കൊല്ലം: തെരുവുനായ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കളക്ടറുടെ ചേമ്പറിൽ ജില്ലാതല മീറ്റിംഗ് നടന്നു. തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി അവയുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഹോട്ട് സ്‌പോട്ട് രജിസ്റ്റര്‍ തയാറാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശിച്ചു.
നിലവിലുള്ള ഹോട്ട് സ്‌പോട്ടുകള്‍ക്ക് പുറമെയാണ് ഇത്തരം സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കേണ്ടതെന്ന് ചേംബറില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ കലകട്ര്‍ വ്യക്തമാക്കി. ഇതുവരെ 19 പ്രദേശങ്ങളാണ് തെരുവുനായകളുടെ എണ്ണത്തില്‍ മുന്നിലുള്ളതെന്ന് കണ്ടെത്തിയത്. സമാന കേന്ദ്രങ്ങളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. അവ പ്രതിമാസം പുതുക്കുകയും വേണം.
വന്ധ്യംകരിക്കുന്ന നായകളുടെ തുടര്‍പരിചരണം ഉറപ്പാക്കാന്‍ പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. ഇതിന് സൗകര്യമുള്ള പ്രദേശങ്ങളുടെ പട്ടികയും തയ്യാറാക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. പരിപാലന കേന്ദ്രങ്ങള്‍ക്കായി ജനവാസമില്ലാത്ത മേഖലകള്‍ കണ്ടെത്തുകയാണ് ഉചിതം. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ജില്ലാതല സമിതിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്.
ജില്ലയില്‍ ഇതുവരെ 642 തെരുവുനായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കിയെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി വ്യക്തമാക്കി. കൂടുതല്‍ നായപിടുത്തക്കാരെ നിയോഗിക്കാനും പരിശീലനം നല്‍കാനും നടപടിയെടുക്കുമെന്നും വ്യക്തമാക്കി. നായ്ക്കളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് വ്യക്തമാക്കിയ ജില്ലാ കലക്ടര്‍ വിവിധ സംഘടനകളുടെ സഹകരണം ഉറപ്പാക്കുമെന്നും അറിയിച്ചു.