സ്വന്തം മൈതാനത്ത് കീവിസിനെ വിറപ്പിച്ച് ശ്രീലങ്ക

സ്പോര്‍ട്സ് ഡസ്ക്
Saturday, August 17, 2019

കൊളംബോ: സ്വന്തം മൈതാനത്ത് കീവിസിനെ വിറപ്പിച്ച് ശ്രീലങ്ക. ആദ്യ ടെസ്റ്റ് അവസാനിക്കാൻ ഒരു ദിനം അവശേഷിക്കെ ലങ്ക അതിശക്തമായ നിലയിലാണ്. കീവിസ് ഉയർത്തിയ 268 റൺസ് പിന്തുടരുന്ന ലങ്ക ഇപ്പോൾ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 133 റൺസ് നേടിയിട്ടുണ്ട്.

ദിമുത് കരുണരത്‌ന(71), ലഹിരു തിരിമനെ (57) എന്നിവരാണ് ക്രീസിൽ. ഒന്നാം ഇന്നിംഗ്‌സിൽ 18 റൺസ് ലീഡ് വഴങ്ങിയ കീവീസ് 285 റൺസിന് രണ്ടാം ഇന്നിംഗ്സിൽ ഓൾ ഔട്ടായി.

ലങ്കൻ നിരയിൽ നാല് വിക്കറ്റെടുത്ത ലസിത് എംബൽഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസിൽവയുമാണ് സന്ദർശകർക്ക് പ്രഹരം നൽകിയത്. ന്യൂസിലൻഡിന് വേണ്ടി 77 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാട്ലിംഗാണ് തിളങ്ങിയത്. 45 റൺസെടുത്ത ടോം ലാഥം, 40 റൺസെടുത്ത വില്ല്യം സോമർവില്ലെ എന്നിവരുടെ കൂടി കരുത്തിലാണ് പൊരുതാവുന്ന സ്‌കോർ കുറിച്ചത്.

അതേസമയം രണ്ടാം ഇന്നിംഗ്സിൽ ലങ്ക വലിയ ആത്മവിശ്വാസത്തിലാണ്. അഞ്ച് ബോളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉറച്ചുനിന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഒരു ദിനം അവശേഷിക്കെ പത്ത് വിക്കറ്റ് കൈയ്യിലുള്ള ലങ്കയ്ക്ക് 135 റൺസാണ് ജയിക്കാൻ വേണ്ടത്.

×