ദയുടെ അച്ഛൻ രമേഷ് ബാബു. സഹോദരി വൈശാലിയും ചെസ് താരമാണ്.