കോഴിക്കോട്‌

മലബാറിലെ പ്രഥമ ശ്രീനാരായണ സന്യാസാശ്രമം തിരുവമ്പാടിയിൽ ഉയരുന്നു

സുഭാഷ് ടി ആര്‍
Saturday, July 24, 2021

സ്വാമി ജ്ഞാന തീർത്ഥയ്ക്ക് ദിവ്യശ്രീ ചൈതന്യ സ്വാമികളുടെ ജീവചരിത്ര പുസ്തകം നൽകി യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ സ്വീകരിക്കുന്നു

കോഴിക്കോട്: തിരുവമ്പാടിയിൽ നിർമ്മാണമാരംഭിച്ച മലബാറിലെ തന്നെ പ്രഥമമായ ശ്രീനാരായണ ഗുരു പരമ്പരയിലെ സന്യാസ ആശ്രമത്തിൻ്റെ ഉൽഘാടനം ഗുരുദേവ ജയന്തി ദിനത്തിൽ നടക്കുമെന്ന് ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാന തീർത്ഥ പറഞ്ഞു.

തിരുവമ്പാടിയിൽ നിർമാണമാരംഭിച്ച ആശ്രമത്തിൻ്റെ സന്ദേശവുമായി എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള അത്താണിക്കൽ ശ്രീനാരായണഗുരുവ രാശ്രമം സന്ദർശിച്ച സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു.

ഗുരുവരാശ്രമത്തിൽ എത്തിച്ചേർന്ന സ്വാമി ജ്ഞാന തീർത്ഥയ്ക്ക് ദിവ്യശ്രീ ചൈതന്യ സ്വാമികളുടെ ജീവചരിത്രം നൽകി യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ സ്വീകരിച്ചു. തിരുവമ്പാടി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാലും സ്വാമിജിയോടൊപ്പം ഉണ്ടായിരുന്നു.

ചടങ്ങിൽ കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷനായി.സെക്രട്ടറി സുധീഷ് കേശവപുരി തിരുവമ്പാടി യൂണിയൻ പ്രസിഡൻറ് ഗിരി പാമ്പനാൽ, കെ.ബിനുകുമാർ എന്നിവർ സംസാരിച്ചു.

മലബാർ പ്രദേശത്തെ മുഴുവൻ ജില്ലകളിലും ശ്രീനാരായണ ഗുരുദേവ ദർശനം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സന്നദ്ധരായ ബ്രഹ്മചാരികളെയും സന്യാസിമാരെയും ഗുരുധർമ്മ പ്രചാരകരെയും സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് തിരുവമ്പാടിയിൽ ഇത്തരത്തിലൊരു സംരംഭം തുടങ്ങുവാൻ തീരുമാനിച്ചതെന്ന് സ്വാമി ജ്ഞാന തീർത്ഥ പറഞ്ഞു.

മലബാറിൻ്റെ ആത്മീയ മേഖലയിൽ ശ്രീനാരായണ സന്ദേശങ്ങളും ദർശനവും പ്രചരിപ്പിക്കുവാൻ
ഇത്തരത്തിലുള്ള സ്ഥാപനം വലിയ മുതൽക്കൂട്ടായി മാറുമെന്നും സ്വാമിജി സൂചിപ്പിച്ചു.

×