എസ് എസ് എൽ സി റിസൾട്ട് വന്നു; മലബാറുകാർക്കു ഇക്കുറിയും കഞ്ഞി കുമ്പിളിൽ തന്നെ”: ഇന്ത്യൻ സോഷ്യൽ ഫോറം

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Friday, July 3, 2020

ജിദ്ദ: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിലെ വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി വിജയാശംസകൾ നേരുന്നു . അതേ സമയം വിജയിച്ച വിദ്യാർഥികൾക്കു സ്വന്തം നാട്ടിൽ തുടർപഠനത്തിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിക്കാത്ത സർക്കാർ നടപടിയിൽ സോഷ്യൽ ഫോറം ശക്തമായി പ്രതിഷേധിച്ചു.

സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുകയും കൂടുതൽ കുട്ടികൾ വിജയിക്കുകയും സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടുകയും ചെയ്ത ജില്ലയാണ് മലപ്പുറം.

മലപ്പുറമടങ്ങുന്ന മലബാറിനോട് കാലാകാലങ്ങളായി ഇരുസർക്കാറുകളും അനുവർത്തിച്ചു പോരുന്ന ചിറ്റമ്മ നയം മേഖലയെ വികസന കാര്യത്തിൽ പിന്നോട്ടടിപ്പിക്കുന്നതാണ്. തുടർപഠനത്തിന്‌ അർഹത നേടിയ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിലെ സ്കൂളുകളിൽ ഇല്ലെന്ന സ്ഥിരം പല്ലവി തന്നെയാണ് ഇത്തവണയും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കേൾക്കാനും കാണാനും കഴിയുന്നത്. ഇടതും വലതും പിന്നെ ജില്ലയുടെ മൊത്തക്കുത്തക അവകാശപ്പെടുന്ന പാർട്ടിയും മാറി മാറി ദശാബ്ദങ്ങളോളം ഭരിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലബാറിനോടുള്ള അവഗണനക്കു യാതൊരു കുറവും ഉണ്ടായില്ല എന്നുമാത്രം.

ഭരണത്തിലിരിക്കുമ്പോൾ വികസനം മറക്കുന്ന മുന്നണികൾ പ്രതിപക്ഷത്തിരിക്കുമ്പോൾ സമരവും മുറവിളിയുമായി വരുന്ന കാഴ്ചയാണ് വോട്ടു ചെയ്തു വിജയിപ്പിച്ച സാധാരണക്കാരന് കാണാനാവുന്നത്. പരീക്ഷാഫലം വരുന്നതോടെ സ്വന്തം മക്കളുടെ ഭാവിയോർത്തു നെട്ടോട്ടമോടുന്ന രക്ഷിതാക്കളുടെ ആകുലതക്ക് ഇതുവരെ അറുതിയായിട്ടുമില്ല.

തെക്കൻ ജില്ലകളിലെ സ്കൂളുകളിൽ വിജയിച്ച കുട്ടികൾക്ക് വേണ്ടതിനേക്കാൾ പ്ലസ് വൺ സീറ്റുകൾ മുൻ വർഷങ്ങളിൽ സർക്കാരുകൾ അനുവദിച്ചു നൽകുകയും വര്ഷാവര്ഷങ്ങളിൽ അവയിൽ പലതും ഒഴിഞ്ഞു കിടക്കുന്നതും സാധാരണമാണ്. എന്നാൽ മലബാറിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആനുപാതികമായി സീറ്റുകൾ അനുവദിക്കാൻ ഭരണ കർത്താക്കൾ തയ്യാറാകാതിരിക്കുന്നതു മലപ്പുറത്തിനോടും മലബാറിനോടും ഭരണകൂടം നിരന്തരമായി കാട്ടുന്ന വിവേചനമായേ കാണാനാവൂ.

എസ്.എസ്.എൽ.സിക്ക് ശേഷം തുടർ പഠനത്തിന്‌ അർഹത നേടിയ വിദ്യാർഥികൾക്കു സ്വന്തം നാട്ടിൽ പഠന സൗകര്യമൊരുക്കാൻ ഉത്തരവാദപ്പെട്ട ഭരണകൂടവും ജനപ്രതിനിധികളും തയ്യാറാകണമെന് സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഫൈസൽ മമ്പാട്, അഷ്‌റഫ് സി.വി., നാസർ വേങ്ങര, നൗഫൽ താനൂർ, ശാഹുൽ ഹമീദ്, ഹസ്സൻ മങ്കട, ജാഫർ കാളികാവ്, യാഹൂ പട്ടാമ്പി വി. എം. ഫൈസൽ, കെ.പി. മുഹമ്മദ്, നിയാസ് അടൂർ, അബ്ദുല്ലക്കോയ, അയ്യൂബ് അഞ്ചച്ചവിടി എന്നിവർ സംസാരിച്ചു.

×