കള്ളവണ്ടി (ചെറുകഥ)

അഗ്നിഹോത്രി
Thursday, June 11, 2020

മ്പഴത്തുംകുന്നിറങ്ങിവന്ന ജനുവരി കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. കാശാവ് ചെടികള്‍ നീലപ്പൂക്കള്‍ കൊണ്ട് മാല കോര്‍ത്ത് നില്‍ക്കുന്ന അമ്പഴത്തുംകുന്നും ഞങ്ങളുടെ വീടിനു കിഴക്ക്ഭാഗത്ത് കുന്നിപ്പുരയിടത്തിലെ രുക്മിണി ചേച്ചീടെ വീടിനുമുന്നിലെ വഞ്ചിപ്പാറക്കുന്നും കയറിയിറങ്ങിയാണ് മഴയും വരുന്നത്.

കവലയിലെ ശങ്കരപ്പിള്ളച്ചേട്ടന്റെ ഹോട്ടലിന്റെ മുന്നില്‍ കോട്ടയത്തിന് പോകുന്ന പുഞ്ചിരി ബസ്സ് കിടപ്പുണ്ട്. കോട്ടയം പള്ളിയ്ക്കത്തോട് ബസ്സുകളുടെ അവസാന സ്റ്റോപ്പും ബസ്സ്റ്റാന്‍ഡും ആണത്.

പേടിച്ച്പേടിച്ചാണ് ഞാന്‍ ചായക്കടയിലേയ്ക്ക് കയറിയത്. റോഡില്‍ നിന്നും ഇച്ചിരി ഉയരത്തിലാണ് ചായക്കട. അത്കൊണ്ട് കാല് പൊക്കി വച്ച് കയറിയപ്പോള്‍ മുട്ട് നല്ലപോലെ വേദനിച്ചു. സന്ധ്യമയങ്ങാന്‍ തുടങ്ങിയിരുന്നില്ലങ്കിലും ചായക്കടയ്ക്കകത്ത് സന്ധ്യ, അമ്പഴത്തുകുന്നിറങ്ങി വരുന്ന ഇരുട്ടിനെ കാത്തിരിയ്ക്കുകയായിരുന്നു. ഇരുട്ട് ഒളിച്ചിരിയ്ക്കുന്നത് അമ്പഴത്തുംകുന്നിന് മുകളിലുള്ള അമ്പഴത്തുങ്കല്‍ കര്‍ത്താക്കന്‍മാരുടെ ഭരദേവതയായ അഞ്ചീശ്വരക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന കരിമ്പനയുടെ ഓലകള്‍ക്കിടയിലും കാശാവ്ചെടികള്‍ക്കിടയിലും ആയിരിയ്ക്കണം.!

ചായക്കടയില്‍ നാരായണന്‍ മൂപ്പരും തുണിയമ്പ്രാലെ ഔതച്ചേട്ടനും കേരള സോമില്ലിലെ കരുണന്‍ചേട്ടനും സ്വീറ്റ്സ് സെന്റര്‍ ബേക്കറിയിലെ രഘുച്ചേട്ടനും വട കഴിച്ചോണ്ട് എന്തൊക്കെയോ പറയുന്നു.
വെളിച്ചെണ്ണയില്‍ മൊരിഞ്ഞ പരിപ്പ് വടയുടെയും ഉഴുന്നുവടയുടെയും ബോണ്ടയുടെയും ഏത്തയ്ക്കാബോളിയുടെയും പപ്പടവടയുടെയും മണം ചായക്കടയുടെ അകത്തും മുന്‍വശത്തും റോഡിലും കൊതിപിടിപ്പിച്ച് ഒഴുകി പരന്നിരുന്നു. അലമാരിയിലെ പലഹാരങ്ങള്‍ തീരാറായിരിയ്ക്കുന്നു. പോറ്റിച്ചേട്ടന്റെ ചായക്കടയിലെ ദോശയ്ക്കും എണ്ണപ്പലഹാരങ്ങള്‍ക്കും പ്രത്യേക രുചിയാണന്ന് എല്ലാവരും പറയാറുണ്ട്. എപ്പോഴും ചായക്കട നല്ല വൃത്തിയായി സൂക്ഷിയ്ക്കും. പ്രസന്നന്റെ അച്ഛനെ നാട്ടുകാര്‍ വിളിയ്ക്കുന്നത് പോറ്റിച്ചേട്ടന്‍ എന്നാണ്.

ഭാഗ്യം.! പ്രസന്നന്റെ അച്ഛന്‍ പുറകിലെ ചാര്‍ത്തിലുള്ള അടുക്കളയില്‍ ചായ എടുക്കുന്ന തിരക്കിലാണ്. ചാര്‍ത്തിന്റെ ഇങ്ങേ അറ്റത്ത് വലിയ ആട്ടുകല്ലില്‍ കടയിലേയ്ക്കുള്ള നാളത്തെ ദോശയ്ക്ക് അരിയും ഉഴുന്നും അരച്ചുകൊണ്ട് എന്റെ വരവും കാത്ത് ഇരിയ്ക്കുകയായിരുന്നു അയാള്‍.

കോളജില്‍ നിന്ന് വരുന്നവഴി അയാള്‍ കടയില്‍ കയറി അച്ഛനെ ജോലിയില്‍ സഹായിയ്ക്കും. ഞാന്‍ അയാളെയും പിന്നെ അച്ഛനെയും മാറിമാറി നോക്കി.അച്ഛന്‍ എന്നെ കണ്ടെങ്കിലും നേരെ നോക്കിയില്ല.

ക്ലാസ്സില്‍ ഇരിയ്ക്കുമ്പോഴൊന്നും മുട്ടിലെ മുറിവിന്റെ വേദന അറിഞ്ഞില്ല. അയാളുടെ പരുക്കിനെ പറ്റിയായിരുന്നു വേവലാതി. പ്രസന്നന്റെ അമ്മയെയും കൊച്ചേച്ചിയെയും എങ്ങനെ അഭിമുഖീകരിയ്ക്കും അച്ഛന്‍ വഴക്കു പറയുമോ തുടങ്ങിയ ക്ലാസ്സിലെ ചിന്തകളില്‍ നാലുമണി അടിച്ചു.

ഒക്കിയും ചാടിയും വീട്ടിലെത്തിയപ്പോള്‍ പാലാമ്മയുടെ വക ശകാരം. രാവിലെ ഒരു നീക്കം വഴക്ക് കിട്ടിയതാ. അമ്മയുടെ വീട് പാലായിലായിരുന്നത്കൊണ്ട് അമ്മയുടെ അമ്മയെ പാലാമ്മയെന്നാണ് ഞങ്ങള്‍ പിള്ളേര് വിളിച്ചിരുന്നത്.
” നോക്കി നടക്കാഞ്ഞിട്ടല്ലേ വീണത്.! നിന്നോട് എത്ര പ്രാവശ്യം പറഞ്ഞാലും അനുസരിയ്ക്കാത്തതെന്നാ കൊച്ചേ ”
ഞാനൊന്നും മിണ്ടിയില്ല. കാപ്പി കുടിച്ചെന്ന് വരുത്തി ട്യൂഷന്‍
പഠിയ്ക്കാനുള്ള പുസ്തകങ്ങള്‍ എടുത്ത് ഞാന്‍ പുറത്ത് കടക്കുമ്പോള്‍ പാലാമ്മ ”ഇന്ന് എന്നാടാ നേരത്തെ, കുളിയ്ക്കുന്നില്ലേ.”
”മുറിവ് നനഞ്ഞാല്‍ പഴുക്കത്തില്ലേ പാലാമ്മേ.” ഞാന്‍ നടന്നു..

കുളിയ്ക്കാത്തതിന് അതായിരുന്നില്ല കാരണം. അമ്മ ജോലികഴിഞ്ഞ് എത്തിയിട്ടില്ല. കുളിയ്ക്കാന്‍ നിന്നാല്‍ അമ്മ വരും. ആരെങ്കിലും അമ്മയോട് പറഞ്ഞ് കൊടുത്തിട്ടുണ്ടങ്കില്‍ ചോദ്യവും പറച്ചിലുമൊന്നുമില്ല. പുളിവാറ് കൊണ്ട് അടിയായിരിയ്ക്കും. മുറിവിന്റെ വേദനയെക്കാളും വേദനയും സങ്കടവും അടിയ്ക്കായിരിയ്ക്കും. രാവിലെ ചോരഒലിയ്ക്കുന്ന മുട്ടുമായി നടക്കാന്‍ പാടുപെട്ട് വരുമ്പോള്‍ കോതച്ചിക്കുന്നുകാരുടെ ഇടവഴിയില്‍ കല്ലില്‍ തട്ടി വീണതാന്ന് പാലാമ്മയോട് കള്ളം പറഞ്ഞത് അമ്മ കേട്ടാരുന്നു.

” വീട്ടിലറിഞ്ഞടോ.! അച്ഛനും അറിഞ്ഞു.! ” അയാള്‍ സങ്കടത്തോടെ എന്നെ നോക്കിപറഞ്ഞു.
” എന്നിട്ടോ ?”
”തല്ലിയില്ലന്നെ ഉള്ളൂ ”
”താന്‍ കോളജില്‍ പോയാരുന്നോ ”
” പോയില്ല.”
അയാള്‍ രണ്ട് കൈത്തണ്ടയും കാല്‍മുട്ടുകളും പാദങ്ങളും ഉയര്‍ത്തിക്കാട്ടി.ഞാന്‍ ഞെട്ടിപ്പോയി.! അയാളുടെ രണ്ട് കൈകളും കൈമുട്ടുവരെ നീളത്തില്‍ ഉരഞ്ഞ് തൊലിപോയിരിയ്ക്കുന്നു.രണ്ട് മുട്ടുകളും കാല്‍പാദങ്ങളും കാല്‍ വിരലുകളുമെല്ലാം കീറിതൊലിപോയിരിയ്ക്കുന്നു. അവിവിടെയായി മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട്. ഞാന്‍ ദയനീയമായി അയാളെ നോക്കി. രാവിലത്തെ വെപ്രാളത്തിനിടയില്‍ ഇത്രയും പരുക്ക് കണ്ടതുമില്ല.രണ്ട്പേരും പേടിച്ചു പോയില്ലേ..!
”ബോസ്ചേട്ടന്റെ ക്ലിനിക്കില്‍ പോയി മരുന്നുവാങ്ങി.”
” എങ്ങനെയാടോ വീട്ടിലറിഞ്ഞേ..?”
” താന്‍ രാവിലെ പോയി കുറച്ച് കഴിഞ്ഞപ്പോള്‍ മറിയ വീട്ടില്‍ വന്നു. ഞാന്‍ പേടിച്ചു പോയടോ.! അവര് പറഞ്ഞ് കൊടുത്താല്‍ ആകെ കുഴപ്പമാകുമല്ലോ എന്നോര്‍ത്തു.അതുതന്നെ സംഭവിച്ചു”
” ചേച്ചീയേ..”
” ആരാ മറിയ ആണോ.? ”
”ആണേ..! ”
” എന്നാ മറിയേ രാവിലെ..?”
” ഓാാ…ഒന്നുമില്ല..പിന്നേ..ഏ… പ്രസന്നനെങ്ങനുണ്ടന്നറിയാന്‍ കേറീതാ.”
അമ്മ വരാന്തയിലേയ്ക്കിറങ്ങിവന്ന് അവിശ്വസനീയതയോടെ മറിയയെ നോക്കി.പ്രസന്നന്റെ വീടിനടുത്ത് റോഡിനോട് ചേര്‍ന്ന് തോടിന്റെ കരയിലാണ് മറിയയും ഭര്‍ത്താവ് ഔസേപ്പും മക്കളും താമസിയ്ക്കുന്നത്. അയാളുടെ പറമ്പിലെ ജോലികള്‍ ഇവരാണ് ചെയ്തുവരുന്നത്.

”പ്രസന്നനെങ്ങനുണ്ടന്നറിയാനോ..?”
മറിയ എന്നായീ പറയുന്നേ.? അവനെന്നാപറ്റീന്നാ.? അവനൊരുകുഴപ്പവുമില്ലല്ലോ.അവന്‍ കോളജില്‍ പോകാന്‍ ഒരുങ്ങുവാരുന്നല്ലോ.!
മക്കളേ..ഇങ്ങോട്ട് വന്നേ..ഈ മറിയ പറയുന്ന കേട്ടോ. അമ്മ ചിരിച്ചോണ്ട് എന്നെ വിളിച്ചു..!”

” കുഞ്ഞേ..! നിങ്ങളിങ്ങനെ ഒക്കെ തുടങ്ങിയാലോ.എന്തെങ്കിലും കാര്യമായി പറ്റിയിരുന്നെങ്കിലോ.?” എന്നോടായി അച്ഛന്‍ പറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു. ഞങ്ങളുടെ വര്‍ത്താനം നിന്നു. ഇതിനിടയില്‍ അരി ആട്ടുന്ന ജോലി ഞാനേറ്റെടുത്താരുന്നു. ഞാന്‍ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്ന് അരിയാട്ടിക്കൊണ്ടിരുന്നു. അത്രയും പറഞ്ഞ് അച്ഛന്‍ പോയെങ്കിലും ആ മുഖത്തെ സങ്കടവും ഉല്‍ക്കണ്ഠയും എനിയ്ക്ക് കാണാന്‍ കഴിഞ്ഞു. അത് എന്നെ വിഷമിപ്പിച്ചു. കുറ്റബോധവും തോന്നി. പാവം.! ഒന്നും വേണ്ടാരുന്നു.!

അരി അരച്ച് പാത്രത്തിലാക്കി വച്ച് ഞങ്ങള്‍ നടന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. തണുപ്പ് ഇരുട്ടിനെ വരിഞ്ഞുമുറുക്കി തുടങ്ങി. പരുക്കിന്റെ വേദനയും വീട്ടില്‍ ചെല്ലുമ്പോള്‍ എന്നാപറയും എന്ന ഉല്‍ക്കണ്ഠയും എന്നെ അലട്ടി. തിരിച്ച്പോയാലോന്ന് പലവട്ടം ആലോചിച്ചു.

വിട്ടില്‍ അപ്പുവിന്റെ വില്ലീസ് ജീപ്പ് പള്ളിയ്ക്കവൈദ്യന്റെ വൈദ്യശാലയുടെ മുന്നിലെ കുഴികളില്‍ ചാടിയിറങ്ങി പൊടിപറപ്പിച്ച് പോയി.
മഴ മാറിനില്‍ക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ ഇരുട്ടില്‍ തിരിച്ചറിയത്തില്ലല്ലോ. നിറയെ കുഴികളായിരുന്നു റോഡില്‍. പക്ഷേ, ഞങ്ങള്‍ക്ക് കുഴികളെവിടെയെല്ലാം ഉണ്ടന്ന് അറിയാം. ചന്തക്കവല കഴിഞ്ഞ് ഇച്ചിരി മുമ്പോട്ട് ചെന്നപ്പോള്‍ കമ്പിപറമ്പിലെ ശിവരാമച്ചേട്ടനും ഉമാവിലാസത്തിലെ ശിവന്‍ചേട്ടനും വരുന്നത്. മിയ്ക്കവാറും കാക്കത്തോട് വാലകഴിഞ്ഞ് കാപ്പിപ്പൊടിക്കട നടത്തുന്ന ബേബിച്ചേട്ടന്റെ വീടിന്റെ ഭാഗത്തോ വാലേക്കാരുടെ വീടിന്റെ ഭാഗത്തോ വച്ചായിരിയ്ക്കും അവരെ കാണുന്നത്. ഇന്ന് ഞങ്ങള് താമസിച്ചു പോയിരുന്നല്ലോ.!

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാവാണ് ശിവരാമച്ചേട്ടന്‍.ശിവന്‍ചേട്ടനും യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതാവാണ്. ശിവരാമച്ചേട്ടന്‍ എന്നും തൂവെള്ള ഖദറിലായിരിയ്ക്കും. ഫുള്‍കൈ ഷര്‍ട്ട് ചുരുട്ടി മുട്ടിന് മുകളില്‍ ഭംഗിയായി വയ്ക്കും. കറുത്തിരുണ്ട് സമൃദ്ധിയായി വളരുന്ന നീണ്ടമുടികള്‍ ഭംഗിയായി ചീകിവച്ചിരിയ്ക്കും.നീളന്‍ മീശ മേല്‍ചുണ്ടിന്റെ വശങ്ങളിലൂടെ താഴോട്ട് ഒലിച്ചിറങ്ങുന്നുണ്ടാവും. ചിരിയ്ക്കുമ്പോള്‍ ഖദറിന്റെ വെണ്‍മയെ തോല്‍പിയ്ക്കുന്ന വെളുത്ത പല്ലുകള്‍ ചിരിയെ മനോഹരമാക്കുന്നു. ആശാനെ എന്നാണ് പ്രസന്നന്‍ ശിവരാമച്ചേട്ടനെ വിളിയ്ക്കുന്നത്.ആശാനെവിടെ പോയാലും ശിവന്‍ചേട്ടനും ഉണ്ടാകും.അത്രയ്ക്കും കൂട്ടാണ് അവര്‍.
” ആ..! ഇന്നെന്നാ താമസിച്ചെ രണ്ടുപേരും?” ആശാന്‍.
” ഒന്നുമില്ലാശാനെ, ചുമ്മാ.!” പ്രസന്നന്‍.
ശിവന്‍ചേട്ടന്‍ സൗമ്യനാണ്, ചെറിയ ചിരിയൊക്കെയേ ഉള്ളൂ. ഉറക്കെ വര്‍ത്താനം പറയുകപോലുമില്ല.

അന്ന് അധികസമയം വര്‍ത്താനം പറയാന്‍ ഞങ്ങള്‍ നിന്നില്ല.നടന്നു. കോട്ടയത്തേയ്ക്ക് ഉള്ള ലാസ്റ്റ് ബസ്സ് കോടന്‍കണ്ടത്ത് കാക്കത്തോട് വാലയിലെ ചപ്പാത്തിനിരുവശത്തുമുള്ള കുഴികളില്‍ ചാടിത്തുള്ളി കടന്നു പോയി.
”എടോ മറിയ വന്നിട്ട്..! ബാക്കി പറഞ്ഞേ.!”
” എടോ, മേലുമുഴുവന്‍ ചോരയായിരുന്നു. അമ്മയോട് ഞാന്‍ പഞ്ഞത് ആ ഒരു ചുവന്ന മരുന്നില്ലേ,അത് തെറിച്ചുവീണു എന്നായിരുന്നു. അമ്മ അത് വിശ്വസിച്ചു. അപ്പോഴാ മറിയ വരുന്നെ.
ഞാനിറങ്ങിവന്നപ്പോള്‍ അമ്മ, ഇതല്ലേ പ്രസന്നന്‍, നോക്ക്.!
അമ്മയെയും എന്നെയും മാറിമാറി നോക്കിയിട്ട് മറിയ. പ്രസന്നനപ്പോള്‍ ഒന്നും പറഞ്ഞില്ലേ?”
അമ്മയ്ക്ക് ഇപ്പോള്‍ അമ്പരപ്പായി.ഇതെന്നതാ സംഭവിച്ചെ.ഇവനിവിടെ ഉണ്ടുതാനും.അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല.
” എന്നതാടാ മറിയ പറയുന്നത്.! എനിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല.എന്നതാ മറിയേ.”
”മറിയ നടന്ന സംഭവം പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മ തിണ്ണേലിരുന്നു പോയി. കണ്ണുകള്‍ നിറഞ്ഞടോ. പിന്നെ എന്റെ അടുത്തുവന്ന് മുറിവൊക്കെ നോക്കി.”
” ആ കൊച്ചിനെന്നാ പറ്റീടാ?” അതെന്നെക്കുറിച്ചായിരുന്നു. ആ വാത്സല്യം എന്നെ പിന്നെയും വേദനിപ്പിച്ചു. എപ്പോഴും പുഞ്ചിരിയായിരിയ്ക്കും അമ്മയുടെ മുഖത്ത്. വാത്സല്യത്തോടെയേ എന്നെ നോക്കാറുള്ള.!
”അയാടെ മുട്ടെല്ലാം പൊട്ടിയാരുന്നു. അയാള് വേഗം പോയത് അതാ.
അത് കേട്ടുകൊണ്ടാണ് അച്ഛന്‍ ഉറക്കമുണര്‍ന്ന് പുറത്തേയ്ക്ക് വന്നത്. വിവരം അറിഞ്ഞപ്പോള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. ഇതും വച്ചോണ്ട് ഇന്ന് ഇനി കോളജില്‍ പോകണ്ട ബോസ്ചേട്ടന്റെ ക്ലിനിക്കില്‍ പോയി മരുന്ന് വാങ്ങാന്‍ പറഞ്ഞു.”

”എടോ, ഞാന്‍ വരുന്നില്ല,ആകെ പ്രശ്നമാകും, അമ്മയും കൊച്ചേച്ചിയും എന്നെ വഴക്ക് പറയും.” ഞാന്‍ നിന്നു.
”അത് സാരമില്ല.താന്‍ വാ.” മനസ്സില്ലാമനസ്സോടെ നടന്നു.
പ്രസന്നന്റെ വീട്ടിലത്തിയപ്പോള്‍ കൊച്ചേച്ചിയും അമ്മയും ഞങ്ങളെ നോക്കി തിണ്ണയിലിരിയ്ക്കുന്നു.രണ്ട് പേരുടെയും മുഖത്ത് സങ്കടം.കൊച്ചേച്ചിയുടെ വലതുകൈ കൊച്ചേച്ചിയുടെ കവിളില്‍വച്ച്‌.. ”എന്നാലും എന്റെ കുഞ്ഞേ ഇത് ഭയങ്കരമായിപ്പോയി. ഭാഗ്യത്തിന് ഇത്രേം അല്ലേ പറ്റിയുള്ളു.ഇങ്ങനത്തെ കുസൃതി ഒന്നും വേണ്ട കേട്ടോ.എന്നിട്ട് എന്നാ പറ്റിയെ.”
പൊട്ടിയ മുട്ട് കാണിച്ചപ്പോള്‍ അമ്മ വിഷമിയ്ക്കുന്നത് കണ്ടു.
”സാരമില്ല.ഇനി ഇങ്ങനൊന്നും ചെയ്യല്ലേ.” സ്നേഹം പുരണ്ട അമ്മയുടെ വാക്കുകളുടെ മുന്നില്‍ ഞാന്‍ വിതുമ്പിയോ.? കൊച്ചേച്ചീടെ സ്നേഹശാസനയില്‍ കുറ്റബോധം വര്‍ദ്ധിച്ചോ.?

ഞാന്‍ പത്താംക്ലാസ്സില്‍ ആയപ്പോഴാണ് ട്യൂഷന്‍ എടുക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് അമ്മ അന്വഷണം ആരംഭിച്ചത്. ഭവാനിച്ചേച്ചീടെ മകള്‍ വിജയമ്മ ഡിഗ്രി കഴിഞ്ഞെന്നും വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാറുണ്ടന്നും അമ്മ അറിയുന്നതും എന്നെ അവിടെ ആക്കിയതും.പ്രസന്നന്റെ വീട്ടിലത്തിയപ്പോള്‍, സ്നേഹത്തിന്റെ ഒരു വലിയ നിധികുംഭത്തിലേയ്ക്കാണ് വീണതെന്ന് ഞാന്‍ അറിഞ്ഞു.!

സ്നേഹസമ്പന്നയായിരുന്നു പ്രസന്നന്റെ അമ്മ. ദേഷ്യപ്പെടുകയോ ഉറക്കെ വര്‍ത്താനം പറയുകയോ പോലുമില്ല. എപ്പോഴും പ്രസന്നഭാവമായിരിയ്ക്കും. മക്കളേ..!എന്നേ മിയ്ക്കപ്പോഴും ശ്യാമളച്ചേച്ചിയെയും രാധാകൃഷ്ണന്‍ ചേട്ടനെയും കൊച്ചേച്ചിയെയും പ്രസന്നനെയും വിളിയ്ക്കുന്നത്. ആ വിളിയുടെ മാസ്മരികത ആര്‍ദ്രമാക്കിയിരുന്നു അവരുടെ മനസ്സിനെയും പ്രവര്‍ത്തികളെയും.

ഗോതമ്പിന്റെ നിറമായിരുന്നു അമ്മയ്ക്ക്. കറുത്തിരുണ്ട ചുരുണ്ടമുടിയിഴകളും ചന്ദനക്കുറിയും സിന്ദൂരപ്പൊട്ടും മഷിയെഴുതിയ കണ്ണുകളും ചെറുപുഞ്ചിരിയും വിനയപൂര്‍വ്വമുള്ള ഇടപെടലും എല്ലാം കുലീനത്വവും ആഢ്യത്വം നിറഞ്ഞതുമായിരുന്നു. വളരെ മനോഹരമായി ഈണത്തിലും താളത്തിലും തിരുവാതിര പാട്ടുകള്‍ പാടും. തിരുവാതിര കളിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യും. വീടിന്റെ വരാന്തയിലിരുന്ന് ചെറിയ ശബ്ദത്തില്‍ തിരുവാതിര പാട്ടുകള്‍ ഈണത്തില്‍ ചൊല്ലി ഹൃദിസ്ഥമാക്കാറുണ്ട്. വെളുത്ത മുണ്ടും വെളുത്തതോ ക്രീം നിറത്തിലുള്ള ബ്ലൗസ്സോ ആയിരുന്നു അധികവും ധരിയ്ക്കുന്നത്.

വളര സാധുപ്രകൃതക്കാരനായിരുന്നു പ്രസന്നന്റെ അച്ഛന്‍. അധികവര്‍ത്തമാനമൊന്നും പറയത്തില്ല, എന്നാല്‍ എല്ലാവരോടും ഇഷ്ടവുമാണ്. ഞാന്‍ വീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെങ്കിലും എല്ലാവരും കൂടി നിര്‍ബ്ബന്ധിപ്പിച്ച് എന്നെക്കൊണ്ട് അത്താഴം കഴിപ്പിയ്ക്കും.

ശ്യാമളച്ചേച്ചി അദ്ധ്യാപിക ആണ്. വിവാഹം കഴിഞ്ഞ് കൃഷ്ണന്‍കുട്ടിച്ചേട്ടനോടൊപ്പം മങ്ങാട്ടുമഠത്തില്‍ ആയിരുന്നതിനാല്‍ ഇടയ്ക്കൊക്കെയേ വീട്ടില്‍ വരാറുള്ളൂ. രാധാകൃഷ്ണന്‍ ചേട്ടന്‍ കല്ലാറ്റില്‍ രവിച്ചേട്ടനോടൊപ്പം മലഞ്ചരക്ക് ബിസിനസ്സ് ആയിരുന്നതിനാല്‍ ചേട്ടായിയും വല്ലപ്പോഴായിരിയ്ക്കും വരുന്നത്.

ട്യൂഷന്‍ കഴിഞ്ഞ് പിറ്റേദിവസം രാവിലെയാണ് ഞാന്‍ എന്റെ വീട്ടിലേയ്ക്ക് പോകുന്നത്. പ്രസന്നനും ഞാനും ഒന്നിച്ചാണ് ഉറക്കം. കോളജിലെ വിശേഷങ്ങളൊക്കെ അയാള്‍ എന്നും എന്നോട് പറയും. കലാപരിപാടികളിലൊക്കെ സജീവമായി പങ്കെടുക്കും.നല്ലപോലെ പഠിയ്ക്കുകയും ചെയ്യും. മോണോ ആക്ടിലും പ്രച്ഛന്നവേഷത്തിലും സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പാര്‍ലെ ബിസ്ക്കറ്റിന്റെ പരസ്യത്തിലെ മുയലിനെ അവതരിപ്പിച്ചതിന് പ്രച്ഛന്നവേഷത്തിന് ഒന്നാം സമ്മാനം കിട്ടി. ഞങ്ങള്‍ക്ക് പരിചയമുള്ള ചിലരുടെ കാര്‍ട്ടൂണുകള്‍ വരച്ച് കൊച്ചേച്ചിയെയും എന്നെയും കാണിയ്ക്കും.

വര്‍ത്താനം പറഞ്ഞ് ഞങ്ങള്‍ കിടക്കുന്നതിനിടയില്‍ അയാള്‍ ഉറങ്ങി. എനിയ്ക്ക് ഉറക്കം വരുന്നില്ല. ഉറക്കത്തിലെങ്ങാനും എന്റെ കൈയ്യോ കാലോ അയാളുടെ മുറിവിലെങ്ങാനും മുട്ടിയാലോന്ന് ഭയന്ന് ഞാന്‍ ഒതുങ്ങി കിടന്നു. അന്ന് എന്നതാ സംഭവിച്ചത്.?

കൊച്ചേച്ചി ഡിഗ്രി കഴിഞ്ഞ് എച്ച് ഡി സി യ്ക്ക് കോട്ടയത്ത് പഠിയ്ക്കുകയാണല്ലൊ.രാവിലെ ആറേകാലിന്റെ സെന്റ് മേരീസ് ബസ്സിനാണ് കൊച്ചേച്ചി കോട്ടയത്തിന് പോകുന്നത്. കൊച്ചേച്ചിയെ ബസ്സില്‍ കയറ്റി വിടാന്‍ ഞങ്ങള് രണ്ട് പേരും കൂടെ വഴിയില്‍ പോകും. പറമ്പിന്റെ അതിരിലൂടെയാണ് റോഡെങ്കിലും ചെറിയ ഇടവഴിയിലൂടെ വേണം റോഡിലേയ്ക്ക് ഇറങ്ങാന്‍. മിയ്ക്കപ്പോഴും ഇരുട്ടായിരിയ്ക്കും ആ സമയം. ബസ്സ് കയറാന്‍ നില്‍ക്കുന്നിടത്ത് ഒരു വലിയ പ്ലാവും അതിന്റെ ചുറ്റും കാടും ചേര്‍ന്ന് ഇരുട്ടിനെ ഒന്നുകൂടി കറുപ്പിച്ചിരുന്നു. ആള്‍സഞ്ചാരം ഒട്ടുമില്ലാത്ത സമയമായത്കൊണ്ട് കൊച്ചേച്ചിയ്ക്ക് പേടിയുണ്ട്.അതുകൊണ്ടാണ് ഞങ്ങള്‍ അകമ്പടി പോയിരുന്നത്.

കൊച്ചേച്ചി ബസ്സില്‍ കയറിയാല്‍ ഞങ്ങള്‍ ബസ്സിന്റെ പുറകിലെ ഗോവണിയില്‍ കയറും. ബസ്സ് സ്പീഡ് എടുക്കുമ്പോഴേയ്ക്കും താഴെ ഇറങ്ങും. രസകരമായി തോന്നിയ ഈ കലാപരിപാടി ഞങ്ങള്‍ രഹസ്യമായി നടത്തിപോന്നു.

ഒരു ദിവസം ഞാന്‍ അയാളോട് പറഞ്ഞു, ” എടോ, നമുക്ക് ബസ്സിന്റെ ഗോവണിയില്‍ കയറി കുറെ ദൂരം പോകാം.താന്നിപ്പടിയില്‍ ആരെങ്കിലും കാണും കയറാന്‍. വണ്ടി നിര്‍ത്തിയാല്‍ ഇറങ്ങാം”
” ആരും കയറാനില്ലങ്കിലോ.?” അയാള് ചോദിച്ചു.
”അരുവിക്കുഴിയില്‍ എന്നാ വന്നാലും ആള് കയറും,അവിടെ ഇറങ്ങാം.”
” ഇനി അവിടെയും ഇല്ലങ്കിലോ.” അയാള്‍ സംശയിച്ചു.
”അരുവിക്കുഴി കയറ്റം കയറുമ്പോള്‍ ചാടാം.” ഞാന്‍. ”ഇല്ലങ്കില്‍ ആനിയമ്മേടെ വീടിന്റെ മുന്നിലെ വലിയ വളവില്‍ സ്പീഡ് കുറയ്ക്കുമ്പോള്‍ ചാടാം. ഇടയ്ക്ക് ചാടിയേക്കരുത് കേട്ടോ.” എന്റെ പ്രലോഭനത്തില്‍ അയാള്‍ മനസ്സില്ലാമനസ്സോടെ വീണു.

പിറ്റേദിവസം കൊച്ചേച്ചി ബസ്സില്‍ കയറികഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ബസ്സിന്റെ ഗോവണിയില്‍ കയറി. വണ്ടി ഗീയര്‍ മാറി ഒന്ന്.., രണ്ട്.., മൂന്ന്.., വണ്ടി സ്പീഡെടുത്തപ്പോള്‍ ഭയമായെങ്കിലും ഗോവണിയില്‍ മുറുക്കെപിടിച്ചു നിന്നു. ഈ സമയം വണ്ടി മറിയയുടെ വീടിനുമുമ്പില്‍ എത്തി. നാലാമത്തെ ഗിയര്‍ മാറുന്നതിനു മുമ്പെ റോഡില്‍ ഉണങ്ങിയ പാള ഉരയുന്ന പോലത്തെ എന്തോ സാധനം റോഡില്‍ വീണ് വണ്ടിയുടെ പുറകെ നീന്തി വരുന്നത് അരണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു. അയാള്‍ ചാടിയതായിരുന്നു.! അയാള്‍ ചാടിയത് ഞാന്‍ അറിഞ്ഞില്ല.! ഞാന്‍ വിറച്ചുപോയി.! ദൈവമെ.! ഇതൊന്നും അറിയാതെ കൊച്ചേച്ചി വണ്ടിയില്‍.! അയാള്‍ ചാടുമെന്ന് ഞാന്‍ കരുതിയതേയില്ല.! എല്ലാ രസവും പോയി.!

കപ്പ പറിച്ച് വാട്ടുന്ന സീസണ്‍ ആയതുകൊണ്ട് തലേദിവസം മറിയയും ഔസേപ്പും മക്കളായ ഏലയും കുഞ്ഞും കപ്പ ചെത്തി വാട്ടാന്‍ പോയതിന്റെ കൂലിയായി കിട്ടിയ കപ്പ അരിഞ്ഞ് വാട്ടുന്നതും തണുപ്പകറ്റാന്‍ തീ കായുന്നതും അടുപ്പിലെ തീയുടെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. അവരുടെ മുന്നിലേയ്ക്കാണ് അയാള്‍ വീണത്.

താന്നിപ്പടിയില്‍ വണ്ടിയിലാരും കയറാനുണ്ടായിരുന്നില്ല. അവിടെയുള്ള കുഴികളില്‍ ചാടി ഉലഞ്ഞ് ബസ്സ് സ്പീഡെടുത്തു. ഈ കുഴിയിലൂടെ പോകുമ്പോഴെങ്കിലും പതുക്കെപോകാന്‍ മേലെ എന്ന് ഞാന്‍ ഓര്‍ത്തു. അരുവിക്കുഴിയിലിറങ്ങാം എന്ന് കരുതി ഗോവണിയില്‍ മുറുകെ പിടിച്ച് ഇരുന്നു. ആനിയമ്മയുടെ വീടിന്റെ മുന്നിലെ കൊടും വളവിലും റോഡില്‍ നിറയെ വലിയ കുഴികളാണ്. വളവില്‍ റോഡിലേയ്ക്ക് വേരുകള്‍ ഇറങ്ങി വലിയ ഒരു കപ്പലുമാവുണ്ട്. വീതികുറഞ്ഞ റോഡും വളവും കപ്പലുമാവും കാരണം വണ്ടികളെല്ലാം വേഗതകുറയ്ക്കും.

അരുവിക്കുഴി വരെ പോകണ്ടാ ഇവിടെ ചാടിയേക്കാം എന്ന് തീരുമാനിച്ചതിനു പിന്നില്‍ വണ്ടിയില്‍ നിന്നും ചാടിയ അയാള്‍ക്ക് എന്നാപറ്റി എന്ന ആകാംക്ഷയായിരുന്നു. ഞാന്‍ ചാടാനൊരുങ്ങുമ്പോള്‍ റോഡിനു താഴെ തോട്ടില്‍ ഒട്ടലുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനിപ്പുറത്ത് ഒരു കാല്‍ റോഡ് വക്കിലേയ്ക്കും ഒരു കാല്‍ റോഡിനു താഴെ തോട്ടുവക്കിലുമായി, ഇടതുകൈയില്‍ കമുകിന്റെ വാരികള്‍ കൊണ്ടുണ്ടാക്കിയ, കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ എല്ല് കൊണ്ട്പോകുന്ന വലിയ കുട്ടയും, വലതുകൈകൊണ്ട് ബീഡിയും വലിച്ച് ബസ്സിനു കടന്നു പോകാന്‍ വഴി ഒതുങ്ങി നില്‍ക്കുന്നു പത്രോസ്.! പത്രോസിനെ എനിയ്ക്ക് ഭയങ്കര പേടിയായിരുന്നു. കൊമ്പന്‍മീശയും ചുവന്ന കണ്ണുകളും തലേലെ തോര്‍ത്തുകൊണ്ടുള്ള വട്ടക്കെട്ടും പുറകില്‍ തിരുകിയ കഠാരയും ആകെകൂടി പേടിപ്പിയ്ക്കും.
കശാപ്പ്ശാലയില്‍ നിന്നും ചോര പുരണ്ട എല്ലിന്‍ കഷണങ്ങളും കൊണ്ട് പത്രോസ് പോകുന്നത് പേടിയോടെ ആണ് കണ്ടിരുന്നത്.

ബസ്സിന്റെ വേഗം അല്‍പം കുറഞ്ഞു.. ഞാന്‍ ചാടുമ്പോള്‍ വലിയ ഒരുകുഴിയില്‍ ചാടി ബസ്സ് ഉയര്‍ന്ന് താന്നു. ആ ഉലച്ചിലില്‍ എന്റെ ബാലന്‍സ് തെറ്റി മുട്ടിടിച്ച് റോഡിലെ കുഴിയിലേയ്ക്ക് കമിഴ്ന്ന് വീണു. വീണത് പത്രോസിന്റെ മുന്നിലേയ്ക്ക്.!

തികച്ചും അപ്രതീക്ഷിതമായി പത്രോസിന്റെ മുന്നിലേയ്ക്ക് എന്തോ ഒരു സാധനം വണ്ടിയില്‍ നിന്ന് തെറിച്ച് വീണതുകണ്ട് പത്രോസ് പേടിച്ചലറി തോട്ടിലേയ്ക്ക്.! കുട്ട ഒട്ടലിനിടയിലേയ്ക്ക് ഉരുണ്ടു.! കൊച്ചുവെളുപ്പാന്‍കാലത്ത് എന്നതാ സംഭവിച്ചതെന്നറിയാതെ പത്രോസ് തോട്ടില്‍നിന്ന് ഏറ്റുവരുകയാണ്.

ഗട്ടറില്‍ നിന്നും എണീറ്റപ്പോള്‍ മുട്ടിന് ഭയങ്കര വേദനയും പിടിത്തവും.മുട്ടിലേയ്ക്ക് നോക്കിയപ്പോള്‍ വലിയ വട്ടത്തില്‍ തൊലിപോയി വെളുത്തിരിയ്ക്കുന്നു. ചോര പൊടിയാന്‍ തുടങ്ങി. അപ്പോള്‍ തോട്ടില്‍ നിന്ന്, ” ആരടാ അത്.?”
തിരിഞ്ഞ് നോക്കാതെ ഓടി. പത്രോസ് പേടിച്ച് തോട്ടില്‍ വീണതോര്‍ത്തപ്പോള്‍ ഓട്ടത്തിനിടയിലും വേദനമറന്ന് ചിരിച്ചുപോയി.
” നില്‍ക്കടാ അവിടെ.!”പത്രോസ് പുറകെ.
മുടന്തിച്ചാടി ഓടുമ്പോള്‍ പത്രോസ് പുറകെ ഒച്ചയിട്ടോണ്ട് പാഞ്ഞുവരുന്നുണ്ടായിരുന്നു.

ദൂരെ, മറിയയുടെ വീടിനു മുന്നില്‍ എതിര്‍വശത്തായി ആരൊക്കെയോ നില്‍ക്കുന്നത് അവ്യക്തമായി കണ്ടു.അടുത്തെത്തിയപ്പോള്‍, റോഡിനുവേണ്ടി മണ്ണ്‌ എടുത്തപ്പോള്‍ ഉണ്ടായ വലിയ മതിലില്‍ ചാരി നില്‍ക്കുകയായിരുന്നു പ്രസന്നന്‍. അയാള്‍ക്ക് മുന്നില്‍ ഔസേപ്പ് പുതപ്പ് വാരിച്ചുറ്റി, കൈകള്‍ സ്വസ്തികാചിഹ്നം പോലെ തോളത്ത് വച്ച് നില്‍ക്കുന്നു. മറിയയും മക്കളായ ഏലയും കുഞ്ഞും അടുത്തുണ്ട്.

ഞാന്‍ വരുന്നത് കണ്ടപ്പോള്‍ എല്ലാവരും തിരിഞ്ഞ് നോക്കി. അയാളുടെ വെളുത്ത ഫുള്‍കൈ ഷര്‍ട്ടിലും മുണ്ടിലും എല്ലാം ചോര. അന്നേരവും പ്ലാസ്റ്റിക് തൊപ്പി അയാള്‍ വച്ചിട്ടുണ്ടായിരുന്നു. വണ്ടിയില്‍ നിന്നും ചാടിയപ്പോള്‍ തൊപ്പി റോഡില്‍ ഉരഞ്ഞതായിരുന്നു ആ സീല്‍ക്കാര ശബ്ദം.

ഇരുട്ട് മാറി വരുന്നതേയുള്ളു. തണുപ്പ് കൂടികൂടിയും വരുന്നു. പക്ഷേ രാവിലത്തെ വീഴ്ചയിലും ഓട്ടത്തിലും തുടര്‍ന്ന് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഓര്‍ത്തപ്പോള്‍ തണുപ്പ് തണുത്തില്ലാതായി.

” എന്നാ പറ്റീടോ..?” ഞാന്‍.
” കുറെ തൊലിപോയി.കാല് ഒക്കെ ഉരഞ്ഞടോ.” സങ്കടമായിരുന്നു ആ മറുപടിയില്‍.
” താന്‍ ചാടിയതെന്തിനാ.? ചാടരുതെന്ന് നേരത്തെ പറഞ്ഞതല്ലാരുന്നോ.?”
അയാള് ഒന്നും പറഞ്ഞില്ല. ഈ സമയം പത്രോസ് കിതച്ചെത്തി.

” ഇതെന്നാ കുഞ്ഞേ സംഭവം..! ഈ കൊച്ചേതാ.?” എന്നെനോക്കി പത്രോസ് കുഞ്ഞിനോട് ചോദിച്ചു. പത്രോസിന് ഒന്നും മനസ്സിലായില്ല.

” ഞങ്ങള്‍ കപ്പവാട്ടിക്കൊണ്ടിരുന്നപ്പോളാണ് സെന്റ് മേരീസ് ബസ്സ് പോകുന്നത്. ബസ്സ് പോയപുറകേ ഏതാണ്ടോ അലച്ചുകെട്ടി റോഡിലേയ്ക്ക് വീണ ഒച്ച കേട്ട് ഞങ്ങള്‍ പേടിച്ചുപോയി. ഞാന്‍ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഒരാള് റോഡില്‍ കമിഴ്ന്ന് കിടക്കുന്നു. പിടിച്ചേപ്പിച്ചപ്പോഴാ പ്രസന്നനാണന്ന് മനസ്സിലായത്.”

പ്രസന്നന്‍ പറഞ്ഞപ്രകാരം കുഞ്ഞ് ബാക്കി കാര്യങ്ങളെല്ലാം പത്രോസിനോട് പറഞ്ഞു.
” ഒരാളും കൂടി ആ വണ്ടിയുടെ ഗോവണിയില്‍ ഉണ്ടന്ന് പറഞ്ഞതുകൊണ്ട് ഞങ്ങള്‍ നോക്കിനില്‍ക്കുകയായിരുന്നു.”
”അങ്ങനെ വരട്ടെ.! എന്റെ കുഞ്ഞേ..ഞാന്‍ രാവിലെ ചന്തയ്ക്ക് പോരുവാരുന്നു.ആ വളവില്‍ വച്ച് ബസ്സിന്റെ പുറകില്‍ നിന്നും ഏതാണ്ടോ ഒരു സാധനം എന്റെ മുമ്പിലേയ്ക്ക് ചാടി. ഞാനങ്ങ് പേടിച്ചുപോയേ
ഓര്‍ക്കാപ്പുറത്താരുന്നല്ലോ! ചെറിയ ഇരുട്ടുകാരണം ഒന്നും പിടികിട്ടിയില്ല.. നോക്കിയപ്പോള്‍ ഒരു ചെറുക്കന്‍ റോഡില്‍ നിന്നും ഏറ്റോടുന്നു.നില്‍ക്കടാന്ന് പറഞ്ഞ് ഞാന്‍ പുറകേ ഓടിവരുവാരുന്നു.” പത്രോസ് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

പത്രോസ് ചിരിച്ചപ്പോള്‍ എനിയ്ക്ക് പത്രോസിനോടുള്ള പേടി പോയി. ഞങ്ങള്‍ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ നടന്ന സംഭവം ഇപ്പോള്‍ വീട്ടില്‍ പറയണ്ട വേറെ എന്തെങ്കിലും പറയാം എന്ന് തീരുമാനിച്ചു. ഇടവഴി കയറുമ്പോള്‍ ഞാന്‍ കാരണമാണല്ലോ ഇയാള്‍ക്ക് ഈ അപകടം ഉണ്ടായതെന്നോര്‍ത്ത് കുറ്റബോധം തോന്നി.വീട്ടിലെത്തിയ ഉടനെ പുസ്തകങ്ങളും എടുത്ത് ഞാന്‍ എന്റെ വീട്ടിലേയ്ക്ക് മുടന്തിമുടന്തി നടന്നു..!

×