രചന

കന്നുകാലിപ്രദര്‍ശനം (ഉണ്ടാപ്പിക്കഥകള്‍ – 5)

സുഭാഷ് ടി ആര്‍
Monday, June 28, 2021

പെണ്ണമ്മച്ചേടത്തി നാലുമണിക്കാപ്പിയ്ക്ക് ചാക്കോച്ചന് ചക്കപ്പുഴുക്ക് വിളമ്പുകയായിരുന്നു. അപ്പോള്‍ ”പെണ്ണമ്മച്ചിയേ” എന്ന് വിളിച്ചോണ്ട് ആന്‍സിയും പുറകേ അമ്മ അന്നമ്മയും കയറി വന്നു. ചാക്കോച്ചന്‍ അവരെ നോക്കി ചിരിച്ചു.

” ആനിക്കൊച്ചേ..! ” ഇങ്ങോട്ടിരുന്നോ, ചക്കപ്പുഴുക്ക് കഴിയ്ക്കാം.” ചാക്കോച്ചന്‍ പറഞ്ഞു.
” ആന്‍സിമോളേ…വാ..വാ..! അന്നക്കുട്ടീ.. വന്നേ..! ഇങ്ങോട്ടിരിയ്ക്കന്നേ..” ഡൈനിംഗ് ടേബിളിലെ കസേര ചൂണ്ടി പെണ്ണമ്മ പറഞ്ഞു.
” ആഹാ ചക്കപ്പുഴുക്കാണോ.?നല്ലസമയത്താണല്ലോ ഞങ്ങള്‍ വന്നത്.!”

” തേങ്ങയിടാന്‍ കുട്ടി വന്നപ്പോള്‍ അവനെക്കൊണ്ട് പറിപ്പിച്ചതാ. നമ്മുടെ കൊച്ചുതൊട്ടിയിലെ പ്ലാവിന്റെയാ. പുഴുക്കിന് നല്ലതാ..”
” റോസമ്മയുണ്ടാക്കുന്ന ചക്കപ്പുഴുക്കിന് പ്രത്യേക രുചിയാ.” അന്നമ്മ പറഞ്ഞു.

” എന്നാ എന്റെ കുറ്റം പറയുന്നേ അന്നാന്റീ..? എന്ന് തമാശയായി പറഞ്ഞോണ്ട് റോസമ്മ ചിക്കന്‍ കറി ടേബിളില്‍ വച്ചു.

” നിനക്ക് ചക്കപുഴുങ്ങാന്‍ അറിയത്തില്ലന്ന് അന്നക്കുട്ടി പറയുവാ.” പെണ്ണമ്മ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.

”ചാക്കോച്ചാ..ലോക്ക്ഡൗണ്‍ മൂലം വീട്ടിലിരുന്ന് മടുത്തോ.?” അന്നമ്മ ചോദിച്ചു.
” ഓ..ലോക്ക്ഡൗണ്‍ വന്നത്കൊണ്ട് പറമ്പിലെ പണികള്‍ തീര്‍ക്കാന്‍ പറ്റി. വളമിടീലും റബ്ബറിന് പാവാടയിടീലും ഒക്കെ തീര്‍ത്തു. നടുതല സാധനങ്ങളെല്ലാം നട്ടു. തെങ്ങിന്റെ ചോട് കിളച്ച് വളമിട്ടുകൊണ്ടിരിയ്ക്കുകയാ. പിന്നെ കടതുറന്നിട്ടും കാര്യമൊന്നുമില്ലന്നേ. ഷീറ്റ് വരവ് കുറവാ.” ചാക്കോച്ചന്‍ പറഞ്ഞു. റോസമ്മ പ്ലേറ്റുകള്‍ അവരുടെ മുന്നില്‍ വച്ചു.

ചാക്കോച്ചന്റെ അയല്‍ക്കാരും അകന്ന ബന്ധത്തിലുള്ളതുമാണ് അന്നമ്മ. അന്നമ്മയുടെ ഭര്‍ത്താവ് ടോമി മിസ്സോറാമില്‍ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫാണ്. അന്നമ്മ സെന്റ് തോമസ് ഹൈസ്കൂളില്‍ അദ്ധ്യാപികയും. ചാക്കോച്ചനും പെണ്ണമ്മയ്ക്കും മൂന്ന് മക്കളുള്ള പോലെ ടോമിയ്ക്കും അന്നമ്മയ്ക്കും മൂന്ന് മക്കളാണ്. ഏറ്റവും ഇളയതാണ് ആന്‍സി. പാലായില്‍ അല്‍ഫോന്‍സാ കോളേജില്‍ ബീകോം ഫസ്റ്റ് ഈയറാണ്.

പെണ്ണമ്മ അന്നമ്മയ്ക്കും ആന്‍സിയ്ക്കും ചക്കപ്പുഴുക്ക് വിളമ്പി.
” കട്ടന്‍കാപ്പിയ്ക്ക് മധുരം ഇടണോ അന്നാന്റീ.!” റോസമ്മ.

”വേണ്ട.. ”
” എനിയ്ക്ക് മധുരം വേണം റോസമ്മചേച്ചീ.!” ആന്‍സി.
” ഉണ്ടാപ്പിയെന്തിയേ പെണ്ണമ്മേ.?” അന്നമ്മ ചോദിച്ചു.
” സിനിമ കാണുവാ.. ഉച്ചയൂണ്കഴിഞ്ഞ് സിനിമാ കാണല് പതിവാ..വൈകിട്ട് സീരിയലും കാണും..ടിവിയിലെ പരസ്യങ്ങള്‍ പോലും അവനിഷ്ടമാ. സിനിമ തീരാറായിക്കാണും.ഇപ്പോള്‍ വരും.” പെണ്ണമ്മ പറഞ്ഞു.

” വെറുതെയല്ല ചായപ്പൊടി മാവില്‍ കൊണ്ടെ വച്ചത് ..” അന്നമ്മ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

” ചാക്കോച്ചാ..കന്നുകാലിപ്രദര്‍ശനം നാളെയല്ലേ..ഉണ്ടാപ്പി പശുക്കളേംകൊണ്ട് പോകുന്നുണ്ടോ.?”
” പിന്നേ…അവന്‍ അതിനൊള്ള ഒരുക്കം തൊടങ്ങീട്ട് കൊറേനാളായി.! കഴിഞ്ഞതവണ പ്രൈസ് കിട്ടാത്തതില്‍ ഭയങ്കര സങ്കടമായിപ്പോയി അവന്.” ചാക്കോച്ചന്‍ പറഞ്ഞു.
”അന്നമ്മച്ചേടത്തിയേ..!” ഉണ്ടാപ്പി വിളിച്ചു.

” ആ..നിന്റെ കാര്യം പറഞ്ഞോണ്ടിരിയ്ക്കുവാരുന്നു. കന്നുകാലിപ്രദര്‍ശനം എവിടെവരെയായി.? പോകുന്നില്ലേ.?” അന്നമ്മ ചോദിച്ചു.

”പിന്നേ..നാളെ രാവിലെ ഒമ്പതുമണിയ്ക്കാ പരിപാടി. ഇത്തവണ പൊന്നിയെയും പാറുവിനെയുമാ കൊണ്ടുപോകുന്നേ..!” ഉണ്ടാപ്പി പറഞ്ഞു.

കാപ്പികുടികഴിഞ്ഞ് എല്ലാവരും ഏറ്റു.
” റോസമ്മേ..ചക്കപ്പുഴുക്കും ചിക്കന്‍കറിയും വളരെ നന്നായിട്ടുണ്ട്.” അന്നമ്മ പറഞ്ഞു.
” ചക്കയ്ക്ക് അരയ്ക്കാന്‍ നമ്മുടെ കാന്താരിയും ചിക്കന് റോസമ്മ വറത്തരച്ച മല്ലീം മുളകും മസാലക്കൂട്ടും. അതിന്റെ കൂടെ റോസമ്മേടെ കൈയും.! മോശമാകുമോ.!” പെണ്ണമ്മ പറഞ്ഞു.

” അതുനേരാ..റോസമ്മേടെ കൈപ്പുണ്യം ഒരു കൈപ്പുണ്യം തന്നെയാ.!” അന്നമ്മ പറഞ്ഞു.
” കണ്ണുവയ്ക്കല്ലേ അന്നാന്റീ..പാവത്തുങ്ങള് ജീവിച്ചുപോട്ടെ.!” റോസമ്മ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.

കൈകഴുകിയിട്ട് എല്ലാവരും കൂടി വര്‍ത്താനം പറയാനായി ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്നു.
” ആണ്ടെ…അച്ചായന്റെ മൊബൈലടിയ്ക്കുന്നു.!” പെണ്ണമ്മ മൊബൈലെടുക്കാന്‍ പോയി.
” അച്ചായാ ജോജി മാത്യൂ .” പെണ്ണമ്മ മൊബൈല്‍ ചാക്കോച്ചന് കൊടുത്തു.
” ജോജീ..പറ..!” ചാക്കോച്ചന്‍ ഏറ്റു.

” ആന്‍സിമോളേ.. പിന്നെ എന്നാ ഉണ്ട് വിശേഷം..?” പെണ്ണമ്മ ചോദിച്ചു.
” വീട്ടിലിരുന്ന് ബോറടിച്ചാന്റീ.! നാളെ കോളജില്‍ പോകണം. പുസ്തകങ്ങള്‍ വന്നിട്ടുണ്ടന്ന് കോളജില്‍നിന്ന് വിളിച്ച് പറഞ്ഞു.”

” എങ്ങനെയാ പോകുന്നേ.? ബസ് ഓടാന്‍ തുടങ്ങീന്ന് തോന്നുന്നു അല്ലേ.?”
” എല്ലാ വണ്ടീം ഓടുന്നില്ലാന്റീ. പൊങ്ങനാക്കുന്നേക്കാരുടെ ശ്രീകൃഷ്ണ ഓടാന്‍ തുടങ്ങീന്ന് ഞങ്ങള് കടേല്‍ ചെന്നപ്പോ സുമച്ചേച്ചി പറഞ്ഞാരുന്നു. രാവിലത്തെ എട്ടിന്റെ ശ്രീകൃഷ്ണയ്ക്ക് പോകും.” ആന്‍സി പറഞ്ഞു.

” സൂക്ഷിച്ചോണേ മോളേ..ഡബിള്‍ മാസ്ക് വച്ചേപോകാവൂ. സാനിറ്ററൈസര്‍ കൈയിലെടുത്തോണം കേട്ടോ.” പെണ്ണമ്മ പറഞ്ഞു.
” ശരി.പെണ്ണമ്മച്ചീ..” ആന്‍സി പറഞ്ഞു.

” ഉണ്ടാപ്പി കവലയ്ക്ക് എങ്ങാനും പോകുന്നുണ്ടോ പെണ്ണമ്മേ.?” അന്നമ്മ ചോദിച്ചു.
” അച്ചായനേതാണ്ടോ മേടിച്ചോണ്ട് വരാന്‍ ഇവനോട് പറയുന്നത് കേട്ടു. എന്നതാടാ..?” പെണ്ണമ്മ ഉണ്ടാപ്പിയോട് ചോദിച്ചു.

” അതോ..! മണീടെ ആലേല്‍ തൂമ്പാ കാച്ചാന്‍ കൊടുത്തില്ലേ..അത് വാങ്ങുന്ന കാര്യമാ അച്ചായന്‍ പറഞ്ഞെ..”

” എന്നാത്തിനാ അന്നക്കുട്ടീ.. ഇവന്‍ കവലയ്ക്ക് പോകുന്നുണ്ടോന്ന് ചോദിച്ചേ.?” പെണ്ണമ്മ അന്നമ്മയോട് ചോദിച്ചു.

” എന്നാപറയാനാന്നേ..ഞങ്ങള് രാവിലെ പൊങ്ങനാക്കുന്നേലെ കടേന്ന് സാധനങ്ങള്‍ മേടിച്ചപ്പോ കുളിയ്ക്കുന്ന സോപ്പ് മേടിച്ചത് എടുക്കാന്‍ മറന്നുപോയി. ഉണ്ടാപ്പി കവലയ്ക്ക് പോകുന്നുണ്ടേല്‍ ഒന്നെടുത്തോണ്ട് വരാന്‍ പറയാനാ ഞങ്ങള്‍ വന്നത്.” അന്നമ്മ പറഞ്ഞു.

” അത് പിന്നെയെങ്ങാനും എടുക്കാന്നേ..ഇവിടെ മേടിച്ചതീക്കൂട്ട് തരട്ടേ.? ചന്ദ്രികയും റെക്സോണയും ഇരിപ്പുണ്ട്..ഏതാവേണ്ടേ..” പെണ്ണമ്മ ചോദിച്ചു.

” അത് വേണ്ടന്നേ..ഇവള്‍ക്ക് പിയേഴ്സ് സോപ്പാ ഇഷ്ടം. കുഞ്ഞുന്നാള്മുതലേ ഇവളെ കുളിപ്പിച്ചിരുന്നത് പിയേഴ്സ് സോപ്പുകൊണ്ടാരുന്നു.വേറൊരു സോപ്പും ഇവള്‍ക്കിപ്പോ ഇഷ്മില്ല.” അന്നമ്മ പറഞ്ഞു.
” അതെന്നാന്നോ പെണ്ണമ്മച്ചീ..പിയേഴ്സില് ഗ്ലിസറിനാ ഉപയോഗിയ്ക്കുന്നേ. നമ്മുടെ സ്കിന്നിന് ഗ്ലിസറിന്‍ നല്ലതാ.ഒരുവിധപ്പെട്ട സ്കിന്‍ അലര്‍ജികളും ഉണ്ടാകത്തില്ല. പിന്നെ അതിന്റെ സുഖമുള്ള മണവും.” ആന്‍സി പറഞ്ഞു.

” ആന്‍സിമാളുടെ സ്കിന്‍ തിളങ്ങുന്നതിന്റെ രഹസ്യമതാല്ലേ..!” പെണ്ണമ്മ ചിരിച്ചോണ്ട് പറഞ്ഞു.
ആന്‍സി തള്ളവിരല്‍ ഉയര്‍ത്തി ഗമകാട്ടി ചിരിച്ചപ്പോള്‍ എല്ലാവരും ചിരിച്ചു.
” ഉണ്ടാപ്പീ നീ ചക്കപ്പുഴുക്കും കാപ്പീം കുടിച്ചേച്ച് കവലയ്ക്ക് പൊക്കോ.

പൊങ്ങനാക്കുന്നേക്കാരുടെ കടേന്ന് സോപ്പ് എടുത്തേച്ച് തൂമ്പാ മേടിച്ചിങ്ങ് പോരെ. അന്നമ്മ സുമയെ വിളിച്ച് പറഞ്ഞോളും സോപ്പ് നിന്റെ കൈയ്യില്‍ കൊടുത്തുവിടാന്‍.” പെണ്ണമ്മ ഉണ്ടാപ്പിയോട് പറഞ്ഞു.
” ശരി കൊച്ചമ്മേ.” ഉണ്ടാപ്പി പറഞ്ഞു.

”പെണ്ണമ്മേ..! ഞങ്ങള് പോട്ടെ.ചാക്കോച്ചന്‍ ജോജിയോട് വര്‍ത്താനം പറഞ്ഞ് തീര്‍ന്നില്ലേ..ആവോ.? അവിടെ രാവിലെമുതല്‍ അകത്തെ കുളിമുറീലൊന്നും വെള്ളം വരുന്നില്ലന്നേ. എന്നാ പറ്റീന്നറിയത്തില്ല. കണ്ടത്തിലെ രാമചന്ദ്രനോട് നോക്കാന്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. പുള്ളിക്കാരന്‍ വേറെ എവിടയോ ആണ്. ഇന്ന് വൈകുന്നേരം വന്നില്ലങ്കില്‍ നാളെയേ വരത്തൊള്ളു.” അന്നമ്മയും ആന്‍സിയും ഏറ്റു.

” അപ്പോ കുളിയ്ക്കാനും മറ്റും എന്നാചെയ്യും.?” പെണ്ണമ്മ ചോദിച്ചു.
” പുറത്തെ കക്കൂസും കുളിമുറിയും കണ്ടിട്ടില്ലേ. അതില് വെള്ളം വരുന്നുണ്ട്. ഇന്നാളത്തെ കാറ്റിന് മാങ്കൊമ്പ് ഒടിഞ്ഞുവീണ് അതിന്റെ വാതിലിന്റെ മുകളിലെ കുറച്ച് ഭാഗം അടന്നുപോയാരുന്നേ.. അതുകാരണം പുറത്ത് കുളിയ്ക്കാന്‍ ഇവള്‍ക്ക് പേടിയാ..ആരെങ്കിലും എത്തിനോക്കിയാലോന്ന്.!” അന്നമ്മ പറഞ്ഞു.

”ഓ..ഇവിടെ ആരെത്തിനോക്കാന്‍ വരാനാ..!” പെണ്ണമ്മ ചിരിച്ചോണ്ട് പറഞ്ഞു.
” എന്നാ പോട്ടേ..” അന്നമ്മ പറഞ്ഞു.
” ആട്ടെ.” പെണ്ണമ്മ പറഞ്ഞു.

പിറ്റേന്ന് രാവിലെ പെണ്ണമ്മയും റോസമ്മയും അടുക്കളയില്‍ രാവിലത്തെ കാപ്പിയ്ക്ക് പൂരിയും കിഴങ്ങ്കറിയും ഉണ്ടാക്കുകയായിരുന്നു. അന്നമ്മ ഓടിക്കിതച്ച് വന്നു. ”പെണ്ണമ്മേ..ഉണ്ടാപ്പിയെന്തിയേ.?”

”സോപ്പ് തന്നില്ലേ അവന്‍.?” പെണ്ണമ്മ ചോദിച്ചു.
” സോപ്പൊക്കെ കിട്ടി..അവനെവിടെയാ..ഇങ്ങോട്ട് വിളിച്ചേ..!” അന്നമ്മയുടെ സ്വരത്തിലെ മാറ്റം പെണ്ണമ്മയെ ചിന്താകുലയാക്കി.

”റോസമ്മേ..അവനെയിങ്ങ് വിളിച്ചേ..!”പെണ്ണമ്മ പറഞ്ഞു.
റോസമ്മ അടുക്കളപ്പുറത്തെ വരാന്തയിലേയ്ക്കിറങ്ങി നിന്ന് ഉണ്ടാപ്പിയെ വിളിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ ഉണ്ടാപ്പി മടിച്ച് മടിച്ച് അടുക്കളയിലെത്തി. ഈ സമയം ചാക്കോച്ചന്‍ ഉറക്കമുണര്‍ന്ന് അടുക്കളയിലെത്തി.

” അന്നക്കുട്ടിയോ…എന്നാ രാവിലെ.?” ചാക്കോച്ചന്‍ ചോദിച്ചു.
” ഒന്നും പറയണ്ട ചാക്കോച്ചാ..രാവിലെ ആനി കുളിച്ചോണ്ട് നിന്നപ്പോള്‍ ആരാണ്ടോ കുളിമുറിയിലേയ്ക്ക് എത്തിനോക്കി. കൊച്ച് പേടിച്ച് കരഞ്ഞു. ഞാനോടി വരുമ്പോളുണ്ടല്ലോന്നേ.. ഉണ്ടാപ്പിയെപ്പോലിരിയ്ക്കുന്ന ആരാണ്ടോ ഓടിപ്പോയി. ഇങ്ങോട്ടാ ഓടിയത്.ഇവന്‍ തന്നെയാണന്നാ തോന്നുന്നത്.!”

” നേരാണോടാ ഉണ്ടാപ്പീ..! നീ അന്നക്കുട്ടീടെ വീട്ടില്‍ പോയാരുന്നോ..” പെണ്ണമ്മ ചോദിച്ചു.
ഉണ്ടാപ്പിയ്ക്ക് അങ്ങനത്തെ വൃത്തികെട്ട സ്വഭാവമൊന്നും ഇല്ലന്നറിയാവുന്ന പെണ്ണമ്മ വളരെ സൗമ്യമായാണ് ചോദിച്ചത്. ഉണ്ടാപ്പി തല ഉയര്‍ത്താതെ നിന്നപ്പോള്‍ പെണ്ണമ്മയ്ക്ക് സംശയം തോന്നി.

” ചോദിച്ചത് കേട്ടില്ലേടാ..നീയാണോ കുളിമുറിയിലെത്തിനോക്കിയേ.” പെണ്ണമ്മ ഉറക്കെ ചോദിച്ചു.
” അതെ…കൊച്ചമ്മേ..!”
എല്ലാവരും ഞെട്ടിപ്പോയി.

പൂരിപരത്തിയത് എണ്ണയിലിട്ടോണ്ടിരുന്ന റോസമ്മ നിശ്ചലയായി. അന്നമ്മ സ്തബ്ധയായി നിന്നു. മുഖം കഴുകുകയായിരുന്ന ചാക്കോച്ചന്റെ കൈ മുഖത്ത് തന്നെ ഇരുന്നുപോയി.
” ഉണ്ടാപ്പീ..!” പെണ്ണമ്മയുടെ വായില്‍നിന്നും വിളി പുറത്തേയ്ക്ക് വന്നില്ല.
ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്ത് റോസമ്മയും, മുഖം തുടച്ച് കൊണ്ട് ചാക്കോച്ചനും അങ്ങോട്ട് വന്നു.

” എന്നാത്തിനാടാ പോയത് .? രാവിലെ വേണ്ടാതിനം കാണിയ്ക്കാന്‍ പോയതെന്തിനാടാ..?” പെണ്ണമ്മയ്ക്ക് ദേഷ്യം വന്നു.
” പറയടാ..!”

” കണി കാണാന്‍ പോയതാ കൊച്ചമ്മേ .! ഉണ്ടാപ്പി പറഞ്ഞത് കേട്ട് പെണ്ണമ്മയും ചാക്കോച്ചനും അന്നമ്മയും ഒന്നിച്ച് ചോദിച്ചു, ” കണികാണാനോ.!” റോസമ്മ അന്തംവിട്ട് ഉണ്ടാപ്പിയെ നോക്കി.
” അത് കൊച്ചമ്മേ.! ഇന്ന് കന്നുകാലിപ്രദര്‍ശനത്തിന് പോകുമ്പോള്‍ നല്ല ഒരു മുഖം കണികണ്ടിട്ട് പോയാല്‍ നമുക്ക് സമ്മാനം കിട്ടിയാലോന്ന് വിചാരിച്ചു.

ടിവിയിലെ പരസ്യം കണ്ടിട്ടില്ലേ..! പാട്ടുമത്സരത്തിന് പോകുന്ന പിള്ളേര് ഒരു ചേച്ചീടെ മുഖം കണ്ടിട്ട് ”ലക്കി”യാന്ന് പറയുന്നേ. ആ ചേച്ചി പിയേഴ്സ് സോപ്പ് തേച്ചാ കുളിയ്ക്കുന്നേ..ആനിക്കൊച്ചും പിയേഴ്സ് സോപ്പല്ലേ എന്നും തേക്കുന്നേ.!”

”അതിന് നീയെന്തിനാടാ ആനിക്കൊച്ച് കുളിയ്ക്കുന്നത് ഒളിച്ച് നോക്കിയെ..!” പെണ്ണമ്മ ചോദിച്ചു.
”ഒളിച്ച് നോക്കിയതല്ലന്നേ..ആനിക്കൊച്ചാണോ അന്നമ്മച്ചേച്ചിയാണോ കുളിയ്ക്കുന്നേന്ന് നോക്കിയതാ.! ആനിക്കൊച്ചാണങ്കില്‍ അവിടെ മാറി നിന്നാല്‍ മതീലോന്ന് കരുതിനോക്കീതാ.!”

ചാക്കോച്ചന്‍ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി . എന്നാപറയണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പെണ്ണമ്മയെയും അന്നമ്മയെയും, ഒന്നും മനസ്സിലാവാതെ നില്‍ക്കുന്ന ഉണ്ടാപ്പിയെയും നോക്കി ചിരിയമര്‍ത്തി റോസമ്മ സ്റ്റൗ ഓണാക്കി.

×