താൻ ജീവിക്കുന്ന സമൂഹത്തെക്കരുതിയുള്ള ദുഖവും ആശങ്കയും രോഷവും അനുതാപവും എല്ലാംചേർന്ന അപൂർവ്വമായൊരു കാവ്യലോകം മലയാളത്തിനു സമ്മാനിച്ച കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചർ. സ്നേഹവും അനുകമ്പയും നിറഞ്ഞ ആ കവിതകൾ മലയാളമുള്ളിടത്തോളം വായിക്കപ്പെടുമെന്നതിൽ സംശയമില്ല.
ചുറ്റിലും താൻ കണ്ട മനുഷ്യവ്യഥകൾ, കവിതകൾക്കായി ഉപയോഗിക്കുക മാത്രമല്ല, മറിച്ച് 'അഭയ' പോലെ നിരാശ്രയരായ മനുഷ്യർക്കുള്ള അഭയകേന്ദ്രങ്ങൾ ഒരുക്കുകകൂടി ചെയ്തു അവർ.
ഒപ്പം അട്ടപ്പാടിയിലും സൈലന്റ് വാലിയിലുമൊക്കെ പരിസ്ഥിതി സമരങ്ങളുമായി മുന്നിട്ടിറങ്ങുവാൻ ടീച്ചർക്ക് ഒട്ടും മടിയുണ്ടായില്ല.
2001 ൽ 'സാന്ത്വനം കുവൈറ്റ്' രൂപം കൊണ്ട നാൾ മുതൽ 'അഭയ' യും അതിന്റെ സാരഥിയായ സുഗതകുമാരി ടീച്ചറും സാന്ത്വനത്തിന്റെ മനുഷ്യസേവന യജ്ഞങ്ങളിൽ സജീവമായി ബന്ധപ്പെട്ടുപോരുന്നുണ്ട്. "സാന്ത്വനം അനേകം ദുഖിതർക്കെന്നപോലെ അഭയയിലെ ഞങ്ങൾക്കും സൗഹൃദവും സാന്ത്വനവുമാണു"- 2010 ൽ സാന്ത്വനത്തിനയച്ച ആശംസാ സന്ദേശത്തിൽ സുഗതകുമാരി ടീച്ചർ എഴുതി.
സുഗതകുമാരി ടീച്ചറുടെ വേർപാട് മലയാളത്തിനു തീരാനഷ്ടമാണു. ഒപ്പം സാന്ത്വനം കുവൈറ്റ് നും ഏറെപ്രിയപ്പെട്ട ഒരഭ്യുദയകാംക്ഷിയെയാണു നഷ്ടമായിരിക്കുന്നത്. ടീച്ചറുടെ വിയോഗത്തിൽ 'സാന്ത്വനം കുവൈറ്റ്' അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.