രചന

നയന്റി (നർമ്മകഥ)

സത്യം ഡെസ്ക്
Saturday, July 24, 2021

-ഷീല എല്‍.എസ്, കൊല്ലം

വളരെ ബൃഹത്തായ കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ ‘ ഇപ്പോൾ അവശേ ഷിക്കുന്നതു ഞാൻ മാത്രമാണ് ബാക്കിിയുള്ളവരെ പല പല പല പേ കളിൽ അവർ നശിപ്പിച്ചു കളഞ്ഞു. എണ്ണിയാൽ ഒടുങ്ങാത്തത്ര ആളുകൾ ഉണ്ടായിരു ന്നെങ്കിലും ഇന്ന് എണ്ണാൻ പോലും ആളില്ല.

ഞങ്ങൾക്ക് അറിയാത്ത പേരുകളിട്ടു വിളിച്ച് അവർ ഞങ്ങളെ ഓരോരുത്തരെയായി നശിപ്പിച്ചുകളഞ്ഞു. അവസാനം പെൺകരുത്തായിരുന്നനയന്റിയേയും.

നയന്റി അവൾ ഈപ്രപഞ്ചം കാണാൻ ഇറങ്ങിത്തിരിക്കുമ്പോൾ ഞാൻ സ്വന്തംനാടായ കോംഗോയിൽ പോയിരിക്കുകയായിരുന്നു. എങ്കിലും അവളെ വിളിച്ചു ഞാൻ പറഞ്ഞതാണ്. ഈ ലോകം ശരിയല്ല; ലോകത്തുള്ളവർ വിശ്വാസിക്കാൻ കൊള്ളാത്ത വരാണ് സൂക്ഷിക്കണംഎന്നൊക്കെ.” ഇല ചെന്ന് മുള്ളിൽ വീണാലും ……

വേണ്ട… എന്നെ മുഴുമിപ്പിയ്ക്കാൻ സമ്മതിച്ചില്ല “അവൾ പറഞ്ഞു അതൊക്കെ അങ്ങ് മനസ്സിൽ വച്ചിരുന്നാൽ മതി. ഇലയ്ക്ക് ഉണ്ടാകുന്നത് ഒരു കേടായി ഞാൻ പരിഗണിക്കുന്നതേയില്ല. മുള്ളിന്റെ മുന ഒടിയാതെ സൂക്ഷിക്കട്ടെ… ലോകംഎന്നെയാണ് ഭയക്കാൻ പോകുന്നത്. എന്റെ മുന്നിൽ ഈ ലോകം വിറങ്ങലിച്ചു നിൽക്കും നോക്കിക്കോളൂ.”

അതിയായ ആത്മവിശ്വാസത്തോടെ അവൾ അതുപറഞ്ഞപ്പോൾ പിന്നെ അവളെ തടുക്കാൻ
എനിക്കു തോന്നിയില്ല. ശിരസ്സിൽ വച്ച് അനുഗ്രഹിച്ചു വിജയീ ഭവ:

അവളുടെ വീരശൂര പരാക്രമങ്ങൾ കേട്ട് കോൾമയിർക്കൊണ്ട നല്ലകാലങ്ങൾ … ലോകം മുഴുവൻ
അവളുടെ പേരു മാത്രം മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. അവളുടെ മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നു.

അതൊരു കാലം: !

പിന്നെ അവളെക്കുറിച്ചൊരറിവുമില്ല. പവനായി ശവമായോ?
അന്വേഷിച്ചു നടന്നു… ലോകംമുഴുവനും ….
ഒരിടത്തും അവളെ കണ്ടെത്താനായില്ല. … പൊടി പോലുമില്ലാ കണ്ടുപിടിക്കാൻ… എന്തായിരുന്നു വീരവാദം?

ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയാൻ മേലാ: അവസാനം ഇന്ത്യയിലും ഒന്നു തെരഞ്ഞു നോക്കാം എന്നു കരുതി.ചിലപ്പോൾഎന്തെങ്കിലും തടഞ്ഞാലോ; കാരണം മറ്റു രാജ്യങ്ങളെപ്പോലെയല്ല ഇന്ത്യ. അവർ മരിച്ചവരെ വളരെയേറെ ബഹുമാനിക്കുന്നവരാണ്.

ജീവിച്ചിരിക്കുമ്പോൾ ഒരു തുള്ളി വെള്ളമോ ഒരു നേരത്തെ ഭക്ഷണമോ ഒരു നല്ലതുണിയോ
കൊടുത്തില്ലെങ്കിലും: മരിച്ചു കഴിഞ്ഞാൽ പിന്നെ വേറെ ലെവലാണ്.

പ്രതിമ വരെ ഉണ്ടാക്കി വച്ച് പൂവിട്ട് ആരാധിച്ചു കളയും… എത്രകൊള്ളരുതാത്ത വ്യക്തി ആയിരുന്നാലും, എത്രയ്ക്ക് ദ്രോഹിച്ചിരുന്ന ആളായാലും അവർക്കത് പ്രശ്നമേയല്ല. ദൈവമാക്കിക്കളയും. അതുകൊണ്ട് ചെറിയൊരു പ്രതീക്ഷയ്ക്ക് വകയില്ലാതില്ല.”

അങ്ങനെ ഇന്ത്യയിലെത്തി. ഇന്ത്യക്കാർ അവളെ മറന്നിട്ടില്ല. ആശ്വാസം””

അവരുടെ പൂർവ്വികരുടെ ജീവിതം സ്തംഭിപ്പിച്ച, അവരുടെ വായ് മൂടിക്കെട്ടിച്ച. ടോയ്ലറ്റിൽ പോലും വെള്ളം ഉപയോഗിക്കാത്ത വടക്കേ ഇന്ത്യാക്കാരെ നിരന്തരം കൈകഴുകിച്ച, ആഘോഷങ്ങളും
ആർഭാടങ്ങളും വേണ്ടെന്നു വയ്പിച്ച അവളെ അത്ര വേഗം അവർക്കു മറക്കാനാവില്ലാത്രേ.

അവരുടെജീവശ്വാസമായിരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് പുല്ലു വില പോലും കല്പിക്കാതെ
ഒക്കെയുംഅവൾ തടഞ്ഞു വച്ചില്ലേ? ആചാരങ്ങൾ തെറ്റിച്ചാൽ ദൈവ കോപമുണ്ടാകുമെന്ന്
പറഞ്ഞു പറ്റിച്ചിരുന്നവർക്ക് പിന്നെങ്ങനെ ദേഷ്യം വരാതിരിക്കും ? മതങ്ങൾക്കായിരിക്കും
അവളോട് അടങ്ങാത്ത ദേഷ്യം എന്നാണ് ഞാൻ കരുതിയിരുന്നത്…… പക്ഷേ.! വന്നു നോക്കിയപ്പോൾ അല്ലേ മനസ്സിലായത്….

അവർ അവളെ ദൈവമായി ആരാധിക്കുന്നു. പലയിടത്തും അവളുടെ പേരിൽ അമ്പലങ്ങൾ, പള്ളികൾ .. കണ്ടു ഞാൻ ഞെട്ടി പ്പോയി.

അവസാനം ഞാൻ ദൈവ ത്തിന്റെ സ്വന്തം നാട്ടിലുമെത്തി. ഇവിടെ മരിച്ചവർക്ക് ചോറു വരെ വച്ച് വിളമ്പും. വർഷത്തിലൊരിക്കൽ അവരുടെ പൂർവ്വികർക്കായി ബലിയിട്ട് കാക്കയ്ക്ക് ഭക്ഷണം കൊടുക്കും. മരിച്ചവരെല്ലാം കാക്കയായി മാത്രമാണോ മാറുക എന്നത് ഒരു സംശയമാണെങ്കിലും അവർ അതിന്നും ചിന്തിക്കാറേ ഇല്ല.

സാമാന്യം തിരക്കുള്ള ഒരു ബസ് സ്റ്റോപ്പിൽ നിന്നു. ധാരാളം സ്ത്രീകൾ കുളിച്ച് കുറി തൊട്ട് ഭയ ഭക്തിയോടെവരുന്നുണ്ട്.

അവർ പരസ്പരം പറയുന്നു. ” വിളിച്ചാൽ വിളി കേൾക്കുന്നദേവിയാ:വിളിച്ചാൽ വിളിപ്പുറത്താ! കളിയാക്കിയ വടക്കേതിലെ ഗീതയുടെ കവറയുള്ള പശു ഇന്നലെചത്തു. ദേവിയെ വിളിച്ചു പ്രാർത്ഥിച്ച കിഴക്കേതിലെ ജോയിയുടെ മോന് ഇന്നലെ ജോലി കിട്ടി.

എത്ര കാലമായെന്നറിയുമോ അവൻ ടെസ്റ്റുകളും മറ്റും എഴുതി നടക്കാൻ തുടങ്ങിയിട്ട് ! ഞാൻ ആ ദേവിയെക്കുറിച്ച് അന്വേഷിച്ചു. എന്നെ അടിമുടി നോക്കിയിട്ട് – ”വരത്തനാണല്ലേ ! അതാ അറിയാത്തത്…

ഞങ്ങളുടെ കൂടെ പോരൂ : അമ്പലം കാണിച്ചു തരാം … ഞാനും അവരോടൊപ്പം മുന്നോട്ടു നടന്നു.
വഴിവക്കിൽ കണ്ട കാഴ്ചകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു.

വഴിയിൽ പലയിടത്തും കപ്പേളകളും കുരിശു തൊട്ടികളും. വിശുദ്ധ കൊറോണ പുണ്യാളത്തിയുടേത് …. പ്രാർത്ഥിച്ച എണ്ണയും വെള്ളവും വാങ്ങാൻ നീണ്ട നിര. ഒപ്പം രൂപം
വാങ്ങി നേർച്ചയിടാനുള്ള പ്രത്യേക സ്ഥലം.

കുറച്ചപ്പുറത്ത് പച്ച നിറത്തിലുള്ള തുണി കൊണ്ടലങ്കരിച്ച സ്ഥലങ്ങളിൽ കൊറോണ ഉമ്മൂമ്മയുടെ പേരിൽ ബാധ ഒഴിപ്പിക്കുന്ന മുസലിയാർ. പ്രാർത്ഥിച്ച് നൂലുകെട്ടുന്നു. : എണ്ണ കൊടുക്കുക മുതലായ കലാപരിപാടികൾ വേറെ

കൊറോണ ധ്യാന കേന്ദ്രം, കൊറോണ പ്രഭ ജ്യോതിഷാലയം, മാതാ കൊറോണാനന്ദമയി ദേവിയുടെ പ്രാർത്ഥനാലയം, അങ്ങനെ എല്ലാം കൊറോണ മയം: ഞാൻ അവരോടു ചോദിച്ചു
ആരാണ് ഈ കൊറോണ?

പത്തെഴുപത്തഞ്ചു വർഷം മുൻപ്നമ്മുടെ രാജ്യത്തെത്തിയ മഹാപരാക്രമിയായ ഒരു അവതാരമാണ്. ലോകം മുഴുവൻ കിടുകിടെ വിറപ്പിച്ച ഒരു മഹാ ശക്തി. അതാണ് കൊറോണ ….

അവസാനം ഞാൻ ആ അമ്പലം കണ്ടു. കൊറോണ ദേവിയാണ് പ്രതിഷ്ഠ. കൊറോണ ദേവീ ക്‌ഷേത്രം. കൊറോണ യമ്മ ……

അമ്മേ! കൊറോണ ദേവീ! രക്ഷിക്കണേ ! തുടങ്ങിയവ വിളിച്ചു പറഞ്ഞു കൊണ്ട് എന്നോടൊപ്പം വന്ന സ്ത്രീകൾ ശയന പ്രദക്ഷിണം നടത്തുന്നു. അവിടത്തെ പ്രധാന കാണിക്ക പല തരത്തിൽ ഉണ്ടാക്കിയ, മാസ്കുകളാണ്.ഓരോരുത്തരുടെ കഴിവനുസരിച്ച് ….. സ്വർണ്ണമോ, വെള്ളിയോ ചെമ്പോ ഏതുമാകാം.പക്ഷേ.. തുണി വേണ്ട. വിറ്റാൽകാശു കിട്ടില്ലല്ലോ.”

ഭവനങ്ങളിലും വാഹനങ്ങളിലും ഒട്ടിക്കേണ്ട സ്റ്റിക്കർ, കൊറോണ സ്തുതി ഗീതങ്ങൾ എന്നു വേണ്ട സകലതും കൊറോണ മയം നയൻറിയ്ക്ക് ഇവർ നൽകിയ പേരാണ് കൊറോണ എന്നറിഞ്ഞപ്പോൾ എനിയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

നോക്കണേ കാലം പോയ പോക്ക്. ഒരിക്കൽ പാടഞ്ചുംപെട്ട് തുരത്തിയോടിച്ച കോവിസ് 19 എന്ന മഹാമാരിയുടെ വിഗ്രഹമുണ്ടാക്കി വച്ച് അതിനെ പൂവിട്ട് പൂജിക്കുന്ന, അതിന്റെ മുന്നിൽസാഷ്ടാംഗം വീണു കിടന്ന് യാചിക്കുന്ന വിഡ്ഢിക്കൂശ്മാണ്ഡങ്ങളെക്കണ്ട് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ ആരും കാണാതെ വായ് പൊത്തിച്ചിരിച്ചു.

എന്റെ കൊറോണ ദേവീ ഞാനും അറിയാതെ വിളിച്ചു പോയി. ഛെ!…
നാളെ എന്നെയും ഇവർ ഈ ഭൂമുഖത്തു നിന്നും ആട്ടിപ്പായിച്ചാൽ എന്റെ പേരിലും ഉണ്ടാകും ഇതുപോലെ ആരാധനാലയങ്ങൾ …

എയ്ഡ്സ് പുണ്യാളത്തി, എയ്ഡ്സ് ദേവീ തുടങ്ങി നാളെ തന്റെ പേരിൽ ഉണ്ടാകാനിടയുള്ള സ്ഥാപനങ്ങളെ ഓർത്ത് ഊറിച്ചിരിച്ചു കൊണ്ട് അവൾ അടുത്ത ഇരയെത്തേടി നടന്നുനീങ്ങി….

×