സാക്ഷരത – ഉണ്ടാപ്പി കഥകള്‍ -3 (കൊവിഡ് കാല കഥകള്‍)

സുഭാഷ് ടി ആര്‍
Wednesday, May 5, 2021

-സുബാഷ് ടി.ആര്‍

” റോസമ്മേ.. വര്‍ക്കിയെ ഇതുവരെ കാപ്പികുടിയ്ക്കാന്‍ കണ്ടില്ലല്ലോ.! എന്നാപറ്റിയോ ആവോ.? റബ്ബര്‍ വെട്ടാന്‍ വന്നില്ലാരുന്നോ.?” പെണ്ണമ്മച്ചേടത്തി റോസമ്മയോട് ചോദിച്ചു.

”റബ്ബര്‍ വെട്ടാനൊക്കെ വന്നാരുന്നു. ഞാന്‍ വെളുപ്പിനെ മുറ്റമടിയ്ക്കുമ്പോഴാരുന്നു വര്‍ക്കിച്ചേട്ടന്‍ കത്തിയും ഒട്ടുപാലുകൂടയും എടുത്തോണ്ട് പോയത്.” ഉച്ചയ്ക്ക് ചോറിന് കൂട്ടാന്‍ വയ്ക്കാനായി കപ്പളങ്ങയുടെ തോല് ചെത്തുകയായിരുന്ന റോസമ്മ പറഞ്ഞു.

” റോസമ്മേ..ഇത് ആ വടക്കേതൊട്ടിയിലെ പാളേങ്കൊടന്‍ വാഴകള്‍ക്കിടയില്‍ നില്‍ക്കുന്ന കപ്പളത്തിന്റെ ആണോ.? തൊലിചെത്തിയ മണം വന്നത് കൊണ്ട് ചോദിച്ചതാ..” പെണ്ണമ്മച്ചേടത്തി ചോദിച്ചു.

”അതെ..” റോസമ്മ പറഞ്ഞു.
” തോരനും എരിശ്ശേരിയ്ക്കും പറ്റിയ കപ്പളങ്ങയാ..” പെണ്ണമ്മച്ചേടത്തി പറഞ്ഞു.

”റോസമ്മോ.!” പുറത്ത് നിന്ന് വര്‍ക്കി വിളിച്ചു.
” ആണ്ടടീ.. വര്‍ക്കി വന്നു.” പെണ്ണമ്മച്ചേടത്തി പറഞ്ഞു.

” വര്‍ക്കിച്ചേട്ടാ ഇതാ വരുന്നു.” റോസമ്മ പറഞ്ഞു.
” ഇന്നെന്നാ വര്‍ക്കീ കാപ്പികുടിയ്ക്കാന്‍ വരാന്‍ താമസിച്ചത്.?” പെണ്ണമ്മച്ചേടത്തി പുറകുവശത്തെ വരാന്തയിലേയ്ക്കിറങ്ങിക്കൊണ്ട് ചോദിച്ചു.

” ഇന്നലെ മഴ പെയ്തത് കാരണം ചിരട്ടയിലെല്ലാം വെള്ളമായിരുന്നു.വെള്ളം കമഴ്ത്തിക്കളഞ്ഞ് ചിരട്ടവച്ച് വന്നപ്പോള്‍ സമയം പോയി.” വര്‍ക്കി മേത്തും കൈകളിലും പറ്റിപ്പിടിച്ച ഉണങ്ങിയ റബ്ബര്‍ പാല്‍ തുള്ളികള്‍ പറിച്ചുകളഞ്ഞോണ്ട് പറഞ്ഞു.

റോസമ്മ ഉണക്ക കപ്പ പുഴുക്കും മുളക് ഇട്ട് വച്ച ഉണക്ക തിരണ്ടി കറിയും വര്‍ക്കിയ്ക്ക് കഴിയ്ക്കാന്‍ കൊണ്ടുവന്ന് വച്ചു.

”റോസമ്മേ..കട്ടന്‍കാപ്പിയ്ക്ക് മധുരം വേണ്ട കേട്ടോ..” വര്‍ക്കി പറഞ്ഞു.
” അത് വര്‍ക്കി പ്രത്യേകിച്ച് അവളോട് പറയണ്ട കാര്യമില്ല, ഓരോരുത്തര്‍ക്കും എന്നതാ വേണ്ടതെന്ന് റോസമ്മയ്ക്ക് അറിയാം.” പെണ്ണമ്മച്ചേടത്തി പറഞ്ഞു.
റോസമ്മ കട്ടന്‍കാപ്പി കൊണ്ടുവന്ന് കൊടുത്തുകൊണ്ട് വര്‍ക്കിയോട് പറഞ്ഞു. ” പുഴുക്കും കറിയും വേണെങ്കില്‍ വിളിച്ചേക്കണേ വര്‍ക്കിച്ചേട്ടാ. ഞാനടുക്കളേലുണ്ടേ…!”

” ഉണ്ടാപ്പിയെന്തിയേ.. ചേടത്തീ.?” വര്‍ക്കി ചോദിച്ചു.
”അവനാ പശുക്കളേംകൊണ്ട് താഴോട്ട് പോയിട്ടുണ്ട്.” ചേടത്തി പറഞ്ഞു.
” അല്ല വര്‍ക്കീ..മേരിയെ ഇപ്പം ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ,?” പെണ്ണമ്മച്ചേടത്തി ചോദിച്ചു. വര്‍ക്കിയുടെ ഭാര്യയാണ് മേരി.

” കുടുംബശ്രീ വഴി അവള്‍ക്ക് നമ്മുടെ ഹോമിയോ ആശുപത്രിയില്‍ ടിക്കറ്റ് എഴുതുന്ന ജോലികിട്ടി. രാവിലെ അങ്ങോട്ട് പോകും.” വര്‍ക്കി പറഞ്ഞു.
”അവളെന്തോരെ പഠിച്ചതാടാ.?”
”മൂന്നാം ക്ലാസ്സ് വരെ.”
” എഴുതാനും വായിയ്ക്കാനും അറിയാമോ.?”
”എഴുതും.” പക്ഷേ..അക്ഷരത്തെറ്റായിരിയ്ക്കും.” ”വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ എഴുതുന്ന ആധാര്‍ കാര്‍ഡിലും റേഷന്‍ കാര്‍ഡിലും മുഴുവനും അക്ഷരത്തെറ്റാ. പിന്നെയാ മൂന്നാം ക്ലാസ്കാരിയുടെ അക്ഷരത്തെറ്റിന് കുറ്റം പറയുന്നേ.!
മേരി വരാത്തകാരണം കന്നുകാലിക്കൂടിന്റവിടെല്ലാം അപ്പിടി കുപ്പയാ. മേരി വന്ന് അതെല്ലാം അടിച്ചുവാരിക്കളയുമായിരുന്നു.”

പെണ്ണമ്മച്ചേടത്തി പറയുന്നത് കേട്ടോണ്ടാണ് ഉണ്ടാപ്പി വരുന്നത്.
” വര്‍ക്കിച്ചോ.. കപ്പേം..തെരണ്ടീം അടിയ്ക്കുവാണോ.?” ഉണ്ടാപ്പി ചോദിച്ചു.
” നീ കഴിച്ചോടാ ഉണ്ടാപ്പീ..” വര്‍ക്കി ചോദിച്ചു.
” എപ്പഴേ കഴിച്ചു.!” ഉണ്ടാപ്പി പറഞ്ഞു.
” വര്‍ക്കീ ഹോമിയോ ആശുപത്രിയില്‍ എല്ലാ ദിവസവും ഡോക്ടറുണ്ടോ.?” പെണ്ണമ്മച്ചേടത്തി ചോദിച്ചു.

” എല്ലാ ദിവസവും ഉണ്ടന്നാ മേരി പറയുന്നെ. ഒരു ലേഡീ ഡോക്ടറാ.അശ്വതീന്നോ മറ്റോ ആണ് ആ ഡോക്ടറുടെ പെരെന്ന് മേരി പറഞ്ഞതെന്ന് തോന്നുന്നു. മേവടയിലെങ്ങാണ്ടാ വിട്. നല്ല കൈപ്പുണ്യം ആണന്നാ എല്ലാവരും പറയുന്നേ. എല്ലാവരൊടും നല്ല പെരുമാറ്റമായത് കൊണ്ട് ആളുകളുടെ ബഹളമാ. കൊറോണയ്ക്കുള്ള പ്രതിരോധമരുന്നും കൊടുക്കുന്നുണ്ട്.”

” എന്നാ.. എനിയ്ക്കും ആ ഡോക്ടറെ ഒന്നു കാണണോലോ.!” ഉണ്ടാപ്പി പറഞ്ഞു.
” അതിന് നിനക്കെന്നാപറ്റീ..?” പെണ്ണമ്മച്ചേടത്തിയും വര്‍ക്കിയും ചോദിച്ചത് ഒന്നിച്ചായിരുന്നു.
” അതേ..ഭയങ്കര നെഞ്ചെരിച്ചിലാ..!”
ഉണ്ടാപ്പി പറഞ്ഞു.

” എന്നാ നീ ഇപ്പോത്തന്നെ പൊക്കോ. വര്‍ക്കീ നീ മേരിയെ വിളിച്ചു പറഞ്ഞേ.. ഉണ്ടാപ്പിയ്ക്ക് ഒരു ഒ.പി ടിക്കറ്റെഴുതിവയ്ക്കാന്‍.” പെണ്ണമ്മച്ചേടത്തി പറഞ്ഞു.
” ഉണ്ടാപ്പീന്ന് പറഞ്ഞ് ടിക്കറ്റെഴുതിച്ചാല്‍ മതിയോ.?” വര്‍ക്കി കളിയാക്കി.
”ദേ വര്‍ക്കിച്ചാ കളിയാക്കിയാലുണ്ടല്ലോ.! ഡൊമിനിക് സെബാസ്ററ്യന്‍ന്നാ എന്റെ പേര്.” ഉണ്ടാപ്പി പറഞ്ഞു.
”വയസ്സെത്രയാ ഉണ്ടാപ്പീ.” വര്‍ക്കി ചോദിച്ചു.
” ഇരുപത്തിഒന്ന് ”

വര്‍ക്കി മേരിയെ വിളിച്ച് ഒ.പി ടിക്കറ്റെഴുതി വയ്ക്കാന്‍ പറഞ്ഞു.
”ഉണ്ടാപ്പീ നീ ഇപ്പോത്തന്നെ പൊക്കോ.” വര്‍ക്കി പറഞ്ഞു.
” ഉണ്ടാപ്പീ കൊറോണയുടെ പ്രതിരോധമരുന്നുകൂടി വാങ്ങിച്ചോ.ഇവിടെ എല്ലാവര്‍ക്കും വേണേ.!” പെണ്ണമ്മച്ചേടത്തി പറഞ്ഞു.

” എടാ രണ്ട് മാസ്ക് വച്ചോണ്ട് വേണം ഇപ്പോള്‍ പുറത്ത് പോകാന്‍ എന്നാ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നേ.നീ ആ സാനിറ്ററൈസര്‍ കൂടി എടുത്തോ. അവിടെ ചെല്ലുമ്പോള്‍ സാനിറ്ററൈസര്‍ കൊണ്ട് കൈ കഴുകണം. ആള്‍ക്കാരില്‍നിന്നും അകന്ന് നിന്നോണം. തിരിച്ച് വരുമ്പോള്‍ ഡെറ്റോള്‍ ഒഴിച്ച് അലക്കികുളിച്ചേ അകത്തേയ്ക്ക് കയറാവൂ.!” പെണ്ണമ്മച്ചേടത്തി ഉണ്ടാപ്പിയോട് പറഞ്ഞു.
”ശരി..കൊച്ചമ്മേ..!”
ഉണ്ടാപ്പി ഹെര്‍ക്കുലീസില്‍ കയറി പാഞ്ഞു.

കുറെ സമയം കഴിഞ്ഞ് ഉണ്ടാപ്പി വരുമ്പോള്‍ പെണ്ണമ്മച്ചേടത്തി വരാന്തയില്‍ നില്‍പുണ്ടായിരുന്നു.
”ഡോക്ടറെ കണ്ടോടാ.?”
” കണ്ടു. മരുന്ന് കഴിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു.
”കൊറോണയുടെ പ്രതിരോധമരുന്ന് കിട്ടിയോ.?”
” കിട്ടി.”
” എങ്ങനെയാ കഴിയ്ക്കണ്ടേന്ന് പറഞ്ഞോ.?”
”അത്..ആ.. കൂടിന്റെ പുറത്ത് എഴുതീട്ടുണ്ട്.”
”എന്റീശോയേ..!ഇന്നൊരു കുഴപ്പവും ഉണ്ടാക്കാതെ അവനെ ഇവിടെ എത്തിച്ചതിന് സ്തുതിയും സ്തോത്രവും.” പെണ്ണമ്മച്ചേടത്തി പ്രാര്‍ത്ഥിച്ചു.

അന്നുച്ചയുറക്കം കഴിഞ്ഞ് പെണ്ണമ്മച്ചേടത്തി വരുമ്പോള്‍ ഉണ്ടാപ്പി കന്നുകാലിക്കൂടിനപ്പുറത്ത് കിടക്കുന്ന കുപ്പ അടിച്ചുവാരി ചാക്കിലാക്കുകയായിരുന്നു. രാവിലെ കുപ്പയുടെ കാര്യം വര്‍ക്കിയോട് പറയുന്നത് ഉണ്ടാപ്പി കേട്ടുകാണും.

കുറച്ച് ദിവസം കഴിഞ്ഞ് രാവിലെ വര്‍ക്കി കാപ്പികുടിച്ചോണ്ടിരുന്നപ്പോള്‍ ഉണ്ടാപ്പി പറഞ്ഞു.” വര്‍ക്കിച്ചേട്ടാ മേരിച്ചേച്ചിയോട് പറയുവോ ഇന്ന് എനിയ്ക്ക് ഡോക്ടറെ കാണാന്‍ ടിക്കറ്റെഴുതിവയ്ക്കണമെന്ന്.”
”ഓ..പറയാലോ.”
” കൊച്ചമ്മേ..ഞാന്‍ മരുന്ന് മേടിയ്ക്കാന്‍ പോകുവാണേ.!”
” മാസ്കും സാനിറ്ററൈസറും എടുത്തോടാ. രണ്ട് മാസ്ക് വച്ചേക്കണേ.! ഇന്നാ…പോലിസുകാരെങ്ങാനും എവിടെ പോകുവാന്ന് ചോദിച്ചാല്‍ കാണിയ്ക്കാന്‍ ഈ സത്യ പ്രസ്താവനകൂടി വച്ചോ.”

ഉണ്ടാപ്പി ഹെര്‍ക്കുലീസില്‍ കയറിയപ്പോള്‍ പെണ്ണമ്മച്ചേടത്തി,” ഒന്നു നിന്നേടാ..! നീ ആശുപത്രിയില്‍ പോയിട്ടുവരുന്നവഴി പൊങ്ങനാക്കുന്നേലെ ഉണ്ണീടെ പലചരക്ക് കടേല്‍ കേറി രണ്ട് ചാക്ക് തിരിയും പതിനഞ്ച് കിലോ കടലപിണ്ണാക്കും ഒരുചാക്ക് ഗോതമ്പ്തവിടും കൂടി സുലുവിന്റെയോ ഷിന്റോയുടെയോ ഓട്ടോയില്‍ കൊടുത്ത് വിടാന്‍ പറയണം. അച്ചായന് വൈകിട്ട് ജയശ്രീക്ലബ്ബിന്റെ പൊതുയോഗം ഉണ്ടന്ന് കൂട്ടുകാരോട് വിളിച്ചുപറയുന്നത് കേട്ടാരുന്നു. പുള്ളിക്കാരന്‍ ആ തിരക്കില്‍ അതൊക്കെ മേടിയ്ക്കാന്‍ മറന്നുപോകും.”

ഉച്ചയ്ക്ക് വര്‍ക്കി റബ്ബര്‍പ്പാല്‍ ഉറയൊഴിച്ച് കഴിഞ്ഞ് ബീഡി വലിയ്ക്കാനായി മുറ്റത്ത് മതിലിലിരിയ്ക്കുമ്പോഴായിരുന്നു ഉണ്ടാപ്പി ആശുപത്രീന്ന് വരുന്നത്.ഹെര്‍ക്കുലീസ് കാര്‍ഷെഡ്ഡിനരികില്‍ വെച്ചിട്ട് ഉണ്ടാപ്പി കുളിയ്ക്കാന്‍ പോകുമ്പോള്‍ പുറകില്‍ നിന്ന് വര്‍ക്കി വിളിച്ചു.” ഉണ്ടാപ്പീ…ഇതെന്നാടാ ഒരു മൈന്‍ഡും ഇല്ലാതെ പോകുന്നെ..”

” ആ…വര്‍ക്കിച്ചന്‍ ഇവിടിരിപ്പുണ്ടാരുന്നോ..”
” ഓ…നമ്മളെ ഒന്നും കണ്ണില്‍ പിടിയ്ക്കത്തില്ലല്ലോ.!” വര്‍ക്കിച്ചന്‍ വെറുതെ പരിഭവിച്ചു.
”ഞാനേ..കണ്ടില്ലാരുന്നന്നേ..!”
” ഉണ്ടാപ്പീ..അന്ന് താരന് മരുന്ന് മേടിയ്ക്കാന്‍ പോയപ്പോള്‍ തലയോട്ടികൊണ്ടുവന്നപോലെ ഇന്നെന്നാ കൊണ്ടുവന്നെ.?”
”പോ…വര്‍ക്കിച്ചാ..കളിയാക്കാതെ..!”

”വര്‍ക്കിച്ചേട്ടാ ..എന്നാ..കൈകഴുകിയ്ക്കോ.. ചോറുതന്നേക്കാം..” റോസമ്മ വന്ന് വിളിച്ചു.
വര്‍ക്കി വലിച്ചോണ്ടിരുന്ന ബീഡി ആഞ്ഞുവലിച്ചിട്ട് ദൂരെക്കളഞ്ഞ് ചോറുണ്ണാന്‍ എഴുന്നേറ്റു. ഒരു ഓട്ടോറിക്ഷാ വരുന്നത് കണ്ട് അകത്തേയ്ക്ക് പോയ റോസമ്മയും വര്‍ക്കിയും തിരിഞ്ഞു നിന്നു. രണ്ടുപേരും പരസ്പരം നോക്കി.ആരായിരിയ്ക്കും ഈ നേരത്ത് എന്നായിരുന്നു നോട്ടത്തിനര്‍ത്ഥം.

ഓട്ടോ വന്ന് മുറ്റത്ത് നിന്നപ്പോള്‍ പെണ്ണമ്മച്ചേടത്തി പുറത്തേയ്ക്ക് വന്നോണ്ട് പറഞ്ഞു.” വര്‍ക്കീ…ഓക്കേ ആയിരിയ്ക്കും ഓട്ടോയില്‍. തെക്കേപ്പെരേലേയ്ക്ക് വച്ചേരെ.”

ഓട്ടോയില്‍ നിന്ന് മേരി ഇറങ്ങിയപ്പോള്‍ വര്‍ക്കിഞെട്ടി. ‘ഇതെന്നാ ഇവളിവിടെ ഓട്ടോയില്‍.!’ എന്ന് സ്വയം ചോദിച്ചു. ഇതേ ചോദ്യം പെണ്ണമ്മച്ചേടത്തിയും റോസമ്മയും പരസ്പരം കണ്ണുകളിലൂടെ ചോദിച്ചു.

പുറകെ ഇറങ്ങിയ വെളുത്തുമെലിഞ്ഞ മുപ്പത് വയസ്സില്‍ താഴെ പ്രായം തോന്നിയ്ക്കുന്ന സുന്ദരിയെയും മേരിയെയും മാറിമാറി മൂന്നുപേരും നോക്കി.

” അതിങ്ങിറക്കി വച്ചോ മേരീ..!” കൂടെ വന്ന യുവതി മേരിയോട് പറഞ്ഞു.
മേരി ഓട്ടോയുടെ പുറകില്‍ നിന്നും ഒരു ചാക്കിറക്കിവച്ചു. ഇതെല്ലാം കണ്ടോണ്ട് പെണ്ണമ്മച്ചേടത്തിയും റോസമ്മയും വര്‍ക്കിയും ഒന്നും പിടികിട്ടാതെ നില്‍ക്കുകയായിരുന്നു.
” ആരാ കൊച്ചമ്മേ വന്നത്..!” എന്ന് ചോദിച്ചോണ്ട് ഉണ്ടാപ്പി പുറത്തേയ്ക്ക് വന്നു.

” അയ്യോ..ഇതാരാ.. ഡോക്ടറോ.? ഇതെന്നാ ഇവിടെ..?” ഉണ്ടാപ്പി ചോദിച്ചപ്പോള്‍ മൂന്നുപേര്‍ക്കും അത് ഹോമിയോ ആശുപത്രിയിലെ ഡോക്ടറാണന്ന് മനസ്സിലായി. പക്ഷേ..ഈ ചാക്കിലെന്നതാരിയ്ക്കും എന്ന സംശയം ബാക്കിയായി.
പെണ്ണമ്മച്ചേടത്തി മുറ്റത്തേയ്ക്ക് ഇറങ്ങിച്ചെന്നു.

”ഡോക്ടറേ..വാ..അകത്തേയ്ക്ക് വാ..!”
” അതിനൊന്നും സമയമില്ല.ഈ സാധനം ഇവിടെ തിരിച്ചേല്‍പിയ്ക്കാന്‍ വന്നതാ.” ഡോക്ടര്‍ പറഞ്ഞു.
” തിരിച്ചേല്‍പിയ്ക്കാനോ.? എന്നാ സാധനമാ.? പെണ്ണമ്മച്ചേടത്തി ചോദിച്ചു.
” ദേ..അവനവിടെ.. ആശുപത്രിയില്‍ കൊണ്ടുവന്ന് വച്ചിട്ട് പോയതാ..!” ഉണ്ടാപ്പിയെ നോക്കി ഡോക്ടര്‍ പറഞ്ഞു.

പെണ്ണമ്മച്ചേടത്തിയും റോസമ്മയും വര്‍ക്കിയും ഉണ്ടാപ്പിയെ നോക്കി. പ്രത്യേകിച്ച് ഒരു ഭാവവും ആ മുഖത്ത് കണ്ടില്ല.

” എന്നതാ മേരീ ചാക്കില്‍.? തൊറന്നേ നോക്കട്ടെ.” പെണ്ണമ്മച്ചേടത്തിയും റോസമ്മയും വര്‍ക്കിയും ചാക്കിനടുത്തെത്തി. മേരി ചാക്കുതുറന്നപ്പോള്‍ മൂവരും അന്ധാളിച്ച് പോയി. ചാക്ക് നിറയെ കുപ്പയും ചവറും.

” എന്റെ ചേടത്തീ..ആശുപത്രിയുടെ വാതിക്കല്‍ കുറെ നേരമായി ഒരു ചാക്ക് ഇരിയ്ക്കുന്നത് കണ്ട് അറ്റന്‍ഡര്‍ ഭാസ്കരന്‍ ചേട്ടന്‍ അഴിച്ച് നോക്കി. ചാക്കില്‍ നിറയെ കുപ്പ. ആരാ ഇതിവിടെ വച്ചതെന്ന് അന്വഷിച്ചപ്പോഴാണ് ഉണ്ടാപ്പി കൊണ്ടുവയ്ക്കുന്നത് കണ്ടന്ന് ഒരാള്‍ പറഞ്ഞെ.” മേരി പറഞ്ഞു.

”കൊവിഡ് കാലമായതിനാല്‍ ആശുപത്രിയും പരിസ്സരവും വളരെ വൃത്തിയായി സൂക്ഷിയ്ക്കുമ്പോഴാണ് ഇവനീ പണി കാണിച്ചെ. എപ്പോള്‍ വേണമെങ്കിലും ഇന്‍സ്പെക്ഷന്‍ ഉണ്ടാകാം. അവരുടെ കണ്ണിലെങ്ങാനും പെട്ടിരുന്നെങ്കിലത്തെ അവസ്ഥ ആലോചിയ്ക്കാന്‍ പോലും മേല.

മേരിയ്ക്ക് ആളെ അറിയാമെന്ന് പറഞ്ഞപ്പോള്‍ കയ്യോടെ ഇവനെ കണ്ട് ഇത് തിരിച്ചേല്‍പിയ്ക്കാനും എന്തിനാ ഈ പണി ചെയ്തതെന്നും ചോദിയ്ക്കാനും വന്നതാ.പറയടാ ഇതെന്തിനാ അവിടെ കൊണ്ടുവന്ന് വച്ചത്.? ആരു പറഞ്ഞിട്ടാ.?” ഡോക്ടര്‍ ചോദിച്ചു.

”മേരിച്ചേച്ചി പറഞ്ഞിട്ടാ അത് കൊണ്ടുവന്നെ..” ഉണ്ടാപ്പി പറഞ്ഞു.
” ഞാന്‍ പറഞ്ഞിട്ടോ.?” മേരി ഞെട്ടിപ്പോയി. വര്‍ക്കിയും ഡോക്ടറും ഞെട്ടി. പെണ്ണമ്മച്ചേടത്തിയും റോസമ്മയും കണ്ണുമിഴിച്ചു.

” അതേന്നേ..മേരിചേച്ചി എഴുതിതന്നത്.. നോക്കിയ്ക്കേ..!”എന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും എഴുതിക്കൊടുത്ത ടോക്കണ്‍ ഉണ്ടാപ്പി ഡോക്ടറുടെ കൈയ്യില്‍ കൊടുത്തു.
അത് വായിച്ച ഡോക്ടര്‍ ചിരിച്ചോണ്ട് പെണ്ണമ്മച്ചേടത്തിയുടെ കൈയ്യില്‍ കൊടുത്തു. ചേടത്തി അത് വായിച്ച് ദയനിയമായി മേരിയെയും വര്‍ക്കിയെയും നോക്കിയിട്ട് റോസമ്മയെ ഏല്‍പിച്ചു.

ടോക്കണ്‍ റോസമ്മ വാങ്ങി വായിച്ചിട്ട് ചിരിയടക്കാനാവാതെ വര്‍ക്കീടെ കൈയ്യില്‍ കൊടുത്തു.
വര്‍ക്കി ഇങ്ങനെ വായിച്ചു.

”ടൊമിനിക് സെവാസ്ററ്യന്‍,വയസ് 21, അരുവിക്കുഴി. ഇനി വരുമ്പോള്‍ കുപ്പ കൊണ്ടുവരണം.” ഇനി വരുമ്പോള്‍ കുപ്പി കൊണ്ടുവരണം എന്ന് മേരി എഴുതിയപ്പോള്‍ കുപ്പി.. കുപ്പ ആയിപ്പോയി. ഉണ്ടാപ്പിയെ പോലെ ഒരു തിരുമണ്ടന്‍ വായിച്ചപ്പോള്‍ കുപ്പയും വാരിക്കൊണ്ട് പോയി. ” എന്നാലും എന്റെ മേരീ..!” വര്‍ക്കി മനസ്സില്‍ വിലപിച്ചു.

” ഒന്നും പറയാനില്ല.. ചേച്ചീ..പോകുവാണേ..പിന്നെക്കാണാം. കേറ് മേരീ..” ഡോക്ടറും മേരിയും പോയി.

പെണ്ണമ്മച്ചേടത്തി കിളിപോയി തിണ്ണേല്‍ കേറി മുറ്റത്തിരിയ്ക്കുന്ന കുപ്പച്ചാക്കിനെ നോക്കി ഇരുന്നു. ചിരി അമര്‍ത്തി പെണ്ണമ്മച്ചേടത്തിയെ നോക്കിയിട്ട് റോസമ്മ അടുക്കളയിലേയ്ക്ക് കയറി.

ഈ സമയം ഉണ്ടാപ്പി കുളികഴിഞ്ഞ് കുട്ടിക്യൂറാ പൗഡര്‍ മേത്ത് ഇടുകയായിരുന്നു.

×