Advertisment

കോമാവിന്‍കൊമ്പത്ത് - ഉണ്ടാപ്പിക്കഥകള്‍ - 4 (കൊവിഡ് കാല കഥകള്‍)

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

-സുബാഷ് ടി.ആര്‍

''അച്ചായന്‍ വരണ്ട സമയം കഴിഞ്ഞല്ലോ..! വിളിയ്ക്കുമ്പോഴെല്ലാം മൊബൈല്‍ സ്വിച്ച് ഓഫാന്നും പറയുന്നു.!'' ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞോണ്ട് പെണ്ണമ്മച്ചേടത്തി വരാന്തയിലിറങ്ങിവന്ന് കൂടെക്കൂടെ വഴിയുടെ അങ്ങേ അറ്റത്തേയ്ക്ക് നോക്കും. അച്ചായന്റെ ഇന്റര്‍നാഷനലിന്റെ ലൈറ്റ് കാണുന്നുണ്ടോന്ന്.

അടുക്കളയിലെ പണികളൊക്കെ തീര്‍ത്ത് കുളിയും കഴിഞ്ഞ് പതിവുപോലെ റോസമ്മ വരാന്തയിലിരുന്ന് നടക്കല്ലിലേയ്ക്ക് കാലുകള്‍ നീട്ടിവച്ചു. പെണ്ണമ്മച്ചേടത്തിയും അതിനിപ്പുറത്തിരുന്നു.

'' എടീ..അച്ചായനെ കാണുന്നില്ലല്ലോ.എവിടെയെങ്കിലും പോകുമെന്ന് നിന്നോട് വല്ലതും പറഞ്ഞാരുന്നോ.?''

'' എന്നോട് ഒന്നും പറഞ്ഞില്ല.''

''പിന്നെയെന്നാണാവോ താമസിയ്ക്കുന്നേ..!''

'' അതിന് സമയം എട്ടര ആയതല്ലേ ഉള്ളൂ കൊച്ചമ്മേ..! നാളെ മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങുകല്ലേ..ആരെയെങ്കിലും കാണാന്‍ പോയതായിരിയ്ക്കും.''

''ഉണ്ടാപ്പിയെന്തിയേടീ.?''

'' അവനവിടെ ടിവി കണ്ടോണ്ടിരിപ്പുണ്ട്.''

''അവനാ കോഴിക്കൂട് അടച്ചോ ആവോ.?''

'' അതടച്ചിട്ടാ അവന്‍ ടിവി കാണാനിരുന്നേ.''

രണ്ടുപേരും കൂടെ വര്‍ത്താനം പറഞ്ഞിരിയ്ക്കുന്നതിനിടെ ഇന്റര്‍നാഷനല്‍, റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം തെന്നിത്തെറിപ്പിച്ച് വരുന്നത് ദൂരെ കണ്ടു.

''അച്ചായന്‍ വരുന്നുണ്ട്.'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.ടാര്‍റോഡില്‍ നിന്ന് അര കിലോമീറ്റര്‍ മിച്ചം അച്ചായന്റെ റബ്ബര്‍തോട്ടത്തിലൂടെ യാത്രചെയ്യണം വീട്ടിലെത്താന്‍.

റോസമ്മ എഴുന്നേറ്റു. ഇന്റര്‍നാഷനല്‍ മുറ്റത്തെ ചരലുകളെ ഞെരിച്ചമര്‍ത്തി ഷെഡ്ഡില്‍ കയറി ഇരച്ച് നിന്നു. ബാഗുമെടുത്ത് അച്ചായന്‍ പുറത്തിറങ്ങി.

'' ഇന്നെന്നാ താമസിച്ചേ..?''പെണ്ണമ്മ ചോദിച്ചു.

''കടയടയ്ക്കാന്‍ തുടങ്ങിയപ്പോഴാ മുണ്ടന്‍കുന്നേല്‍ ജോസും കമ്പിയിലെ ശ്രീകുമാറും തലവേലി ടോമിയും കൂടി വന്നത്. വര്‍ത്താനം പറഞ്ഞോണ്ടിരുന്നപ്പോള്‍ പാലാപ്പറമ്പിലെ ജോജി വിളിച്ചു. ഞങ്ങളെല്ലാവരും കൂടി ജോജിയുടെ കടേലോട്ട് പോയി.'' മാസ്ക് ഊരിമാറ്റിക്കൊണ്ട് അച്ചായന്‍ പറഞ്ഞു.

'' മൊബൈലില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫാന്ന് പറയുന്നു.!''

''അതെന്നാന്നോ.. ചാര്‍ജ്ജ് തീര്‍ന്ന് പോയാരുന്നു. ചാര്‍ജ്ജിലിടാന്‍ മറന്നും പോയി.''

'' റോസമ്മേ ആ സാനിറ്ററൈസര്‍ ഇങ്ങെടുത്തേ..'' വരാന്തയിലിരിയ്ക്കുന്ന സാനിറ്ററൈസര്‍ കുപ്പി ചൂണ്ടി അച്ചായന്‍ പറഞ്ഞു.

സാനിറ്ററൈസര്‍ ഒരെണ്ണം വരാന്തയില്‍ സ്ഥിരമായി വച്ചേക്കാറുണ്ട് അച്ചായന്‍.പുറത്തേയ്ക്ക് പോകുമ്പോഴും വരുമ്പോഴും കൈയില്‍ പുരട്ടും. അഥവാ വീട്ടിലേയ്ക്ക് ആരെങ്കിലും വന്നാലും പുരട്ടാന്‍ കൊടുക്കാമല്ലോ.

'' പെണ്ണമ്മേ..വര്‍ക്കി.. ആ.. ഷീറ്റോക്കെ പുകപ്പുരേല്‍ ഇട്ടാരുന്നോ.?'' അച്ചായന്‍ ചോദിച്ചു.

'' മഴയ്ക്ക് മുന്‍പേതന്നെ ഇട്ടാരുന്നു.''

'' ഞാന്‍ കുളിച്ചിട്ടു വരാം.'' ബാഗിന്റെ പുറത്തെല്ലാം സാനിറ്ററൈസര്‍ തേച്ചിട്ട് ബാഗ് പെണ്ണമ്മയെ ഏല്‍പിച്ചിട്ട് അച്ചായന്‍ പുറത്തെ കുളിമുറിയിലേയ്ക്ക് നടന്നു.

പിറ്റേന്ന് രാവിലെ

വര്‍ക്കി റബ്ബറു വെട്ടും കഴിഞ്ഞ് ഒട്ടുപാല്‍ മുറ്റത്ത് കുടഞ്ഞിടുമ്പോള്‍ ചാക്കോച്ചന്‍ പത്രം വായിയ്ക്കുകയായിരുന്നു. ഒച്ചകേട്ട് ചാക്കോച്ചന്‍ തലയുയര്‍ത്തി നോക്കി.

'' എടാ..വര്‍ക്കീ..വെട്ടുകഴിഞ്ഞോടാ..?'' ചാക്കോച്ചന്‍ സ്നേഹത്തോടെ ചോദിച്ചു.

'' കഴിഞ്ഞു ചാക്കോച്ചേട്ടാ..!''

'' പാല് കൂടുന്നുണ്ടോ.?''

''മഴ പെയ്യുന്നകാരണം പാല് കൂടുതലാ. ഇനി അടമഴയ്ക്ക് മുമ്പായി വളമിടണം. പിന്നെ...പാവാട ഇടണ്ടേ.?''

'' എന്തായാലും ഇനിയിപ്പോള്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ അല്ലേ..ചിലപ്പോ അടുത്തയാഴ്ചയും കൂടി ലോക്ക്ഡൗണ്‍ നീട്ടിയേക്കും. നമുക്ക് ഇപ്പോ വളമിടാം. പാവാടയിടുന്നത് ലോക്ക്ഡൗണ്‍ കഴിഞ്ഞിട്ട് മതി. പിന്നെ..എന്നാ ഒണ്ടടാ വിശേഷം..''

''ഓ...എന്നാ വിശേഷമാ ചാക്കോച്ചേട്ടാ..അങ്ങനെ ഒക്കെ അങ്ങ് പോകുന്നു.''

'' നീ വീട്ടിലേയ്ക്കുള്ള സാധനങ്ങളൊക്കെ മേടിച്ചാരുന്നോ.?എന്നേലും വേണേങ്കി റോസമ്മയോട് പറഞ്ഞോണം കേട്ടോ.''

''ശരി ചാക്കോച്ചേട്ടാ.''

'' വര്‍ക്കിച്ചേട്ടാ..!'' റോസമ്മ കാപ്പി കുടിയ്ക്കാന്‍ വിളിച്ചു.

'' ചാക്കോച്ചേട്ടന്‍ കാപ്പി കുടിച്ചോ.?''

''ഇല്ലടാ..കുടിയ്ക്കാന്‍ പോകുന്നേ ഒള്ളു.''

''അച്ചായാ..കാപ്പിയെടുത്തേ...!'' പെണ്ണമ്മച്ചേടത്തി അകത്ത്നിന്ന് വിളിച്ചു. പത്രം മടക്കി വച്ചിട്ട് അച്ചായന്‍ അകത്തേയ്ക്ക് പോയി.

''ഉണ്ടാപ്പി എന്തിയേ..പെണ്ണമ്മേ.?''

'' അവനാ പശൂനേ കുളിപ്പിയ്ക്കാന്‍ തോട്ടിലേയ്ക്ക് പോയി. മുന്നാല് ദിവസമായി അവനൊരു തോട്ടിയും സഞ്ചിയുമായി നടക്കുന്നു.ഏതാണ്ടോ ഭയങ്കര പരിപാടിയാ..എന്നാ ഏടാകൂടമൊപ്പിയ്ക്കാനാണോ എന്തോ..!'' പെണ്ണമ്മ ചിരിച്ചോണ്ട് പറഞ്ഞു.

'' കൊച്ചമ്മേ..ചായപ്പൊടി ഇട്ടുവയ്ക്കുന്ന ജാറ് കാണുന്നില്ലല്ലോ. അച്ചായന്‍ കാപ്പികുടിയ്ക്കാന്‍ ഇരിയ്ക്കുകയും ചെയ്തു. കാപ്പി ഇട്ടാലോ.?'' റോസമ്മ ചോദിച്ചു.

'' കാപ്പി മതി റോസമ്മേ.'' അച്ചായനാണ് മറുപടി പറഞ്ഞത്.

വര്‍ക്കി കാപ്പികുടികഴിഞ്ഞ് പതിവുപോലെ മുറ്റത്ത് മതിലിലിരുന്ന് ബീഡി വലിയ്ക്കുമ്പോള്‍ ചാക്കോച്ചന്‍ അങ്ങോട്ട് ചെന്നു.

'' വര്‍ക്കീ.. നീ വൈകിട്ട് ഷീറ്റ് അടികഴിഞ്ഞ് ഇതിലേ വരണം. രണ്ടെണ്ണം വീശീട്ട് പോകാം.''

''ഓ...ക്കേ..ചാക്കോച്ചേട്ടാ'' വര്‍ക്കി ആഹ്ളാദഭരിതനായി.

ആ മതിലേലിരുന്നാല്‍ കരോട്ടേതൊട്ടിയില്‍ നില്‍ക്കുന്ന വലിയ ഒരു കോമാവ് കാണാം. വര്‍ക്കി ചാക്കോച്ചനോട് വര്‍ത്താനം പറയുന്നതിനിടെ പുക വട്ടത്തില്‍ മുകളിലേയ്ക്ക് വിടുകയായിരുന്നു.

അപ്പോള്‍ ആ മാവിന്റെ ഒത്ത ഉയരത്തില്‍ ഒടിഞ്ഞുപോയിട്ട് ബാക്കിനില്‍ക്കുന്ന ഒരു കമ്പേല്‍ തൂങ്ങിയാടുന്ന ഒരു വസ്തു കണ്ണില്‍ പെട്ടു. വര്‍ക്കി ഒന്നുകൂടി സൂക്ഷിച്ചുനോക്കി. വര്‍ത്താനം നിര്‍ത്തി വര്‍ക്കി മുകളിലേയ്ക്ക് ഇമവെട്ടാതെ നോക്കുന്നത് കണ്ട് ചാക്കോച്ചന്‍ ചോദിച്ചു.

'' എന്നതാടാ...വര്‍ക്കീ.! നീ എന്നാ നോക്കുന്നേ.?''

''അല്ല ചാക്കോച്ചേട്ടാ..ആ മാങ്കൊമ്പേലേതാണ്ട് തൂങ്ങികിടക്കുന്നത് കണ്ടോ.! ഒന്ന് നോക്കിയ്ക്കേ..!''

''അതെന്നതാ വര്‍ക്കീ.! കണ്ടിട്ട് മനസ്സിലാകുന്നില്ല.!'' ചാക്കോച്ചന്‍ മാവിലേയ്ക്ക്‌ നോക്കീട്ട് പറഞ്ഞു.

''എന്നാ മനസ്സിലാകുന്നില്ലന്നാ നിങ്ങള്‍ പറയുന്നത് '' എന്ന് ചോദിച്ചോണ്ട് പെണ്ണമ്മച്ചേടത്തി അങ്ങോട്ട് വന്നു.

'' പെണ്ണമ്മേ നീയാ മാങ്കൊമ്പേലേയ്ക്ക് ഒന്ന് നോക്കിയ്ക്കേ..എന്തെങ്കിലും കാണുന്നുണ്ടോ.?''

''ഞാനൊന്നും കാണുന്നില്ല..ഏത് കൊമ്പേലാ..?''

''നീയിങ്ങടുത്ത് നിന്നേ..ദേ ആ വടക്കോട്ട് നില്‍ക്കുന്ന മാങ്കൊമ്പിന്റെ തഴെ ചേര്‍ന്ന് ഒരു കമ്പ് കണ്ടോ.'' പെണ്ണമ്മയെ ചാക്കോച്ചന്‍ മുന്നില്‍ ചേര്‍ത്ത്നിര്‍ത്തിക്കൊണ്ട് കാണിച്ച് കൊടുത്തു.

'' ആ..കണ്ടു..കണ്ടു..! ശരിയാണല്ലോ..! അതെന്നതാ അച്ചായാ.? വര്‍ക്കീ.. അതെന്നാന്ന് ഒന്ന് നോക്കിയ്ക്കേ.!'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.

മൂന്നുപേരും കൂടി കരോട്ടേതൊട്ടിയിലേയ്ക്ക് പോകുന്നത് കണ്ട റോസമ്മ മുന്‍വശത്തെ തുറന്നുകിടന്ന വാതിലടച്ച് കുറ്റിയിട്ടു. കൂട്ടില്‍ കിടന്ന് കൈസര്‍ നിര്‍ത്താതെ കുരച്ചു. ആരെങ്കിലും പറമ്പിലേയ്ക്ക് പോയാല്‍ അവനെയും കൊണ്ടുപോകണം. ഇല്ലങ്കില്‍ ഭയങ്കര ബഹളമുണ്ടാക്കും.

'' വര്‍ക്കീ ആ തോട്ടിയെടുത്ത് അതിങ്ങോട്ട് തോണ്ടി താഴെയിട്.!'' ചാക്കോച്ചന്‍ പറഞ്ഞു

വര്‍ക്കി അത് തോണ്ടി താഴെയിട്ടു.

ആ സമയം റോസമ്മയും അടുക്കളവാതിലടച്ചിട്ട് അവിടെ എത്തി.

താഴെ വിണ വസ്തു കണ്ട് നാലുപേരും പരസ്പരം നോക്കി, മനസ്സില്‍ പറഞ്ഞു.'' ഇതെന്നാ..സഞ്ചിയോ.?''

'' ഇതാ ഉണ്ടാപ്പിയുടെ കൈയ്യില്‍ കണ്ട സഞ്ചിയാണല്ലോ കര്‍ത്താവേ..! ഇതിനകത്തെന്നാന്ന് നോക്കിയ്ക്കേ വര്‍ക്കീ..'' പെണ്ണമ്മച്ചേടത്തി പറഞ്ഞു.

വര്‍ക്കി സഞ്ചിയുടെ ഉള്ളിലെ സാധനം പുറത്തെടുത്ത് പൊതി അഴിച്ചു.

ആരും മിണ്ടാന്‍ മേലാതെ ഒരുനിമിഷം നിന്നു.

'' ആണ്ടെ നമ്മുടെ ചായപ്പൊടിയുടെ ജാറ്.!'' റോസമ്മ തെല്ലുറക്കെ ആശ്ചര്യത്തോടെ പറഞ്ഞു.

ഈ സമയം ഉണ്ടാപ്പി ഓടിക്കിതച്ചവിടെ വന്നു.

'' വര്‍ക്കിച്ചോ...ചായപ്പൊടി എടുത്തോ.! ഞാനേ..പശൂനെ കുളിപ്പിച്ചോണ്ടിരുന്നപ്പളാ ഓര്‍ത്തത് ചായപ്പൊടിപ്പാത്രം അടുക്കളേലോട്ട് എടുത്ത് വയ്ക്കാന്‍ മറന്നുപോയല്ലോന്ന്..! ഞാനെടുത്തുതരാന്‍ ഓടി വരുവാരുന്നു. ഇതെങ്ങനെയാ ഇവിടെ ഇരിപ്പുണ്ടന്ന് കണ്ടുപിടിച്ചേ റോസമ്മചേച്ചീ.?'' ഉണ്ടാപ്പി വര്‍ക്കിയോടും റോസമ്മയോടുമായി ചോദിച്ചു.

'' അപ്പോ നീയാണോ ഇത് മാവേല്‍ തൂക്കിയിട്ടത്.?'' നീ എങ്ങനെയാടാ ഇത്രേം പൊക്കത്തില്‍ കയറിയത്..!'' പെണ്ണമ്മച്ചേടത്തി അത്ഭുതപ്പെട്ടു.

'' അതെ..ഞാനാ അവിടെ വച്ചത്. മരത്തേലൊന്നും കയറിയില്ലന്നേ..ഈ തോട്ടീടെ അറ്റത്ത് സഞ്ചി കൊളുത്തി ആ കമ്പേല്‍ തൂക്കി.'' ഒരു വലിയ കാര്യം ചെയ്ത ഭാവമായിരുന്നു അവന്റെ മുഖത്ത്.

എല്ലാവരും അവന്‍ പറയുന്നത് കേട്ട് അനങ്ങാതെ നിന്നു. ഇത്രേം കഷ്ടപ്പെട്ട് ഇവനെനെന്തിനാ ഇതവിടെ വച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുമില്ല.

''അതെന്തിനാ... ആരു പറഞ്ഞിട്ടാ ഈ ജാറ് അവിടെ തൂക്കിയിട്ടത്.?'' പെണ്ണമ്മച്ചേടത്തി ചോദിച്ചു.

'' അത്.. ലാലേട്ടന്‍ പറഞ്ഞിട്ട്.!''

'' ഏത് ലാലേട്ടന്‍..? മോഹന്‍ലാലോ..! അതിന് നീ എപ്പഴാ മോഹന്‍ലാലിനെ കണ്ടത്..?'' വിശ്വാസം വരാതെ പെണ്ണമ്മച്ചേടത്തി ചോദിച്ചു.

'' അതെ..കൊച്ചമ്മേ..ലാലേട്ടന്‍ തന്നെ.

എല്ലാദിവസവും ടിവിയില്‍ വന്ന് ലാലേട്ടന്‍ പറയാറുണ്ടല്ലോ 'ഉയരം കൂടും തോറും ചായയ്ക്ക് രുചിയും കൂടുമെന്ന്.' തോട്ടിയ്ക്ക് അത്രയേ നീളമൊള്ളൂ...ഇല്ലങ്കില്‍ കുറച്ചുകൂടി പൊക്കത്തില്‍ ജാറ് വച്ചേനെ. കുറച്ചുദിവസമായി ചായയുടെ രുചി കൂടുന്നില്ലേ റോസമ്മചേച്ചീ.!''

ഈയിടെയായി ഉണ്ടാപ്പി ചായകുടിയ്ക്കുമ്പോഴൊക്കെ ചായയ്ക്ക് രുചി കൂടുന്നൊണ്ടന്ന് പറഞ്ഞിരുന്നത് റോസമ്മ ഓര്‍ത്തു.

എല്ലാവരും സ്തബ്ധരായി നിന്നുപോയി. പരസ്പരം നോക്കി മനസ്സില്‍ പറഞ്ഞു.'' ഇവനോട് എന്നാ പറയാനാ..!''

വര്‍ക്കി തോട്ടി മാവിലേയ്ക്ക് ചാരിവച്ചിട്ട് ഉണ്ടാപ്പിയെ നോക്കി ഊറിച്ചിരിച്ചു. ചാക്കോച്ചന്‍ ഒന്നും പറയാതെ വീട്ടിലേയ്ക്ക് പോയി. കൈസര്‍ കുരച്ചുകൊണ്ടേയിരുന്നു.

എന്നതാ പറയണ്ടതെന്നറിയാതെ ഉണ്ടാപ്പിയെയും താഴെ വീണുകിടക്കുന്ന സഞ്ചിയിലും മാറിമാറി നോക്കുന്ന പെണ്ണമ്മച്ചേടത്തിയെ നോക്കി ചിരിഅമര്‍ത്തി ചായപ്പൊടിപ്പാത്രവുമെടുത്ത് റോസമ്മ അടുക്കളയിലേയ്ക്ക് നടന്നു.

cultural
Advertisment