ഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലിന് തുടക്കമാവുന്നു. മിസോറാമിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് ചൊവ്വാഴ്ചയാണ്. പരസ്യ പ്രചാരണം ഇന്ന് സമാപിക്കും.
മാവോയിസ്റ്റുകളുടെ തോക്കിൻ കുഴലിലാണ് ഛത്തീസ്ഗഡിലെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനടക്കം ആഹ്വാനവുമായി മാവോയിസ്റ്റുകൾ രംഗത്തുണ്ട്. ഛത്തീസ്ഗഡിലെ രണ്ടാംഘട്ട പോളിംഗ് 17നാണ്. കോൺഗ്രസും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടൽ. ഭരണം പിടിക്കാൻ രണ്ടു പാർട്ടികളും അരയും തലയും മുറുക്കി പ്രചാരണത്തിലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇറക്കി കളംപിടിക്കുകയായിരുന്നു ബി.ജെ.പി. സൗജന്യറേഷൻ 5വർഷം കൂടി തുടരുമെന്ന വമ്പൻ പ്രഖ്യാപനമാണ് മോഡി നടത്തിയത്. ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് രാഹുൽ ഗാന്ധിയെ കളത്തിലിറക്കിയാണ് പ്രചാരണം ടോപ് ഗിയറിലാക്കിയത്.
/sathyam/media/post_attachments/ypcsDlD68IvbIAPjCqbi.png)
പരസ്യപ്രചാരണം അവസാനിക്കും മുമ്പ് പരമാവധി വോട്ടർമാരെ സ്വാധീനിക്കാനുള്ള തത്രപ്പാടിലാണ് ഛത്തീസ്ഗഢിൽ ഭരണകക്ഷിയായ കോൺഗ്രസും ഭരണം പിടിക്കാനൊരുങ്ങുന്ന ബി.ജെ.പിയും. രാഹുൽ ഗാന്ധി ബസ‌്‌തർ, റായ്‌ഗഡ് ജില്ലകളിലെ റാലികളിലാണ് പങ്കെടുത്തത്. രണ്ടു ദിവസമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഛത്തീസ്ഗഢിലുണ്ട്.
500കോടിയുടെ അഴിമതി ആരോപണമാണ് അവിടെ പ്രചാരണത്തിനിടെ കത്തിപ്പടരുന്നത്. കോൺഗ്രസിനും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനുമെതിരെ അഴിമതി ആരോപണമുന്നയിക്കുന്ന ബി.ജെ.പിക്ക് കഴിഞ്ഞ ദിവസം ഇ.ഡി പുറത്തുവിട്ട 500 കോടി കോഴപ്പണ ആരോപണം വലിയ ആയുധമായി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെയാണ് അവിടെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ ബലത്തിൽ ആരോപണങ്ങളെല്ലാം മറികടക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമാണ് ഇ.ഡി എന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.
/sathyam/media/post_banners/YckzaQby8LVkMlPW22f6.jpg)
അതേസമയം മിസോറാമിൽ മറ്റൊരു സാഹചര്യമാണ്. പ്രചാരണം നയിക്കാൻ കേരളത്തിൽ നിന്ന് ശശിതരൂർ മിസോറാമിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധി രണ്ടു ദിവസമാണ് മിസോറാമിൽ പ്രചാരണം നയിച്ചത്. മിസോ നാഷണൽ ഫ്രണ്ടും സൊറാം പീപ്പിൾസ് മൂവ്‌മെന്റും തമ്മിലാണ് അവിടെ പ്രധാന പോരാട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒക്‌ടോബർ 30ന് നിശ്ചയിച്ച പരിപാടി റദ്ദാക്കേണ്ടി വന്നതിനാൽ അമിത് ഷായാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടമാണ് 5സംസ്ഥാനങ്ങളിൽ നടക്കുന്നത്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മദ്ധ്യപ്രദേശിലും ബി.ജെ.പിയും കോൺഗ്രസും കൊമ്പുകോർക്കുന്നു. നരേന്ദ്രമോദി നേരിട്ടാണ് പ്രചാരണം നയിക്കുന്നത്.
കേന്ദ്ര പദ്ധതികളും 'ഇരട്ട എൻജിൻ സർക്കാർ' നേട്ടവുമാണ് പ്രചാരണ ആയുധങ്ങൾ. ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോൺഗ്രസ് മുതലെടുക്കുന്നത് തടയുകയാണ് ലക്ഷ്യം. കോൺഗ്രസിനായി പ്രിയങ്കാ ഗാന്ധിയാണ് പ്രചാരണം നയിക്കുന്നത്.
/sathyam/media/post_attachments/A3BPqDT2SedbJGwKEkQt.jpg)
സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ തർക്കമുള്ളതിനാൽ രാജസ്ഥാനിൽ പ്രചാരണം ചൂടുപിടിക്കുന്നതേയുള്ളൂ. പ്രമുഖരുടെ പത്രികാ സമ്മർപ്പണം ആഘോഷത്തോടെ നടത്താൻ പാർട്ടികൾ മത്സരിക്കുന്നു. തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസിനെ സമ്മർദ്ദത്തിലാക്കി കോൺഗ്രസും ബി.ജെ.പിയും രംഗത്തുണ്ട്.
അധികാരത്തിലെത്തിയാൽ ഒ.ബി.സി മുഖ്യമന്ത്രിയെ നിയമിക്കുമെന്ന് അമിത് ഷാ ഒരാഴ്‌ച മുൻപ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു. രണ്ടു റാലികളുമായി പ്രധാനമന്ത്രി ഉടനെത്തും. സംസ്ഥാനത്ത് ഏറെ പ്രതീക്ഷയുള്ള കോൺഗ്രസ് രാഹുലിനെ രംഗത്തിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ 30നുമാണ് വോട്ടെടുപ്പ്.