നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ 2021 ലെ ‘വുമൺ ഓഫ് ദി ഇയർ അവാർഡ് 2021’ ശ്രീലേഖ ഐപിഎസ്സിന്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 5, 2021

തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ.എച്.ആർ.എഫ്) 2021 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ “എൻ.എച്.ആർ.എഫ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021” പ്രഖ്യാപിച്ചു.

അവാർഡ് കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും, ആദ്യത്തെ വനിതാ ഡി.ജി.പിയുമായിരുന്ന ശ്രീലേഖ ഐ.പി.എസ്സിന് ആണ് ലഭിക്കുന്നത്. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (NHRF) അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ഇന്ത്യയിലുടനീളം പ്രവർത്തിച്ചു വരുന്ന ഒരു മനുഷ്യാവകാശ സംഘടനയാണ്.

ഈ സംഘടന ഇത്തരത്തിലുള്ള അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ആത്മാർത്ഥമായും,സത്യസന്ധമായും ഔദ്യോഗികമായി കൃത്യനിർവഹണം നടത്തുന്നവരുടെ സേവനത്തിനുള്ള അംഗീകാരമായും, ഇത്തരം പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ മറ്റുള്ളവർക്ക് പ്രചോദനം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ്.

കോളേജ് ലക്ചററായും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായും ശ്രീലേഖ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ൽ ആണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

പോലീസ് ഓഫീസർ എന്ന നിലയിൽ ഒരു സ്ത്രീയെന്ന പ്രതിബദ്ധതകളെല്ലാം മറികടന്ന് മൂന്ന് ജില്ലകളിൽ പോലീസ് സൂപ്രണ്ട് ആയും, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എറണാകുളം റേഞ്ചിലെ ഡി.ഐ.ജി, വിജിലൻസ്, സി.ബി.ഐ, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളിൽ സി.ഇ.ഒ., ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ആദ്യ വനിതാ ജയിൽ മേധാവി ,സ്ത്രീ സുരക്ഷക്കായുള്ള നിർഭയ പദ്ധതിയുടെ നോഡൽ ഓഫീസർ , ട്രാൻസ്പോർട്ട് കമ്മീഷണർ, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഡയറക്ടർ ജനറൽ , എന്നീ പദവികളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിജിലൻസിൽ ആയിരുന്നപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിക്കുകയുമുണ്ടായി. ഫയർ ഫോഴ്സ് മേധാവിയായിട്ടായിരുന്നു സർവീസിൽ നിന്നും വിരമിച്ചത്.

സാമൂഹ്യ സേവനത്തിലും , സന്നദ്ധപ്രവർത്തനങ്ങളിലുമെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു. പോലീസ് ഓഫീസർ എന്നതിലുപരി ഒരു എഴുത്തുകാരിയെന്ന നിലയിലും സജീവമായിരുന്നു. ഒൻപത്തിലധികം പുസ്തകങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചു, കൂടാതെ മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെല്ലാം സജീവമാണ്.

ഒരു മനുഷ്യ സ്നേഹി എന്ന നിലയിൽ, സ്ത്രീകളുടെ പ്രശ്നങ്ങൾ, മൃഗക്ഷേമം, മനുഷ്യാവകാശം, മറ്റ് മാനുഷിക മൂല്യങ്ങളുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം തന്നെ ഉയർന്ന പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസർ, കലാകാരി, എഴുത്തുകാരി, മനുഷ്യസ്നേഹി എന്നീ നിലകളിൽ എല്ലാം തന്നെ ഇവരുടെ സംഭാവനകൾ വളരെയധികം വിലമതിക്കുന്നതാണ്. ചുരുക്കത്തിൽ കേരളാ പൊലീസിന് എന്നെന്നേക്കുമായി അഭിമാനിക്കാനുള്ള സംഭാവനകൾ നൽകിയാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

×