കൊച്ചമ്മേ ! ഒടിപി വന്നില്ല ! (കൊവിഡ് കാല കഥകള്‍)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-സുബാഷ് ടി.ആര്‍

പെണ്ണമ്മച്ചേടത്തി അക്ഷമയോടെ മുറ്റത്തും പറമ്പിലും നോക്കിയിട്ട് സ്വയം പറഞ്ഞു, '' അവനെ കാണുന്നില്ലല്ലോ..!''
കന്നുകാലിക്കൂടിനടുത്ത് ചെന്ന് നിന്ന് പറമ്പിലേയ്ക്ക് നോക്കി പെണ്ണമ്മച്ചേടത്തി നീട്ടി വിളിച്ചു. '' ഉണ്ടാപ്പീ.. ഉണ്ടാപ്പീ..!

ഉണ്ടാപ്പി പറമ്പിലെവിടെയോ നിന്ന് '' ഇതാ വരുന്നേ..''
ഉണ്ടാപ്പി കൈയ്യിലൊരു തോട്ടിയുമായി ഓടി വന്നു.
''എന്നാ കൊച്ചമ്മേ..''

പെണ്ണമ്മച്ചേടത്തി. '' എടാ നീ മാര്‍ക്കറ്റിലൊന്നു പോകണം.വൈകിട്ട് ഊണിന് OTP ഉണ്ടാകുമെന്ന് അച്ചായന്‍ വിളിച്ചു പറഞ്ഞു.''

ഉണ്ടാപ്പി . '' OTP യോ..? അതാരാ കൊച്ചമ്മേ..?''

പെണ്ണമ്മച്ചേടത്തി. '' എടാ മണ്ടാ.. നമ്മുടെ എംഎല്‍എ O.T.പത്രോസ്. പുള്ളിക്കാരനെ ആളുകള്‍ OTP എന്ന് ചുരുക്കി വിളിയ്ക്കുന്നതാ.''

ഉണ്ടാപ്പി. ''ഓ..അതുശരി..!''

പെണ്ണമ്മച്ചേടത്തി. '' എടാ നാളെ നീ ഗവ. ആശുപത്രീപ്പോയി കൊവിഡിനെതിരെ കുത്തിവയ്പ് എടുക്കണം. മാസ്ക് എപ്പോഴും മുഖത്ത് മര്യാദയ്ക്ക് നേരെചൊവ്വേ വച്ചോണം. സാനിറ്ററൈസര്‍ എടുക്കാന്‍ മറക്കണ്ട. ഇടയ്ക്കിടയ്ക്ക് കൈയില്‍ പുരട്ടണം. കൊവിഡ് പകരുന്നത് കൂടുകയാ. ഇപ്പോള്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴും ശ്രദ്ധിയ്ക്കണം. ആളുകളെ തൊട്ടുപിടിച്ച് നില്‍ക്കണ്ട, അകന്നു നിന്നോണം. പിന്നെ അവിടേം ഇവിടേം പിടിച്ചേക്കരുത്.!''

ഉണ്ടാപ്പി. ''കൊച്ചമ്മേ മാര്‍ക്കറ്റിലെപ്പഴാ പോകണ്ടത്.?''

പെണ്ണമ്മച്ചേടത്തി. '' നീ പോയി ഊണുകഴിച്ചിട്ടു വാ..മേടിയ്ക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഞാന്‍ തരാം.''

പെണ്ണമ്മച്ചേടത്തി മുറ്റത്ത് അക്ഷമയോടെ നടക്കുന്നത് കണ്ട് അടുക്കളക്കാരി റോസമ്മ ചോദിച്ചു.
'' എന്നാപറ്റി കൊച്ചമ്മേ.?''

പെണ്ണമ്മച്ചേടത്തി. '' എടീ..ആ ഉണ്ടാപ്പി രാവിലെ കൊവിഡ് കുത്തിവയ്പിന് പോയിട്ട് ഇതുവരെ വന്നില്ല, അവനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. എന്നാ പറ്റിയോ ആവോ..?''

റോസമ്മ.'' അവന്‍ വല്ലടത്തുമൊക്കെ കറങ്ങി നടക്കുന്നുണ്ടാകും.'' പറഞ്ഞിട്ട് റോസമ്മ അടുക്കളയിലേയ്ക്ക് നടന്നു.

പെണ്ണമ്മച്ചേടത്തിയ്ക്ക് വീട്ടിലേയ്ക്ക് ഒരു സഹായത്തിനായി അച്ചായന്‍ കൊണ്ടുവന്നതാണ് ഉണ്ടാപ്പിയെ. മണ്ടത്തരമേ കൈയ്യിലുള്ളൂ എങ്കിലും ആള് ശുദ്ധപാവമാണ്. ഉണ്ടാപ്പിയ്ക്ക് ഒരു സഹോദരന്‍ മാത്രമേ സ്വന്തമെന്ന് പറയാനുള്ളു. മണ്ടത്തരത്തില്‍ ഇവനെക്കാളും കേമനാണന്ന് അച്ചായന്‍ പറഞ്ഞിട്ടുണ്ട്.

മണ്ടൂസ് എന്നാണ് അവനെ വിളിയ്ക്കുന്നത്. കോട്ടയത്തുള്ള അത്തിക്കളം വീട്ടിലാണ് അവനിപ്പോള്‍ ജോലി ചെയ്യുന്നതെന്ന് അച്ചായനോട് ആരോ പറഞ്ഞാരുന്നു. ഉണ്ടാപ്പിയുടെ ശരിയ്ക്കും പേര് ഡൊമിനിക് സെബാസ്ററ്യന്‍ എന്നാണ്. ഉണ്ടാപ്പി എന്ന് അവന് പേരിട്ടത് റബ്ബര്‍ വെട്ടുകാരന്‍ വര്‍ക്കിച്ചനാണ്. പിന്നെ എല്ലാവരും അവനെ ഉണ്ടാപ്പി എന്ന് വിളിച്ചു. ചിലരവനെ ഉണ്ടാപ്പിരീന്നും വിളിയ്ക്കാറുണ്ട്.

ഉണ്ടാപ്പി ക്ഷീണിച്ച് അവശനായി വരുന്നത് കണ്ട് പെണ്ണമ്മച്ചേടത്തി.
'' എവിടെ വായും പൊളിച്ച് നടക്കുവാരുന്നടാ ഇത്രയും നേരം.? രാവിലെ ഇറങ്ങിയതല്ലേ നീ.! കുത്തിവയ്പ് എടുത്തിട്ട് നീ എവിടെ പോയി കിടക്കുകയായിരുന്നു..?''

ഉണ്ടാപ്പി. '' കുത്തിവച്ചില്ല കൊച്ചമ്മേ..!''

പെണ്ണമ്മച്ചേടത്തി.'' കുത്തിവച്ചില്ലേ..!പിന്നെ നീ എന്നാ എടുക്കുവാരുന്നു..? അതെന്നാ കുത്തിവക്കാഞ്ഞെ..? നീ ആശുപത്രിയില്‍ പോയില്ലേ..?''

ഉണ്ടാപ്പി. '' ആശുപത്രിയിലൊക്കെ പോയി.''

പെണ്ണമ്മച്ചേടത്തി. '' പിന്നെ എന്നാ പറ്റി..?''

ഉണ്ടാപ്പി. '' ഞാനവിടെ ചെന്നാരുന്നേ..ആധാര്‍കാര്‍ഡും ഫോണ്‍ നമ്പരും ഒക്കെ പറഞ്ഞുകൊടുത്താരുന്നു. അപ്പോള്‍ അവരു പറഞ്ഞു നെറ്റ് ഇല്ല. OTP വന്നില്ല. അവിടെ പോയിനിന്നോ, OTP വരുമ്പോള്‍ ഇവിടെ വന്ന് പറയണം എന്ന്. ഞാന്‍ OTP വരുന്നതും നോക്കി അവിടെ നില്‍ക്കുവാരുന്നു. ആ എംഎല്‍എ ഒന്നും അങ്ങോട്ടു വന്നില്ല. രണ്ടുമണി കഴിഞ്ഞപ്പോള്‍ കുത്തിവയ്പ് നിര്‍ത്തി അവര് പോയി.''

പെണ്ണമ്മച്ചേടത്തി. '' എംഎല്‍എ യോ..?''

ഉണ്ടാപ്പി.'' അതെ കൊച്ചമ്മേ.. ഇന്നലെ ഇവിടെ വന്നില്ലേ OTP, ആ എംഎല്‍എ, ആ പുള്ളിക്കാരനൊന്നും അങ്ങോട്ടു വന്നില്ല.!''

കരയണോ ചിരിയ്ക്കണോ എന്നറിയാതെ നില്‍ക്കുന്ന പെണ്ണമ്മച്ചേടത്തിയെ നോക്കി റോസമ്മ അടക്കി ചിരിച്ചു.

cultural
Advertisment