Advertisment

താരന്‍-ഉണ്ടാപ്പിക്കഥകള്‍ (കൊവിഡ് കാല കഥകള്‍)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

-സുഭാഷ് ടി.ആര്‍

റോസമ്മ രാവിലത്തെ കാപ്പിയ്ക്കുള്ള ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കി ഡൈനിംഗ് ടേബിളില്‍ വച്ചപ്പോഴേയ്ക്കും പശുവിനെ കറന്ന് പാലുമായി ഉണ്ടാപ്പി അടുക്കളയിലെത്തി.

'' റോസമ്മചേച്ചിയേ..പാല് ''

'' അവിടെ വച്ചേരടാ '' റോസമ്മ അടുക്കളയിലേയ്ക്ക് നടന്നു.

'' റോസമ്മചേച്ചീ... ഞാനേ..പശുക്കളെ അഴിച്ച് പറമ്പില്‍ കെട്ടിയേച്ച് വരാവേ..''

ഉണ്ടാപ്പി കന്നുകാലിക്കൂട്ടിലേയ്ക്ക് പോയപ്പോള്‍ റോസമ്മ വിളിച്ചു പറഞ്ഞു '' ഉണ്ടാപ്പീ..കപ്പക്കാലായിലെ അതിരേനില്‍ക്കുന്ന ഞാലിപ്പൂവന്‍ കൊല ഒരെണ്ണം പഴുക്കാന്‍ തുടങ്ങീന്ന് കൊച്ചമ്മ ഇന്നലെ പറഞ്ഞാരുന്നു. അണ്ണാന്‍ കരളുന്നതിന് മുന്‍പെ അതിങ്ങ് വെട്ടിക്കൊണ്ട് പോരെ.''

''എന്നാവെട്ടിക്കൊണ്ട് വരുന്നകാര്യമാടീ..'' പെണ്ണമ്മച്ചേടത്തി അടുക്കളേലേയ്ക്ക് വന്നോണ്ട് ചോദിച്ചു.

'' ഞാലിപ്പൂവന്‍ കൊല വെട്ടുന്ന കാര്യമാ പറഞ്ഞത്.''

'' ആ..എടീ കാപ്പി എടുത്തോ അച്ചായനിപ്പോ വരും ''

പെണ്ണമ്മച്ചേടത്തി വരാന്തയിലേയ്ക്കിറങ്ങി. അച്ചായന്‍ കാപ്പികുടി കഴിഞ്ഞ് റബ്ബര്‍ക്കടയിലേയ്ക്ക് ഇറങ്ങാന്‍ നേരം പെണ്ണമ്മയോട് പറഞ്ഞു '' ഇന്ന് ചോറ് കൊടുത്തു വിടണ്ട, ചിലപ്പോള്‍ കോട്ടയത്ത് റബ്ബര്‍ ബോര്‍ഡിന്റെ ഓഫിസില്‍ പോകേണ്ടി വരും. ഇനി പോയില്ലങ്കില്‍ ശങ്കരപ്പിള്ളച്ചേട്ടന്റെ ഹോട്ടലീന്ന് കഴിച്ചോളാം.''

'' അച്ചായാ റോസമ്മേടെ കാര്യം..!''

'' ഓ..റോസമ്മേടെ അമ്മച്ചീടെ അക്കൗണ്ടിലേയ്ക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്തോളാമെന്ന് റോസമ്മയോട് പറഞ്ഞേരെ.'' അച്ചായന്‍ മഹീന്ദ്ര ഇന്റര്‍നാഷനല്‍ സ്റ്റാര്‍ട്ട് ചെയ്തോണ്ട് പറഞ്ഞു. മുറ്റത്ത് വിരിച്ച വെള്ളാരം കല്ലുകള്‍ ഞെരിച്ചമര്‍ത്തി ഇന്റര്‍നാഷനല്‍ പോയപ്പോള്‍ പെണ്ണമ്മച്ചേടത്തി അകത്തേയ്ക്ക് നടന്നു.

'' റോസമ്മേ.. അച്ചായന്‍ അമ്മച്ചീടെ അക്കൗണ്ടിലേയ്ക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുക്കും കേട്ടോ.നീ അമ്മയോട് വിളിച്ച് പറഞ്ഞേരെ.''

പെണ്ണമ്മച്ചേടത്തിയുടെ അനിയത്തി ലീലാമ്മയെ ചോറ്റിയിലാണ് കെട്ടിച്ചിരിയ്ക്കുന്നത്. അടുക്കളപ്പണിയ്ക്ക് നിന്ന കുട്ടിയമ്മ, അവരുടെ മകള്‍ പ്രസവത്തിനായി വന്നപ്പോള്‍ വീട്ടിലേയ്ക്ക് പോയി. പകരം ഒരാളെ അടുക്കളയിലേയ്ക്ക് അന്വേഷിച്ച്കൊണ്ടിരുന്നപ്പോഴാണ് ലീലാമ്മ റോസമ്മയുടെ കാര്യം പറഞ്ഞത്.

''റോസമ്മോ.!'' റബ്ബര്‍ വെട്ടുകഴിഞ്ഞ് വര്‍ക്കി കാപ്പികുടിയ്ക്കാന്‍ വന്നതാണ്. അപ്പോഴേയ്ക്കും ഉണ്ടാപ്പി വാഴക്കൊലയുമായി വന്നു.

'' എടാ ഉണ്ടാപ്പിരീ..'' വര്‍ക്കി ഉണ്ടാപ്പിയെ നോക്കി വിളിച്ചു.

''പോ വര്‍ക്കിച്ചാ..'' ഉണ്ടാപ്പിയെ വര്‍ക്കി ഉണ്ടാപ്പിരീന്ന് വിളിയ്ക്കുന്നത് ഭയങ്കര ദേഷ്യമുള്ള കാര്യമാ. അത് കാണാന്‍ വേണ്ടിയാണ് വര്‍ക്കി അവനെ അങ്ങനെ വിളിയ്ക്കുന്നത്.

ഉണ്ടാപ്പി വാഴക്കുല തിണ്ണേലേയ്ക്ക് ചാരിവച്ചിട്ട് അവിടെ ഇരുന്നു.

റോസമ്മ ഇടിയപ്പവും മുട്ടക്കറിയും വര്‍ക്കീടെ മുന്നില്‍ വച്ചു.

'' റോസമ്മേ എനിക്ക് കട്ടന്‍കാപ്പി മതിയേ..!''

'' ഉണ്ടാപ്പീ നിനക്കും കാപ്പി തന്നേക്കട്ടേടാ..'' റോസമ്മ ചോദിച്ചു.

'' തന്നേരെ ..''

കാപ്പികുടിയ്ക്കിടയില്‍ ഉണ്ടാപ്പി ഇടയ്ക്കിടെ തലയില്‍ അഞ്ച് വിരലും താഴ്ത്തി ചൊറിയുന്നുണ്ടായിരുന്നു.

'' ഉണ്ടാപ്പീ.. നീ കാപ്പികുടിച്ചിട്ട് രണ്ട് തേങ്ങ പൊതിച്ച് ചെരണ്ടിതരണം.'' അടുക്കളേന്ന് റോസമ്മ വിളിച്ച് പറഞ്ഞു.

വര്‍ക്കി കാപ്പികുടിച്ചിട്ട് ബീഡിവലിയ്ക്കാന്‍ കന്നുകാലിക്കൂടിന്റെ തിണ്ണേലിരുന്നു.ഉണ്ടാപ്പി തേങ്ങ പൊതിച്ച് ചെരണ്ടാനിരുന്നു.

തേങ്ങ ചെരണ്ടുന്നതിനിടയില്‍ ഉണ്ടാപ്പി തലയില്‍ ചൊറിയുന്നുണ്ടായിരുന്നു. ഇതു കണ്ടോണ്ടുവന്ന പെണ്ണമ്മച്ചേടത്തി ഉണ്ടാപ്പിയോട് പറഞ്ഞു '' ഉണ്ടാപ്പീ..നിന്നോട് എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട് ആഹാരസാധനങ്ങള്‍ എടുക്കുമ്പോള്‍ ഇങ്ങനെ തലമാന്തിക്കീറരുതെന്ന്..!''

'' പേനായിരിയ്ക്കും ചേടത്തീ..!'' വര്‍ക്കി കളിയാക്കി.

''വര്‍ക്കിച്ചാ..കളിയാക്കിയാലൊണ്ടല്ലോ..!'' ഉണ്ടാപ്പി വര്‍ക്കിയോട് ദേഷ്യപ്പെട്ടു.

'' തല കടിച്ചിട്ടല്ലേ കൊച്ചമ്മേ..!'' ഉണ്ടാപ്പി കിണുങ്ങിക്കൊണ്ട് പറഞ്ഞു.

'' താരനായിരിയ്ക്കും നിന്റെ തല നിറയെ.!'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.

''എടാ ഉണ്ടാപ്പീ അച്ചായനിന്ന് ചോറ് കൊണ്ടുപോകണ്ട. നീ ഒരു കാര്യം ചെയ്യ് കാപ്പികുടീം കഴിഞ്ഞ് പതിനെട്ട് വൈദ്യനെ പോയി കണ്ട് തലയിലെ ചൊറിച്ചിലിന്റെ കാര്യം പറഞ്ഞ് മരുന്ന് മേടിയ്ക്ക്.'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.

'' പതിനെട്ട് വൈദ്യന്‍മാരെയോ..?'' ഉണ്ടാപ്പി അവിശ്വസനീയതയോടെ ചോദിച്ചു.

'' പതിനെട്ട് വൈദ്യന്‍മാരെയല്ലടാ..'' പെണ്ണമ്മച്ചേടത്തിയ്ക്ക് ചിരി വന്നു.

'' വാഴൂര്‍ പതിനെട്ടാം മൈലിലെ വിശ്വന്‍ വൈദ്യനെ പതിനെട്ട് വൈദ്യനെന്നാ വിളിയ്ക്കുന്നത്. അങ്ങേരെ കാണാനാ പറഞ്ഞത്. ..ഇന്ന് ഏതാ ദിവസം ചൊവ്വാഴ്ചയല്ലേ. ആ.. ഇന്ന് പള്ളിയ്ക്കത്തോട്ടിലെ ചന്തേലെ വൈദ്യശാലയില്‍ വരും. പോലീസ് സ്റ്റേഷന്റെ പുറകിലായിട്ടാ വൈദ്യശാല. നീ അങ്ങോട്ട് ചെല്ല്.''

ഉണ്ടാപ്പി ഹെര്‍ക്കുലീസ് സൈക്കിളുമായി വൈദ്യരെ കാണാനിറങ്ങിയപ്പോള്‍ പെണ്ണമ്മച്ചേടത്തി പറഞ്ഞു '' എടാ നീ വൈദ്യരെ കണ്ടിട്ട് വരുമ്പോള്‍ പാലാപ്പറമ്പിലെ ജോജിയുടെ ഫര്‍ണിച്ചര്‍ കടയില്‍ പോകണം. ആലീസിനുവേണ്ടി പറഞ്ഞ പുതിയ ഡൈനിംഗ് ടേബിള്‍ വന്നങ്കില്‍ പാലുകാച്ചിന്റന്ന് വൈകിട്ട് കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞേരെ. പിന്നെ നീ മാസ്ക് നേരെ ചൊവ്വേ വച്ചോണം. ആളുകളുടെ അടുത്ത് നിന്ന് വര്‍ത്തമാനം പറയണ്ട.''

'' ജോജീടെ കട എവിടെയാ.?''

'' കവലേന്ന് പാലായ്ക്ക് പോകുന്ന റോഡിലൂടെ കുറച്ച് ചെല്ലുമ്പോള്‍ മൂഴൂര്‍ക്ക് തിരിയുന്ന നമ്പരയ്ക്കല്‍ കവലയിലാടാ.''

'' ശരി കൊച്ചമ്മേ..'' ഉണ്ടാപ്പി ഹെര്‍ക്കുലീസില്‍ പാഞ്ഞു.

വര്‍ക്കി റബ്ബര്‍ഷീറ്റ് ഉണക്കാനായി അയയില്‍ ഇടുകയായിരുന്നു. '' വര്‍ക്കീ ആ സ്റ്റോറിന്റെ പടിഞ്ഞാറെ മൂലയ്ക്കിരിയ്ക്കുന്ന ഷീറ്റിന് പൂപ്പലുണ്ടോന്ന് നോക്കാന്‍ അച്ചായന്‍ പറഞ്ഞാരുന്നു''

''നോക്കിയേക്കാം.''

വര്‍ക്കി റബ്ബര്‍പാലെടുത്ത് ഉറയ്ക്കാന്‍ തുടങ്ങുമ്പോളാണ് ഉണ്ടാപ്പി തിരികെ വരുന്നത്.

'' വൈദ്യരെ കണ്ടോടാ..?'' പെണ്ണമ്മച്ചേടത്തി ചോദിച്ചു.

''കണ്ടു.''

''ജോജീടെ കടേല്‍ പോയോ.?''

'' പോയി. ജോജിച്ചേട്ടന്‍ ഉണ്ടായിരുന്നു കടേല്‍. കാര്യം പറഞ്ഞിട്ടുണ്ട്.'' ഉണ്ടാപ്പി വൈദ്യരു കൊടുത്തുവിട്ട എണ്ണ അകത്തുവച്ചിട്ട് അതേ വേഗത്തില്‍ പുറത്ത് വന്ന് സൈക്കിളെടുത്തു.

'' ഇനി എങ്ങോട്ടാ.?''പെണ്ണമ്മച്ചേടത്തി ചോദിച്ചു

'' ഞാനിപ്പ വരാവേ..'' ഉണ്ടാപ്പി അതും പറഞ്ഞ് പാഞ്ഞു.

'' ഇവനിതെന്നാപറ്റീ..?'' പെണ്ണമ്മച്ചേടത്തി വര്‍ക്കിയോട് ചോദിച്ചു.

ഊണ് കഴിഞ്ഞ് വര്‍ക്കി കിഴക്കുവശത്തുള്ള ഇളം തിണ്ണയില്‍ മയങ്ങാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടാപ്പിവന്നു. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ തൂക്കിയിട്ടിരുന്ന ഒരു പ്ലാസ്റ്റിക് കൂടെടുത്ത് വര്‍ക്കിയുടെ തലഭാഗത്ത് വെച്ചു.

'' ഇതെന്നതാടാ ഉണ്ടാപ്പിരീ..?'' വര്‍ക്കി ചോദിച്ചു.

'' ഇതേ.. വൈദ്യര് പറഞ്ഞ ഒരു സാധനമാ..'' ഉണ്ടാപ്പി മറുപടി പറഞ്ഞു.വല്ല മരുന്നും ആയിരിയ്ക്കുമെന്ന് വര്‍ക്കി വിചാരിച്ച് കൂടേലൊന്ന് ഞെക്കി നോക്കീട്ട് വര്‍ക്കി അവിടെത്തന്നെ കിടന്നു.

'' റോസമ്മചേച്ചിയേ..ചോറു തായോ.!''

ഉണ്ടാപ്പി.

'' ആണ്ടടാ അവിടെ വിളമ്പി വച്ചിട്ടുണ്ട് നീ എടുത്ത് കഴിച്ചോ.'' വൈകുന്നേരത്തെ കാപ്പിയ്ക്ക് കപ്പ കൊത്തിഞുറുക്കികൊണ്ട് റോസമ്മ പറഞ്ഞു.

'' അല്ലടാ...നീ പിന്നെ എവിടെപോയതാരുന്നു..? കൊച്ചമ്മ അതും പറഞ്ഞോണ്ടാ പോയി കിടന്നേ.!'' റോസമ്മേടെ അടുത്ത് ചെന്നിരുന്ന് ചോറുണ്ണുന്ന ഉണ്ടാപ്പിയോട് റോസമ്മ ചോദിച്ചു.

'' അതോ... വൈദ്യര് പറഞ്ഞ ഒരു സാധനം സംഘടിപ്പിയ്ക്കാന്‍ പോയതാരുന്നു.വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ചു''

വല്ല പച്ചമരുന്നും ആയിരിയ്ക്കണം എന്ന് വിചാരിച്ച് കൂടുതലൊന്നും അതേക്കുറിച്ച് റോസമ്മ ചോദിച്ചില്ല. പക്ഷേ ഇവന് പച്ചമരുന്ന് ഒക്കെ കണ്ടാല്‍ മനസ്സിലാകുമോ എന്നും ചിന്തിച്ചു.

പുറത്തൊരു ജീപ്പ് വന്ന് നിന്നു.ഇതെന്നാ ഈ നേരത്ത് അച്ചായന്‍ വന്നത് എന്ന് റോസമ്മ വിചാരിച്ചപ്പോഴേയ്ക്കും വര്‍ക്കി ഓടി വന്ന്

'' റോസമ്മേ..പോലീസുകാര് വന്നിരിയ്ക്കുന്നു.!''

റോസമ്മ ചാടിഏറ്റ് പെണ്ണമ്മച്ചേടത്തിയെ വിളിയ്ക്കാന്‍ പോയി. ഉണ്ടാപ്പി ചോറൂണ് കഴിഞ്ഞ് കൈ കഴുകുമ്പോള്‍ റോസമ്മ വന്ന് പറഞ്ഞു.'' ഉണ്ടാപ്പീ നിന്നെ പോലീസുകാര് തിരക്കുന്നു..!''

ഉണ്ടാപ്പി വാ കുലുക്കുഴിഞ്ഞുകൊണ്ടിരുന്ന വെള്ളം അറിയാതെ വിഴുങ്ങിപ്പോയി. എന്നിട്ട് ദയനീയമായി ചോദിച്ചു.''എന്നെയോ.?ഞാനതിനൊന്നും ചെയ്തില്ലല്ലോ..!''

പെണ്ണമ്മച്ചേടത്തി മുന്‍വശത്തേയ്ക്ക് ചെല്ലുമ്പോള്‍ പോലീസുകാരും വികാരിയച്ചനും കപ്യാര് കുഞ്ഞ്കൊച്ചും മുറ്റത്ത് നില്‍ക്കുന്നു.

'' എന്നാ അച്ചോ..? ഇതെന്നാ മുറ്റത്ത്തന്നെ നിന്നത്.! ഇങ്ങോട്ടിരുന്നാട്ടെ.'' പെണ്ണമ്മച്ചേടത്തി അച്ചനോടും പോലീസുകാരോടുമായി പറഞ്ഞു.

'' ഇരിയ്ക്കാനൊന്നും നേരമില്ല പെണ്ണമ്മേ..ഇവിടെ നില്‍ക്കുന്ന ആ ചെറുക്കനെ ഒന്നു വിളിച്ചേ...'' അച്ചന്‍ പറഞ്ഞു.

'' ആര്.? ഉണ്ടാപ്പിയെയോ.?'' പെണ്ണമ്മച്ചേടത്തി ചോദിച്ച് തീരുന്നതിന് മുന്‍പെ ഉണ്ടാപ്പി മുറ്റത്ത് വന്നു. വര്‍ക്കിയും റോസമ്മയും പെണ്ണമ്മച്ചേടത്തിയെപ്പോലെ ഒന്നും മനസ്സിലാവാതെ നിന്നു.

'' നീ കൊണ്ടുവന്ന പൊതിയെന്തിയേടാ..?'' പോലീസ്കാരിലൊരാള്‍ ഉണ്ടാപ്പിയോട് ചോദിച്ചു.

ഉണ്ടാപ്പി തിണ്ണേല്‍ വച്ചിരുന്ന പ്ലാസ്റ്റിക് കൂട് ചൂണ്ടിക്കാണിച്ചു. ''അതിങ്ങെടുത്തോണ്ട് വാടാ'' വേറൊരു പോലീസ്കാരന്‍ പറഞ്ഞു.

പെണ്ണമ്മച്ചേടത്തിയും റോസമ്മയും വര്‍ക്കിയും പരസ്പരം നോക്കി. എന്നതാടീ റോസമ്മേ ഇതൊക്കെ എന്നായിരുന്നു പെണ്ണമ്മച്ചേടത്തിയുടെ നോട്ടത്തിനര്‍ത്ഥം.എനിയ്ക്ക് ഒന്നും അറിയത്തില്ല എന്റെ കൊച്ചമ്മേ എന്നതായിരുന്നു റോസമ്മയുടെ നോട്ടത്തിനര്‍ത്ഥം. ഞാനീ നാട്ടുകാരനേയല്ല പൊന്നുചേടത്തീ എന്നായിരുന്നു വര്‍ക്കിയുടെ നോട്ടത്തിനര്‍ത്ഥം.

ഉണ്ടാപ്പി കൂടെടുത്ത് മുറ്റത്ത് വച്ചു.

'' തുറന്നേടാ..!'' പോലീസ്കാരന്‍ പറഞ്ഞു.

ഉണ്ടാപ്പി കൂടുതുറക്കുന്നതും നോക്കി ആകാംക്ഷയോടെയും ഭീതിയോടെയും പെണ്ണമ്മച്ചേടത്തിയും റോസമ്മയും വര്‍ക്കിയും നിന്നു. ഉണ്ടാപ്പി കൂടില്‍ നിന്നും പത്രത്താളില്‍ പൊതിഞ്ഞ സാധനം പുറത്തെടുത്ത് തുറന്നപ്പോള്‍ പെണ്ണമ്മച്ചേടത്തി '' എന്റീശോയേന്നും'' റോസമ്മ ''എന്റെ മാതാവേന്നും'' വര്‍ക്കി '' എന്റെ അരീത്രവല്ല്യച്ചാന്നും'' ഒരേസമയം വിളിച്ചു.

ഒരു തലയോട്ടിയായിരുന്നു അത്. പ്രത്യേകിച്ച് ഒന്നും സംഭവിയ്ക്കാത്തതുപോലെ തലയോട്ടിയും പിടിച്ച് നില്‍ക്കുന്ന ഉണ്ടാപ്പിയെക്കണ്ട് പോലീസ്കാര്‍ക്കും ചിരി വന്നു.

ഈ തലയോട്ടിയായിരുന്നുവല്ലോ എന്റെ തലയ്ക്കല്‍ ഈ സാമദ്രോഹി കൊണ്ടുവച്ചത് എന്ന് വര്‍ക്കി മനസ്സാ വിലപിച്ചു.

''എന്നതാ അച്ചോ ഇത്.! എനിയ്ക്ക് ഒന്നും മനസ്സിലായില്ല..!'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.

''അതാ ഞങ്ങള്‍ക്കും മനസ്സിലാകാത്തത്.! ഈ ചെറുക്കന്‍ ശവക്കോട്ടയില്‍ കയറി ഏതാണ്ടോ എടുത്തോണ്ട് പോകുന്നതെന്ന് കുഞ്ഞ്കൊച്ച് വന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ പോലീസ്കാരെയും കൂട്ടി പോരുകയായിരുന്നു. ഇതുപോലെ എന്തെങ്കിലും കുഴപ്പമാണങ്കില്‍ ഞാന്‍ നാളെ സമാധാനം പറയേണ്ടല്ലോ.'' അച്ചന്‍ പറഞ്ഞു.

'' നീ എന്തിനാടാ ഇതെടുത്തത് .? ആരു പറഞ്ഞിട്ടാ ഈ പണി ചെയ്തത്.?'' പെണ്ണമ്മച്ചേടത്തി ചോദിച്ചു.

'' കൊച്ചമ്മേ..! രാവിലെ വൈദ്യനെ കാണാന്‍ പോയില്ലേ..ആ വൈദ്യന്‍ പഞ്ഞിട്ടാ ഇതെടുത്തോണ്ട് വന്നത്.!''

ഇപ്പോ എല്ലാവരും ഞെട്ടി.

''ഇവന്‍ രാവിലെ വൈദ്യശാലേല്‍ വരുന്നത് കണ്ടാരുന്നു.'' ഒരു പോലീസുകാരന്‍ പറഞ്ഞു.

'' വൈദ്യരു പറഞ്ഞിട്ടോ.! എന്നാത്തിന്.''

പെണ്ണമ്മച്ചേടത്തി നെറ്റി ചുളിച്ചു.

'' കൊച്ചമ്മേ... തലയിലെ ചൊറിച്ചിലിന് മരുന്ന് വാങ്ങാന്‍ പോയില്ലേ...അന്നേരം വൈദ്യര് ഒരെണ്ണ തന്നിട്ട് പറഞ്ഞു കുളിയ്ക്കുന്നതിന് അരമണിയ്ക്കൂര്‍ മുന്‍പ് ഈ എണ്ണ തലയോട്ടിയില്‍ നല്ലവണ്ണം തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകിക്കളയാന്‍. അങ്ങനെ തേച്ചുപിടിപ്പിയ്ക്കാന്‍ കൊണ്ടു വന്നതാ ഇത്. അതിനെന്നാ കൊഴപ്പം.''

എല്ലാവരും പിന്നേം ഞെട്ടി.

കരയണോ ചിരിയ്ക്കണോ എന്ന് അറിയാന്‍ മേലാതെ നില്‍ക്കുന്ന പെണ്ണമ്മയെ ഒന്ന് നോക്കിയിട്ട് അച്ചന്‍ കപ്യാരോട്. '' കുഞ്ഞ്കൊച്ചേ ആ പൊതിയിങ്ങെടുത്തോ.!'' എന്നിട്ട് പോലീസുകാരോട്. '' സാറേ പോകാം. ഇവിടെവരെ വരാന്‍ മനസ്സ് കാണിച്ചതിന് നന്ദി. ഞങ്ങള്‍ക്ക് പരാതിയില്ല.''

പോലീസ്കാര് പോയതൊന്നും അറിയാതെ ഇത്രയും നേരം ഇവിടെ നടന്നതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് ആലോചിച്ച് നില്‍ക്കുന്ന പെണ്ണമ്മച്ചേടത്തിയെ നോക്കി ചിരി അമര്‍ത്തി റോസമ്മ അടുക്കളയിലേയ്ക്ക് നടന്നു. വര്‍ക്കി ബോധം പോയപോലെ കുറെ നേരം ഉണ്ടാപ്പിയെയും നോക്കിയിരുന്നിട്ട് റബ്ബര്‍ ഷീറ്റടിയ്ക്കാന്‍ പോയി. ഉണ്ടാപ്പി ഹെര്‍ക്കുലീസില്‍ പറ്റിയ പൊടി തുടച്ച് വൃത്തിയാക്കുന്നുണ്ടായിരുന്നു.

cultural
Advertisment