മലയാള സിനിമയെ നശിപ്പിച്ചത് സൂപ്പര്‍താരങ്ങളെന്ന് ശ്രീകുമാരന്‍ തമ്പി: ഷെയ്ന്‍ നിഗം കാട്ടിയത് നിഷേധം

ഉല്ലാസ് ചന്ദ്രൻ
Monday, December 2, 2019

സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമയെ നശിപ്പിക്കുമെന്ന് 35 വര്‍ഷം മുന്‍പേ താന്‍ പറഞ്ഞിരുന്നുവെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഷെയ്ന്‍ നിഗം വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഷെയ്ന്‍ നിഗത്തിന്റെ നടപടിയെ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഒരു ‘സ്‌കൂപ്പ്’ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ഇതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും പറഞ്ഞെങ്കിലും മുതിര്‍ന്ന താരങ്ങള്‍ കാണിച്ച അര്‍പ്പണബോധം ഈ ചെറുപ്പക്കാരന്‍ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിഷേധമാണ് ഷെയന്‍ കാട്ടിയത്. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്കറിയില്ല. താന്‍ പുകവിക്കുക പോലും ചെയ്യുന്ന ആളല്ല- അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളുടെ സെറ്റില്‍ അത്തരം പ്രവണത അനുവദിക്കുകയുമില്ല.

നീണ്ടതലമുടി വച്ച് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അത് വെട്ടിക്കളഞ്ഞാന്‍ പിന്നീട് ചിത്രീകരണം തുടരാന്‍ കഴിയില്ല. വിഗ് വയക്കുക എന്നത് പ്രായോഗികമല്ല. മോഹന്‍ലാല്‍ നേരത്തെ മുതല്‍ വിഗ് വച്ച് അഭിനയിച്ച ആളാണ്. തന്റെ അടുത്ത് വരുമ്പോള്‍ മോഹന്‍ലാല്‍ അങ്ങേയറ്റം വിനീതനായിരുന്നു.

അതേസമയം, ഇപ്പോള്‍ അദ്ദേഹം ഒരുപാട് മാറി. അബിയുടെ കാര്യത്തില്‍ തനിക്ക് സങ്കടമുണ്ട്. ഒപ്പം വന്നവരും അസിസ്റ്റന്റായവരും വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയപ്പോള്‍ അങ്ങേയറ്റം നിരാശനായിരുന്നു അബി.  ചലച്ചിത്ര രംഗത്തെ പല പ്രമുഖരും മദ്യവും മറ്റ് ലഹരികളും ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

പക്ഷേ അവര്‍ തങ്ങളുടെ തൊഴിലില്‍ കൃത്യനിഷ്ഠ കാണിച്ചിരുന്നു. കാരവാന്റെ ഉപയോഗമാണ് മലയാള സിനിമയെ നശിപ്പിക്കുന്നതെന്ന അഭിപ്രായം അദ്ദേഹം ശരിവച്ചു. താരങ്ങളെ കാണാന്‍ പോലും കഴിയില്ല. അവരോട് സംസാരിക്കാന്‍ മാനേജര്‍മാരുടെ അനുവാദം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. നിര്‍മ്മാതാക്കളുടെ ഭാഗത്തും പ്രശ്‌നമുണ്ട്. ഷെയ്ന്‍ മാത്രമല്ല ചെറുപ്പക്കാരായ മറ്റ് താരങ്ങളും നിരുത്തരവാദിത്തപരമായി പെരുമാറുന്നുണ്ട്. പഴയ നിര്‍മാതാക്കള്‍ പിന്‍വാങ്ങിയതിനും കാരണം സൂപ്പര്‍താരങ്ങളാണ്. പി.കെ.ആര്‍.പിള്ളയും സെവന്‍ ആര്‍ട്‌സ് വിജയകുമാറും എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

×