നീ പ്രതിയല്ല.., ആൽക്കമിസ്റ്റാണ്… (വായനാദിന കഥ)

സത്യം ഡെസ്ക്
Saturday, June 19, 2021

-ഗിന്നസ് സത്താർ

പ്രതിയെ കിട്ടിയ വിവരം സ്റ്റേഷനിൽ നിന്ന് അറിയിപ്പ് കിട്ടിയ ഉടനെ നാണു മാഷ് പോകാൻ ഒരുങ്ങി.

അച്ഛൻ ഈ വയസ്സുകാലത്ത് എന്തിനാ സ്റ്റേഷനിലേക്ക് പോകുന്നത്? ഞങ്ങൾ പോകാം എന്നൊക്കെ മക്കൾ പറഞ്ഞു നോക്കിയേങ്കിലും മാഷ് ഒരു പൊടിക്ക് സമ്മതിച്ചില്ല.

സ്റ്റേഷനിൽ ചെന്നപ്പോൾ പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി. ഒരു ചെറിയ പയ്യൻ. പത്ത് പതിനാല് വയസ്സ് കാണും.

പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ പതുങ്ങി നിൽക്കുന്ന അവനെ കണ്ടമാത്രയിൽ മാഷിനോട് മക്കൾ പറഞ്ഞു. “ഇത് നമ്മുടെ വടക്കേലെ നാരായണിയുടെ മോനാണല്ലോ?, കിണറ്റിൽ വീണു മരിച്ച വാസുവിന്റെ..”

മാഷ് അവനെ തന്നെ നോക്കി നിൽക്കുമ്പോൾ എസ്. ഐ. മാഷേ വിളിച്ച് വിവരങ്ങൾ പറഞ്ഞു.

“സാധനം കാണാതായ നേരത്ത് ഇവൻ അതിലെ പോയതായി ഒരു വിവരം കിട്ടി. ചോദിച്ചപ്പോൾ അവൻ കുറ്റം സമ്മതിച്ചു.”

ചെക്കൻ വാസുവിനെ പോലെ തന്നെയാണ്. മെല്ലിച്ച് നീളത്തിൽ. ഒരു കള്ളനാണെന്ന് അവനെ കണ്ടാൽ ആരും പറയില്ല. നല്ല മുഖ ശ്രീത്വമുള്ള ഒരു കുട്ടി.

“നാരായണിയുടെ മോനാണല്ലേ? “മാഷ് ചോദിച്ചു.

അവൻ മുഖം കുനിച്ചു നിന്ന് തലയാട്ടി.

“നിന്റെ പേരെന്താ?” മാഷ് അവനെ അടിമുടി നോക്കി.

“ദീപക്.” അവൻ വിക്കിവിക്കി കൊണ്ട് പറഞ്ഞു.

“പരിചയത്തിലുള്ള പയ്യനാണല്ലേ? ഒന്ന് ഉപദേശിച്ചു വിട്ടാൽ പോരെ ” എസ്ഐ മാഷിനോട് ചോദിച്ചു.

“തൊണ്ടിമുതല്? ” ഗൗരവം വിടാതെ മാഷ് ചോദിച്ചു.

“വീട്ടിൽ ഉണ്ടെന്നാണ് പറഞ്ഞത്. വേറൊന്നും പോയിട്ടില്ലല്ലോ?”

“എസ്.ഐയും നല്ല ഗൗരവത്തിന് കുറവുവരുത്തിയില്ല.

” ഇല്ല, ഞാൻ ഒന്നു മൂത്രമൊഴിക്കാൻ പോയതാണ്.തിരിച്ചുവന്നപ്പോൾ തിണ്ണയിൽ സാധനം ഇല്ല.” മാഷ് സംഭവം വിവരിച്ചു.

:”തൊണ്ടിമുതൽ എടു പ്പിക്കാം. ഒരു കുട്ടി അല്ലേ മാഷേ? ഒന്നു വിരട്ടി വിട്ടാൽ പോരെ? ” എസ് ഐ മാഷിന്റെ മനോഗതം അറിയാനായി ആ മുഖത്തേക്ക് തന്നെ നോക്കി.

പക്ഷേ മാഷ് വഴങ്ങാൻ കൂട്ടാക്കിയില്ല. കർക്കശമായി നിലപാട് പറഞ്ഞു. “പോര കട്ടെടുത്ത മുതല് എന്റെ വീട്ടിൽ കൊണ്ടുവന്നു തരണം. കൂടെ സാറും വരണം. ”

മാഷ്പറഞ്ഞതിനോട് വിയോജിപ്പുണ്ടായിരുന്നു എങ്കിലും എസ്.ഐയ്ക്ക് അത്അംഗീകരിക്കേണ്ടി വന്നു.

മാഷ് വീട്ടിലെത്തി കുറച്ചു കഴിയുമ്പോഴേക്കും പോലീസ് ജീപ്പ് കള്ളനെയുമായി എത്തി.

അതിനു പിന്നാലെ അലമുറയിട്ട് നാരായണിയും പിന്നെ ഒരു പൂരത്തിനുള്ള നാട്ടുകാരും.

നാരായണി മകനെ പണ്ടാറടങ്ങി കൊണ്ടിരുന്നു. പോലീസ് ജീപ്പിൽ നിന്നിറങ്ങിയ പയ്യൻ ആലില പോലെ വിറക്കുന്നുമുണ്ടായിരുന്നു.

എസ്. ഐ അവനെ മാഷിന്റെ മുന്നിൽ നിർത്തി. അവനെ കൊണ്ട് തന്നെ തൊണ്ടിമുതൽ മാഷിന്റെ കയ്യിൽ കൊടു പ്പിച്ച് എസ്.ഐ ചോദിച്ചു. “മാഷേ ഇതുതന്നെയല്ലേ പുസ്തകം? ”

“അതെ, ആൽക്കമിസ്റ്റ്. ഇതുതന്നെ.”

പിന്നെ മാഷ് അവനോടായി ഒരു ചോദ്യം ചോദിച്ചു. ” നീ ഇത് വായിച്ചോ? ”

“തീർന്നിട്ടില്ല. കുറച്ചു കൂടി ബാക്കിയുണ്ട്.” അവൻ തലതാഴ്ത്തികൊണ്ട് തന്നെ നിന്നു.

“നീ വായിക്കാൻ വേണ്ടിയാണോ ഇത് എടുത്തത്? ” മാഷ് അവന്റെ ചുമലിൽ കൈവച്ചു.

“ആ…” അവൻ ചുണ്ടനക്കി.

“വായിക്കാൻ അത്രയ്ക്ക് ഇഷ്ടമാണോ? മാഷ് അവന്റെ മുഖമുയർത്തി.

അവൻ തലയാട്ടി.

മാഷ് അവന്റെ കൈപിടിച്ച് വീടിന്റെ ഉള്ളിലേക്ക് നടന്നു.

എസ് ഐ യും പിന്നാലെ നാരായണിയും പിന്നെ നാട്ടുകാരും അവരെ പിന്തുടർന്നു.

വീട്ടിലെ വിശാലമായ ലൈബ്രറിയുടെ മുന്നിലാണ് മാഷ് ചെന്നുനിന്നത്.

ഷെൽഫു കളിൽ നിരനിരയായി ഇരിക്കുന്ന പുസ്തകങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മാഷ് അവനോട് പറഞ്ഞു. “ഇതെല്ലാം നിനക്കുള്ളതാണ്. ഇവിടെ ഇതു വായിക്കാനായി ആരുമില്ല. എന്റെ മക്കൾക്ക് ഇതൊന്നും വേണ്ട. ”

സങ്കടവും സന്തോഷവും ഒക്കെ അണപൊട്ടിയപ്പോൾ അവൻ വിളിച്ചു.” മാഷേ.. ”

അപ്പോൾ മാഷ് അവനെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. “നീ പ്രതിയല്ല., ആൽക്കമിസ്റ്റാണ്… “

×