രചന

മാൻപേട (ചെറുകഥ)

സത്യം ഡെസ്ക്
Saturday, July 10, 2021

-ഷീല എൽ.എസ്, കൊല്ലം

അതിരുകളില്ലാത്ത കാനനത്തിന്റെ കാളിമയിൽ അനന്തമായ വിഹായസ്സിനു താഴെ, അളവില്ലാത്ത ആനന്ദാ തിരേകത്താൽ തുള്ളി ക്കളി ക്കുന്ന ഒരു കുഞ്ഞു മാൻപേട ആയിരുന്നു അവൾ.

കാടും കാട്ടുവാസികളും അവൾക്ക് ഏറെ പ്രിയപ്പെട്ട തായി രുന്നു. കാട്ടരുവികൾ കുഞ്ഞലക്കൈ ക ളാൽ അവളെ താലോലിച്ചു. കാട്ടു പൂ ന്തെന്നൽ അവളെ തൊട്ടിലാട്ടിയുറ ക്കി. രാക്കിളികൾ അവൾക്കു താരാട്ടു പാടി. അങ്ങനെ അവൾഎല്ലാവരു ടേയും ഓമനയായിരുന്നു.

എന്നിട്ടും……. അതുസംഭവിച്ചു ..
പെട്ടെന്നൊരു ദിവസം. അപരിചിതനായ ഒരു വേടൻ വന്നു. കാടിന്റേയും, കാനനവാസികളുടേയും പൂർണ്ണ സമ്മതത്തോടെ അവളെ സഘോഷം കൂട്ടിക്കൊണ്ടുപോയി….. പാവം മാൻപേട. അവളോട് ആരും സമ്മതം ചോദിച്ചതേയില്ല.

എവിടേയ്ക്കാണെന്നോ, എന്തിനാണെന്നോ അറിയാതെ, കൊല്ലാനാണോ വളർത്താ നാണോ എന്നറിയാതെ തികച്ചും അപരിചിത നൊപ്പം അവൾക്ക് പോകേണ്ടി വന്നു.
ഭയചകിതമായ മനസ്സോടെ വേടനൊപ്പം പോകുന്ന മാൻപേട ….. അവളുടെ എതിർപ്പുകൾക്കും, ചെറുത്തു നിൽപ്പുകൾക്കും വലിയ ബലമില്ലല്ലോ !!

എന്തുകൊണ്ടാണ് ആരും അയാളെ തടയാത്തത് ? അവൾ അവർക്ക് പ്രിയപ്പെട്ട തായിരുന്നല്ലോ !എത്രആലോചിച്ചിട്ടും അതിനുത്തരം അവൾക്കു കിട്ടിയതേയില്ല.

തികച്ചും അപരിചിതമായ ഒരു ലോകത്തേയ്ക്കാണ് വേടൻ അവളെ കൊണ്ടുപോയത്. ആ സ്ഥലം കണ്ടപ്പോർ അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഹായ് ! നല്ല സ്ഥലം. ഇവിടെയും നിബിഡമായ വനമാണല്ലോ’ കാളിമ ഇല്ലെന്നേയുള്ളൂ. അവൾ
സന്തോഷിച്ചു. അവിടത്തെ കാനന വാസികളുടെ പരിചരണവും, ചിട്ടവട്ടങ്ങളും ഒന്നും അവർക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എങ്കിലും .. മുന്നിലെ കാട് അവളിൽ പ്രതീക്ഷയുണർത്തി.

സ്ഥലം പരിചയമായാൽ കാടു കാണാനിറങ്ങണം … കൂട്ടുകാരെ തേടിപ്പിടിച്ച് പഴയപോലെ കൂട്ടുകൂടിനടക്കണം… എന്നൊക്കെ അവൾ കരുതി…. മുറ്റത്തിറങ്ങി അറിയാതെ ഒന്നുതുള്ളിക്കളിച്ചു പെട്ടെന്ന് വേടനിറങ്ങി വന്നു പറഞ്ഞു. മതി തുള്ളിയത്. അകത്തേയ്ക്ക് കയറിപ്പോകൂ …. അവൾ പേടിച്ച് കയറിപ്പോയി.

പക്ഷേ ‘പുറത്തെ കാനനം അവളെ മാടി വിളിച്ചു. അതിന്റെ നിഗൂഢത അവളെ വല്ലാതെ ആകർഷിച്ചു കൊണ്ടേയിരുന്നു. അവൾ പുറത്തിറങ്ങാൻ ഭാവിച്ചപ്പോഴൊക്കെ അയാൾ തടസ്സപ്പെടുത്തിപ്പറഞ്ഞു പുറത്തേയ്ക്കൊന്നും ഇനി ഒറ്റയ്ക്ക് പോകാൻ പറ്റില്ല.

അതെന്താണെന്ന് അവൾക്ക് മനസ്സിലായതേയില്ല. ഇത്രയും സുന്ദരമായകാട് മുന്നിലുണ്ടായിട്ടും എന്തുകൊണ്ട് അത് കാണാൻ പാടില്ല? തനിയ്ക്കീ കാട് അപരിചിതമായതിനാലാവും എന്നു കരുതി അവൾ ആശ്വസിച്ചു.

വേടൻ അവൾക്ക് ഇഷ്ടം പോലെ ഭക്ഷിക്കാൻ കൊടുത്തു. നല്ല കിടക്ക കൊടുത്തു …അയാൾ തന്നെ കൊല്ലാനല്ല കൊണ്ടു വന്നതെന്ന് അവൾക്കു് ബോദ്ധ്യമായി. പക്ഷേ ! അയാളുടെ പരുക്കൻ
മൊഴിയും, പ്രകൃതവും അവളെ അയാളിൽ നിന്നകറ്റി നിർത്തി.

സ്നേഹത്തോടെ ഒന്നു തലോടുകപോലും അയാൾ ചെയ്തില്ല. മാത്രമല്ല എങ്ങോട്ടു തിരിഞ്ഞാലും എന്തു ചെയ്താലും കുറ്റപ്പെടുത്തലും… അരുതുകളുടെ ഒരു ഘോഷയാത്ര തന്നെ അയാൾ
അവൾക്കുമുന്നിൽ നിരത്തിയിട്ടു.

പുറത്തെ വിശാലമായ കാട് അവൾക്കന്യമായി. കാടിന്റെ മാസ്മരിക മണം, കാട്ടാറിന്റെ അവാച്യമായ സ്വരം, ദിവ്യാനുഭൂതി പകരുന്ന കട്ടാറിന്റെ സംഗീതം, കാട്ടുപക്ഷികളുടെ കളകൂജനം, എല്ലാം തന്നെ അവൾക്ക് നഷ്ടമായി.

ആ കൂട്ടിനകത്തു കിടന്ന് അവൾ അവളുടെ സുന്ദരമായ ഓട്ടം മറന്നു. ചാട്ടം മറന്നു. തുള്ളിക്കളി മറന്നു. സർവ്വവും മറന്നു. അവർ സുന്ദരിയായ ഒരു മാൻപേടയായിരുന്നു എന്ന കാര്യം പോലും
അവൾ മറന്നു പോയി.

എന്നാൽ വേടൻ അവളെ ഒരിക്കലും ചങ്ങലയാൽ ബന്ധിക്കുകയോ, കൂട്ടിനകത്ത് പൂട്ടി യിടുകയോ ചെയ്തിരുന്നില്ല. ഇതൊന്നുമല്ലാത്ത ഏതോ ഒന്നിനാൽ അവൾ ബന്ധനസ്ഥയായിരുന്നു.

അവൾ ജനിച്ചു വളർന്ന കാട്ടിലേയ്ക്ക് പഴയതുപോലെ ഒന്നു തിരിച്ചു പോകാൻ അവൾ വല്ലാതെ ആഗ്രഹിച്ചു. പലവുരു അവൾ അതിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ ! അപ്പോഴാണ് ഒരു സത്യം അവൾ മനസ്സിലാക്കിയത്. അവൾക്ക് നടക്കാനാവില്ല.

കാലുകൾ ശോഷിച്ചു പോയിരുന്നു. മാത്രമല്ല നടക്കുന്നതെങ്ങനെയെന്നും അവൾ മറന്നു പോയിരിന്നു. ആ സത്യം ഉൾക്കൊള്ളാനാകാതെ ആ കൂട്ടിൽത്തന്നെ അവൾ തളർന്നു വീണു.

 

×